ഉപ്പുതറ(ഇടുക്കി): മകൾ നൽകിയ പോക്സോ പരാതിയിൽ അറസ്റ്റിലായ അച്ഛൻ ജയിലിൽ കഴിഞ്ഞത് 18 മാസം. ഒടുവിൽ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകാതെ വന്നതോടെ കോടതി പിതാവിനെ വിട്ടയച്ചു. എന്നാൽ, ഒരുതെറ്റും ചെയ്യാത്ത ഗോത്രവർഗ വിഭാഗക്കാരനായ ആ പിതാവ് ജയിലറയിലെ തണുപ്പിൽകിടന്ന് തിന്ന നോവിന് ആര് ഉത്തരം പറയും. അഴിക്കപ്പുറം കുടുങ്ങിപ്പോയ 18 മാസം ആര്‌ തിരിച്ചുകൊടുക്കും. സ്കൂളിൽപോലും പോകാനാകാതെ നെഞ്ചുനീറി വീട്ടിലിരിക്കേണ്ടിവന്ന ഒരു കുഞ്ഞുമകന്റെ വേദന ആ അച്ഛൻ എങ്ങനെ പരിഹരിക്കും. എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ ഒഴുക്കിയ കണ്ണീരിന്റെ വില ആരുനൽകും.

To advertise here,

കോടതിയിൽനിന്ന് നീതി കിട്ടിയെങ്കിലും പണി തീരാത്ത ആ വീട്ടിൽ താമസിക്കുന്ന മൂന്ന് മനുഷ്യരുടെ മനസ്സിലെ വേദന ഒരുതരി പോലും അണഞ്ഞിട്ടില്ല. പ്രിയപ്പെട്ട മകളെ ഓർത്ത് അവർ നീറിനീറി ജീവിക്കുന്നു.

ശകാരിച്ചതിലെ വിരോധം

‘അച്ഛനോടായിരുന്നു അവൾക്ക് ഏറെ ഇഷ്ടം. തിരിച്ചും അങ്ങിനെ തന്നെ. എന്നിട്ടും...- അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണിൽനിന്ന് അണമുറിയാതെ കണ്ണീരൊഴുകി. വിങ്ങലടക്കാൻ ശ്രമിച്ചപ്പോൾ വാക്കുകൾ മുറിഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടി, സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആളുമായി പ്രണയത്തിലായെന്നും ചാറ്റിങ് നടത്തുന്നുവെന്നും അച്ഛൻ കണ്ടെത്തിയത് അവിചാരിതമായായിരുന്നു. മകൾക്ക് അപായമൊന്നും സംഭവിക്കാതിരിക്കാനാണ് ശകാരിച്ചത്. അത് ഇത്രവലിയ പ്രശ്നമുണ്ടാക്കുമെന്ന് കരുതിയില്ലെന്ന് അമ്മ പറയുന്നു. കുട്ടിയെ അച്ഛൻ പീഡിപ്പിക്കുന്നു എന്ന് കാമുകനാണ് പോലീസിൽ വിളിച്ചുപറഞ്ഞത്. ഉടൻതന്നെ പോലീസ് അറസ്റ്റിലേക്ക് നീങ്ങി. മകളുടെ മൊഴിയെടുത്തതുപോലും പിന്നീടാണ്.

മകനേ... മാപ്പ്!

ജയിലിൽ കിടക്കുമ്പോഴും തനിക്കെതിരേ മകൾ മൊഴി നൽകിയെന്ന കാര്യം വിശ്വസിക്കാൻ അച്ഛന് കഴിഞ്ഞില്ല. പുറത്തുള്ളവരുടെ ജീവിതം അതിലും ദുഷ്കരമായിരുന്നു. നന്നായി പഠിച്ചുകൊണ്ടിരുന്ന ഇളയ മകൻ സ്കൂളിൽ പോകുന്നത് നിർത്തി. അത്രയ്ക്കുണ്ടായിരുന്നു പലരുടെയും പരിഹാസം. പത്താംക്ലാസിൽ പരീക്ഷ എഴുതാൻ പോയി. തീരാവേദനയിലും അവൻ നല്ല വിജയംനേടി. എന്നിട്ടും പ്ലസ് വണ്ണിന് ചേർന്നില്ല. പണിതീരാത്ത വീടിനുള്ളിൽ ഒതുങ്ങിക്കൂടും. അമ്മ കൂലിപ്പണിക്ക് പോകുമ്പോൾ ചിത്രങ്ങൾ വരച്ച് സമയം തള്ളിനീക്കും.

മകളല്ലേ... നല്ലതേ വരാവൂ

‘ചെറുപ്പംമുതൽ ഹോസ്റ്റലിൽനിന്നാണ് അവൾ പഠിച്ചത്. അവധിക്ക് ഏതാനുംദിവസം മാത്രമാണ് വീട്ടിലുണ്ടാകുന്നത്. അപ്പോഴൊക്കെ വീട്ടിൽ എല്ലാവരും ഉണ്ടാകും. പിന്നെങ്ങനെ മകൾ പറയുന്നത് വിശ്വസിക്കും,- അമ്മ ചോദിക്കുന്നു. കാമുകനും വീട്ടുകാരുമാണ് കുട്ടിയെക്കൊണ്ട് പരാതി നൽകിച്ചതെന്ന് ഇവർ ഉറച്ചുവിശ്വസിക്കുന്നു. പ്രായപൂർത്തിയായപ്പോൾ കാമുകനൊപ്പം പെൺകുട്ടി വീടുവിട്ടുപോയി. ആരോപണങ്ങളെല്ലാം കോടതിയിൽ തകർന്നുവീണു. ഒടുവിൽ അച്ഛൻ സ്വതന്ത്രനായി. ‘പൊന്നുപോലെ വളർത്തിയ മോളാണ്. പരാതിയില്ല. അവൾ നന്നായി ജീവിക്കുന്നതുകണ്ടാൽ മാത്രംമതി. എങ്കിലും ഇനിയൊരച്ഛനും ഈ ഗതി ഉണ്ടാകരുത്,’ -നെഞ്ചുലഞ്ഞ് ആ അച്ഛൻ പറഞ്ഞുനിർത്തി.