ഹൈദരാബാദ്: ടെക്കി യുവാവ് തടാകത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിചെയ്യുന്ന സീതാറാം(36) ആണ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചത്. അതേസമയം, യുവാവ് കടുംകൈ ചെയ്യാൻ കാരണം ഭാര്യയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സീതാറം എഴുതിയ 19 പേജുകളുള്ള ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു.

To advertise here,

ഭാര്യ രേണുകയ്ക്ക് മൂന്നുപുരുഷന്മാരുമായി രഹസ്യബന്ധമുണ്ടെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ഒന്നരവർഷമായി മൂന്നുപേരുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിൽ ഒരാൾ ഭാര്യയ്‌ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഫോണിൽ പകർത്തി. പിന്നീട് 'രമണ' എന്ന പേരുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു.

ഭാര്യയുടെ സ്വകാര്യവീഡിയോകൾ ഇന്റർനെറ്റിൽ കണ്ടതോടെയാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ള കാര്യം താൻ അറിയുന്നത്. ഇത് മാനസികമായി ഏറെ വിഷമിപ്പിച്ചു. ഇതിനിടെ ഭാര്യയുമായി അടുപ്പമുള്ള മറ്റൊരാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും മനസിലായി. ഇത്രയേറെ കരുതൽ നൽകിയിട്ടും ഭാര്യ തന്നെ വഞ്ചിച്ചെന്നും ഇതാണ് തന്റെ മരണത്തിന് കാരണമെന്നും സീതാറാമിന്റെ കുറിപ്പിലുണ്ട്.

സീതാറാം എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിനെക്കുറിച്ചും ഇതിൽ പറയുന്ന കാര്യങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികളുണ്ടാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)