കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ പരാതിക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വിദേശത്തേക്ക് കൊണ്ടുപോയശേഷം സമാനതകളില്ലാത്ത ക്രൂരതയും പീഡനവുമാണ് നേരിടേണ്ടിവന്നതെന്ന് പരാതിക്കാരിലൊരാൾ 'മാതൃഭൂമി ന്യൂസി'നോട് പറഞ്ഞു. ബോധരഹിതയാക്കി പലരും ലൈംഗികമായി പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചെന്നും പരാതിക്കാരി പറഞ്ഞു.

To advertise here,

''പണം വാങ്ങിയാണ് ദുബായിൽ കൊണ്ടുപോയി പറ്റിച്ചത്. ഡ്രിങ്ക്‌സിൽ ഒരു വെള്ളപ്പൊടി കലക്കിനൽകി ബലമായി കുടിപ്പിച്ച് ബോധംപോകുന്ന രീതിയിലാക്കി. ശേഷം അവരുടെ വേറെ ആൾക്കാരൊക്കെ അവിടെവന്ന് പോയി. ഒരുപാട് ശാരീരികമായി ഉപദ്രവിച്ചു. പച്ചവെള്ളത്തിൽവരെ ആ പൊടി കലക്കിതന്നു. എന്റെ വീട്ടിലേക്ക് വിളിച്ചിട്ട് മോശമായകാര്യങ്ങൾ പറഞ്ഞു. ഞാൻ ഇവിടെ അനാശാസ്യത്തിലേർപ്പെടുകയാണെന്നും ഓരോ ആണുകൾ വന്നുപോകുകയാണെന്നുമെല്ലാം പറഞ്ഞു. എന്നെ വീട്ടിൽനിന്ന് ഒഴിവാക്കണമെന്നാണ് വീട്ടുകാരോട് പറഞ്ഞത്. നഗ്നദൃശ്യം പകർത്തി അയച്ചുനൽകി'', യുവതി വെളിപ്പെടുത്തി.

നാട്ടിൽനിന്ന് ദുബായിലെത്തിച്ചശേഷം ഒരു ഫ്‌ളാറ്റിലേക്കാണ് പ്രതികൾ കൊണ്ടുപോയതെന്നാണ് പരാതിക്കാരി പറയുന്നത്. അവിടെ എട്ട് യുവതികളേക്കൂടി കണ്ടിരുന്നതായും പറഞ്ഞു. കുഞ്ഞിനെ കൊല്ലുമെന്നുവരെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് നാട്ടിലെത്തിയതെന്നും പരാതിക്കാരി പറഞ്ഞു.

Also Read: മോഡലുകളുടെ ഹബ്ബായി കൊച്ചി, ഒപ്പം ചൂഷണവും; നടുക്കിയ അപകടമരണം, ഫോട്ടോഷൂട്ടിന്റെ മറവിലും കൂട്ടബലാത്സംഗം

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ ഇതുവരെ അഞ്ചുപേരെയാണ് പ്രതിചേർത്തിട്ടുള്ളതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ മൂന്നുപ്രതികളെ പിടികൂടി. ഒന്നാംപ്രതിയായ സിന്ധുവിനെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബൈ വിമാനത്താവളത്തിൽവെച്ചാണ് പിടികൂടിയത്. പ്രതിയെ ഉടൻ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യും. രണ്ടാംപ്രതി അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. കേസിൽ ഉൾപ്പെട്ട ഒരുപ്രതിയേക്കൂടി ചൊവ്വാഴ്ച പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ രണ്ടുപേരാണ് പരാതി നൽകിയിട്ടുള്ളത്. കൂടുതൽ പരാതിക്കാരുണ്ടാകാൻ സാധ്യതയുണ്ട്. അന്വേഷണത്തിനായി ഡിസിപി അശ്വതിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപവത്കരിച്ചിട്ടുണ്ട്. ആർക്കെങ്കിലും പരാതി അറിയിക്കാനുണ്ടെങ്കിൽ എസ്‌ഐടിയെയോ വനിതാ സെല്ലിനെയോ വിവരമറിയിക്കാം. എല്ലാവിവരങ്ങളും രഹസ്യമായിരിക്കും.

പരാതിക്കാരിൽ ഒരാളെ പ്രതികൾ പരിചയപ്പെട്ടശേഷം ബ്യൂട്ടി പാർലറിൽ ജോലിക്കെന്ന് പറഞ്ഞാണ് വിദേശത്തേക്ക് കൊണ്ടുപോയത്. തുടർന്ന് ലൈംഗികമായി ചൂഷണംചെയ്തു. അവരുടെ ഫോണും പാസ്‌പോർട്ടും പിടിച്ചുവെച്ചു. നഗ്നദൃശ്യം പകർത്തി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. മറ്റൊരു പരാതിക്കാരിയെ മോഡലിങ്ങിനെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പരാതിക്കാർ ആരും എറണാകുളം ജില്ലയിൽ ഉള്ളവരല്ല. ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് രണ്ടുമാസത്തെ വിസിറ്റ് വിസയിൽ ഇവരെ കൊണ്ടുപോയത്. പിന്നീട് ബന്ധുക്കളുടെ സഹായത്തോടെയാണ് അവർ തിരിച്ചെത്തിയത്. നാട്ടിലെത്തിയിട്ടും പരാതി കൊടുക്കാൻ പോയപ്പോൾ അവർക്ക് ഭീഷണികളുണ്ടായി. അതേക്കുറിച്ചും അന്വേഷിക്കും. അലീനയുടെ ഗുണ്ടാബന്ധങ്ങളും പരിശോധിച്ചുവരികയാണ്. മറ്റുപ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കുന്നുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.