
ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത് റിമാന്‍ഡിലായിരുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടു. നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇയാളെ ക്രൈംബ്രാഞ്ചിനു കൈമാറിയത്. സെബാസ്റ്റ്യനെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാത്രി ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വീണ്ടും ഇയാളെ പള്ളിപ്പുറത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും.
ജെയ്നമ്മയുടെ മൊബൈല്‍ ഫോണും, സ്വര്‍ണ്ണവും വസ്ത്രങ്ങളുമെല്ലാം കണ്ടെത്താനുമുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് സംഘമാണ് തിരോധാനം അന്വേഷിക്കുന്നത്. ഡിസംബര്‍ 23-നു തന്നെ ജെയ്നമ്മ കൊല്ലപ്പെട്ടെന്നെ വിലയിരുത്തലിലാണ് അന്വേഷണ സംഘം. അടുത്ത ആഴ്ചയോടെ ലഭിച്ച ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം വരുന്നതോടെ ഇതിലെല്ലാം വ്യക്തതവരുകയുള്ളൂവെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
ഐഷയ്ക്കും ബിന്ദുവിനും ക്യാപ്പിട്ട പല്ലുണ്ടായിരുന്നതായി കണ്ടെത്തല്‍
ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെ തിരോധാന അന്വേഷണത്തില്‍ മുഖ്യപ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളില്‍ കൂടുതല്‍ അന്വേഷണം. ഇതു ജൈനമ്മയുടേതാണെന്ന നിഗമനത്തിലാണ് തുടരന്വേഷണം. പരിശോധനയില്‍ ജൈനമ്മയുടേതല്ലെന്നു കണ്ടെത്തിയാല്‍ ഇതേ വീട്ടുവളപ്പില്‍ത്തന്നെ അവശിഷ്ടങ്ങളുണ്ടാകുമെന്ന ഉറപ്പിലാണ് സംഘം. തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇതിനൊപ്പം ക്യാപ്പിട്ട പല്ലും ഉണ്ടായിരുന്നു. ചേര്‍ത്തലയില്‍നിന്നു കാണാതായ ഐഷയ്ക്കും ഇത്തരത്തില്‍ പല്ലുണ്ടായിരുന്നതായി ജില്ലാ ക്രൈംബ്രാഞ്ച് സംഘവും ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ ബിന്ദുപത്മനാഭനും പല്ലില്‍ ക്യാപ്പിട്ടിരുന്നതായ സൂചനയും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ജൈനമ്മയ്ക്കു പുറമേ ബിന്ദുപത്മനാഭനും ഐഷയും കൊലചെയ്യപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഇവരുമായി ബന്ധപ്പെട്ടും ഡിഎന്‍എ പരിശോധനയ്ക്കുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
സെബാസ്റ്റ്യന്‍ വിവാഹം കഴിക്കാന്‍ സമീപിച്ചിരുന്നതായി ചേര്‍ത്തല സ്വദേശിനി റോസമ്മ
ഒറ്റയ്ക്കു താമസിക്കുന്ന തന്നെയും വിവാഹംകഴിക്കാന്‍ വസ്തു ഇടനിലക്കാരന്‍ സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നതായ വെളിപ്പെടുത്തലുമായി ചേര്‍ത്തല നഗരസഭ ശാസ്താംകവല സ്വദേശിനി റോസമ്മ. തന്റെ അയല്‍വാസിയായിരുന്ന ഐഷയുടെ തിരോധാനത്തിനു പിന്നില്‍ ഇയാള്‍ തന്നെയാണെന്നും അവര്‍ പറയുന്നു. തന്റെ സ്വത്ത് ലക്ഷ്യമിട്ടാണ് വസ്തുവില്‍പ്പനയുടെ കാര്യംപറഞ്ഞ് ഇയാള്‍ അടുത്തുകൂടി വിവാഹാലോചന നടത്തിയത്. ബന്ധുക്കളെ വിവരം അറിയിക്കുമെന്നു പറഞ്ഞശേഷം ഇയാള്‍ പിന്നീടെത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കാണാതായ ഐഷയുടെ സമീപവാസിയാണ് റോസമ്മ. അയല്‍വാസിയെന്ന നിലയില്‍ ഐഷയുമായി നല്ല ബന്ധത്തിലായിരുന്നു. ഇവരെയും സെബാസ്റ്റ്യന്‍ വസ്തുവില്‍പ്പനയുടെ പേരില്‍ അടുത്തുകൂടി കബളിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ട്. കാണാതാകുന്ന കാലത്ത് ഐഷയും സെബാസ്റ്റ്യനും അടുത്ത ബന്ധത്തിലായിരുന്നു. സ്ഥലം വാങ്ങാനായി കരുതിവെച്ചിരുന്ന പണമടക്കം ഇവരുടെ കൈവശമുണ്ടായിരുന്നതായും ഇതു സെബാസ്റ്റ്യന്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് റോസമ്മ പറയുന്നത്. ഐഷയെ കാണാതായശേഷം പലപ്പോഴായി ഇവരുടെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്ക് കോളുകള്‍ വന്നുകൊണ്ടിരുന്നു. ഫോണെടുത്താല്‍ മറുപടിയുണ്ടാകാറില്ലെന്നും തിരിച്ചുവിളിച്ചാല്‍ എടുക്കാറില്ലെന്നും ഇവര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഇതെല്ലാം അക്കാലത്ത് അന്വേഷണം നടത്തിയ പോലീസിനോടു പറഞ്ഞിരുന്നെങ്കിലും അവര്‍ അവഗണിച്ചതായാണ്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് റോസമ്മയില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവരും ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
Content Highlights: jainamma murder case sebastian in crime branch custody
Published: 02 Aug 2025, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented