ജയ്‌പൂർ: അമ്മയുടെ സർക്കാർ ജോലിയും 140 കോടിയുടെ കുടുംബ സ്വത്തും തട്ടിയെടുക്കാൻ 23 വയസ്സുകാരിയായ നിയമവിദ്യാർത്ഥിനി ആസൂത്രണംചെയ്ത് നടപ്പിലാക്കിയ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജയ്‌പൂർ കോടതിയിലെ ജീവനക്കാരിയായ നീരജ് ശർമ്മയെ (45) ആണ് മകൾ ആയുഷി ശർമ്മ കൊലപ്പെടുത്തിയത്. ഏഴ് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഈ കേസിന്റെ അന്വേഷണമാണ് ഇപ്പോൾ പിതാവിന്റെ കൊലപാതകത്തിനു പിന്നിലും യുവതിതന്നെയാണെന്ന സംശയത്തിലേക്ക് നയിച്ചിരിക്കുന്നത്.
സാധാരണ അപകട മരണമെന്ന് തോന്നിക്കുന്ന രീതിയിലായിലായിരുന്നു കൊലപാതകം. ഏഴ് ലക്ഷം രൂപയ്ക്ക് നൽകിയ കൊട്ടേഷനിൽ ഒരിടത്തും പാളിച്ച സംഭവിക്കില്ലെന്നായിരുന്നു ആയൂഷി കരുതിയിരുന്നത്. എന്നാൽ, പോലീസിന്റെ കൃത്യമായ അന്വേഷണവും ബന്ധുക്കളുടെ സംശയവും ക്രൂരതയുടെ ചുരുളഴിക്കുകയായിരുന്നു. ആയുഷിയെ കൂടാതെ മറ്റ് ആറുപേരും ഈ കൊലപാതക കേസിൽ പിടിയിലായിട്ടുണ്ട്.
അമ്മയോടുള്ള വിദ്വേഷം
ഏകദേശം ഒരുവർഷം മുമ്പ് ഭർത്താവ് വിജയ് കുമാർ ശർമ മരണപ്പെട്ടതിനെത്തുടർന്നാണ് ആശ്രിത നിയമന പ്രകാരം നീരജിന് കോടതിയിൽ ജോലി ലഭിക്കുന്നത്. എന്നാൽ, എൽഎൽബി അവസാന വർഷ വിദ്യാർത്ഥിനിയായ ആയുഷിക്ക് ഈ ജോലി തനിക്ക് വേണമെന്നായിരുന്നു വാശി. അമ്മകാരണം തന്റെ ഭാവി തകർന്നുവെന്ന് വിശ്വസിച്ച ആയുഷി, അമ്മയെ ഇല്ലാതാക്കിയാൽ ജോലിക്ക് പുറമെ കോടികളുടെ സ്വത്തും കൈക്കലാക്കാമെന്ന് കണക്കുകൂട്ടി. ഭിന്നശേഷിക്കാരനായ സഹോദരന് ലഭിക്കുന്ന അത്രയും സ്‌നേഹം തനിക്ക് ലഭിക്കുന്നില്ലെന്ന തോന്നലും വിദ്വേഷത്തിന് ഇടയാക്കി. തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
അപകടമെന്ന് തോന്നിപ്പിച്ച കൊലപാതകം
തികച്ചും സാധാരണമായ റോഡപകടം എന്ന് വരുത്തിതീർക്കാൻ ബന്ധുക്കളായ മോഹൻ സ്വരൂപ്, ബൽറാം എന്നിവരുമായി ചേർന്ന് മൂന്ന് മാസത്തോളമാണ് ആയുഷി ഗൂഢാലോചന നടത്തിയത്. ഭരത്പുർ സ്വദേശിയായ ഹേമന്ത് ശർമ്മയ്ക്കായിരുന്നു ഏഴുലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയത്.
ജൂലൈ മൂന്നിന് വൈകുന്നേരം നീരജ് ശർമ ഭിന്നശേഷിക്കാരനായ മകനെ കോച്ചിങ് ക്ലാസിൽ വിട്ട് സ്കൂട്ടറിൽ മടങ്ങുമ്പോൾ പ്രതികൾ സഞ്ചരിച്ച സ്കോർപിയോ കാർ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ഓടിച്ച് നീരജിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 100 അടി ദൂരേക്ക് തെറിച്ചുവീണ നീരജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ശേഷം പ്രതികൾ ഇവിടെനിന്ന് കടന്നു കളയുകയായിരുന്നു.
പിതാവിന്റെ മരണത്തിലും ട്വിസ്റ്റ്
അമ്മയുടെ കൊലപാതകത്തിൽ ആയുഷി അറസ്റ്റിലായതോടെയാണ് പിതാവ് വിജയ് ശർമയുടെ മരണത്തിലും ട്വിസ്റ്റുണ്ടാകുന്നത്. 2025 ഏപ്രിലിൽ പക്ഷാഘാതം വന്ന് കിടപ്പിലായ പിതാവിനെ ആയുഷിയും ബന്ധു ബൽറാമും ചേർന്ന് ആരുമറിയാതെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ നില വഷളാകുകയും മൾട്ടിപ്പിൾ ഓർഗൻ ഫെയ്‌ലിയർ സംഭവിച്ച ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.
വീട്ടിൽവെച്ച് ആയുഷി അച്ഛന് ആഹാരം നൽകിയിരുന്ന ഫീഡിങ് ട്യൂബ് മനഃപൂർവ്വം ഊരിമാറ്റുകയും, ഭക്ഷണം കിട്ടാതെ അദ്ദേഹം ദാരുണമായി മരണപ്പെടുകയുമായിരുന്നു എന്നാണ് അമ്മയുടെ സഹോദരനായ രാകേഷ് ശർമ്മ ഇപ്പോൾ പോലീസിൽ നൽകിയിരിക്കുന്ന പരാതി. ‘ഫീഡിങ് ട്യൂബ് മാറ്റി അച്ഛനെ കൊല്ലാൻ കഴിയുമെങ്കിൽ അമ്മയെ കൊല്ലുന്നത് അതിലും എളുപ്പമാണ്’ എന്ന് മാതാവിനെ ആയുഷി ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. തനിക്ക് ഇനി രണ്ട് ദിവസത്തെ ആയുസ്സ് മാത്രമേ ബാക്കിയുള്ളൂ എന്ന് സൂചിപ്പിക്കുന്ന ഒരു വാട്‌സാപ്പ് സ്റ്റാറ്റസ് നീരജ് ശർമ്മ മരണത്തിന് മുൻപ് പങ്കുവെച്ചിരുന്നു.
അന്വേഷണം ശക്തമാക്കി പോലീസ്
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് അപകടത്തിന് പിന്നിലെ ഗൂഢാലോചന പോലീസ് കണ്ടെത്തിയത്. കേസിൽ ആയുഷി ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന സൂത്രധാരനായ ബൽറാം നിലവിൽ ഒളിവിലാണ്.
ആയുഷിക്ക് നിയമപരമായ അറിവുള്ളതിനാൽ ചോദ്യംചെയ്യലിന് മനഃശാസ്ത്രജ്ഞരുടെ സഹായം തേടുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ രഞ്ജിത ശർമ അറിയിച്ചു. പിതാവിന്റെ മരണത്തെക്കുറിച്ചുള്ള പുതിയ ആരോപണങ്ങളും പ്രത്യേക കേസായി പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: 23-year-old law student orchestrated her mother's death for a government job., Property worth 140 crores was the primary motive for the crime., Police investigation links the daughter to her father's suspicious death in 2025., Feeding tube was intentionally removed to cause the father's death., Seven suspects arrested; conspiracy involved live location tracking and staged accidents.
Published: 11 Jul 2026, 07:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented