
ഷില്ലോങ്: മേഘാലയയിൽ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും നടത്തിയ ആസൂത്രണത്തിന്റെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതില്‍ ക്വട്ടേഷന്‍സംഘത്തിന് പാളിച്ചപറ്റിയാല്‍ താന്‍തന്നെ കൃത്യം നടത്താമെന്ന് സോനം രഘുവംശി പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. ഹണിമൂണ്‍ യാത്രയില്‍ ഫോട്ടോയെടുക്കുന്നതിനിടെ മലമുകളില്‍നിന്ന് ഭര്‍ത്താവായ രാജാ രഘുവംശിയെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്റെ പദ്ധതിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാടക കൊലയാളികളായ വിശാലിനും ആനന്ദിനും ആകാശിനും ഭര്‍ത്താവിനെ കൊല്ലാന്‍ കഴിയാതിരുന്നാല്‍ താന്‍തന്നെ ഭര്‍ത്താവിനെ കൊല്ലാമെന്നായിരുന്നു സോനം രഘുവംശി കാമുകനായ രാജ് കുശ്വാഹയോട് പറഞ്ഞിരുന്നത്. ഫോട്ടോയെടുക്കുന്നതിനിടെ മലമുകളില്‍നിന്ന് ഭര്‍ത്താവിനെ തള്ളിയിട്ട് കൊലപ്പെടുത്താമെന്നായിരുന്നു യുവതിയുടെ തീരുമാനം. എന്നാല്‍, മുന്‍കൂട്ടി ആസൂത്രണംചെയ്തതുപോലെ വാടകകൊലയാളികള്‍ തന്നെ രാജാ രഘുവംശിയെ കൊലപ്പെടുത്തുകയായിരുന്നു.
രാജാ രഘുവംശിയുമായുള്ള വിവാഹംകഴിഞ്ഞ് മൂന്നുദിവസത്തിനുള്ളിലാണ് സോനവും കാമുകനും തമ്മില്‍ കൊലപാതകത്തിനുള്ള ആസൂത്രണങ്ങള്‍ ആരംഭിച്ചത്. ഇതിനിടെ, ഭര്‍ത്താവുമായുള്ള ശാരീരിക അടുപ്പം കുറയ്ക്കാനും സോനം ശ്രദ്ധിച്ചിരുന്നു. ശാരീരികബന്ധത്തിലേര്പ്പെടാതിരിക്കാന് ക്ഷേത്രദര്‍ശനങ്ങള്‍ക്ക് യുവതി ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു. ജീവിതത്തില്‍ ഐശ്വര്യമുണ്ടാകാന്‍ ക്ഷേത്രദര്‍ശനം സഹായിക്കുമെന്നും അതിനാല്‍ ഈ സമയത്ത് ശാരീരികമായ അടുപ്പം പാടില്ലെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് സോനം രഘുവംശിതന്നെയാണ് മേഘാലയ യാത്രയ്ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതെന്നും പോലീസ് പറഞ്ഞു.
മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് ഇന്ദോര്‍ സ്വദേശിയായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേയ് 23 മുതല്‍ കാണാതായത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഒരിടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പിന്നാലെ ദിവസങ്ങള്‍നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ രണ്ടാംതീയതി ഈസ്റ്റ് ഖാസി ഹില്‍സിലെ മലയിടുക്കില്‍നിന്ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍, ഭാര്യ സോനം രഘുവംശിയെ അപ്പോഴും കണ്ടെത്താനായിരുന്നില്ല.
പ്രാഥമികപരിശോധനയില്‍ തന്നെ രാജ രഘുവംശിയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വടിവാളും റെയിന്‍കോട്ടും മൊബൈല്‍ സ്ക്രീനിന്റെ ഭാഗവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതിനിടെ, മൂന്നുപേര്‍ ദമ്പതിമാരെ പിന്തുടരുന്നത് കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് നല്കിയ മൊഴിയും നിര്‍ണായകമായി.
സംഭവത്തില്‍ തുടക്കംമുതലേ പോലീസിന് സോനം രഘുവംശിയെ സംശയമുണ്ടായിരുന്നു. ഇതിനിടെ, യുവതി കൊലയാളികളായ മൂന്നുപേരുമായി സംസാരിക്കുന്നതിന്റെ ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുവെച്ചാണ് സോനവും വാടക കൊലയാളികളും പരസ്പരം സംസാരിച്ചുനില്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. പിന്നാലെ, സോനത്തിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ രാജ് കുശ്വ എന്നയാളുമായി യുവതി അടുപ്പത്തിലാണെന്ന വിവരവും സ്ഥിരീകരിച്ചു. ഇതോടെയാണ് സോനം രഘുവംശിയെ പിടികൂടാനായി 'ഓപ്പറേഷന് ഹണിമൂണ്‍' എന്ന പേരില്‍ ജൂണ്‍ ഏഴാം തീയതി മുതല്‍ മേഘാലയ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചത്. രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോനം, കാമുകന് രാജ് കുശ്വഹ എന്നിവരുള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: Shocking details emerge in the Meghalaya honeymoon murder case.
Published: 11 Jun 2025, 08:12 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented