കാനഡ: ഹാസ്യതാരം കപില്‍ ശര്‍മയുടെ കാനഡയിലെ സറേയിലുള്ള കഫേക്ക് നേരെ വീണ്ടും വെടിവയ്പ്പ്. ഈ മാസം രണ്ടാം തവണയാണ് ഇവിടെ വെടിവയ്പ്പുണ്ടാകുന്നത്. അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഗോള്‍ഡി ധില്ലൻ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇവർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. 

To advertise here,

'ഞങ്ങള്‍ ലക്ഷ്യമിട്ടയാളെ വിളിച്ചിരുന്നു, പക്ഷേ അയാള്‍ കോള്‍ എടുത്തില്ല. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനെയൊരാക്രമണം നടത്തേണ്ടിവന്നത്. ഇനിയും അയാള്‍ കോള്‍ എടുത്തില്ലെങ്കില്‍, അടുത്ത ആക്രമണം നടക്കാന്‍ പോകുന്നത് മുംബൈയില്‍ ആയിരിക്കും', എന്ന് അക്രമികള്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

കഫേക്ക് നേരെ 25 തവണയിലധികം വെടിയുതിര്‍ത്തതായാണ് അക്രമികള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ള വീഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്. മുംബൈ പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. കപില്‍ ശര്‍മ പുതുതായി തുറന്നിട്ടുള്ള കാപ്‌സ് കഫേയില്‍ ആദ്യത്തെ ആക്രമണം നടന്നത് ജൂലായ് 10-നായിരുന്നു.  

ജൂലായ് 10-ലെ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഒരു ഖാലിസ്ഥാന്‍ വിഘടനവാദി ഏറ്റെടുത്തതായി ചില ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ) ഭീകരനായ ഹര്‍ജിത് സിംഗ് ലഡ്ഡിയാണ് ജൂലായ് 10-ലെ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭീകരവാദിയാണ് ലഡ്ഡി.

കനേഡിയന്‍ സര്‍ക്കാര്‍ ബികെഐ-യെ ഒരു ഭീകര സംഘടനയായി അടയാളപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സന്ദര്‍ശകര്‍ക്കായി 'സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും' പ്രതീകമായി ഈ സ്ഥലത്തെ നിലനിര്‍ത്താന്‍ ഇത്തരം അക്രമങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് കാപ്‌സ് കഫേ അധികൃതര്‍ അറിയിച്ചു.