അഹമ്മദാബാദ്: ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും രാജ്യദ്രോഹ കുറ്റത്തിന് പിടിയിലാവുകയും ചെയ്ത ബംഗാൾ സ്വേദേശികളായ മൂന്ന് യുവാക്കളെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലുള്ള അഡീഷണൽ സെഷൻസ് ജഡ്ജി ഐ.ബി. പത്താൻ ഇവർക്ക് 10,000 രൂപ വീതം പിഴയും ചുമത്തി.
നിരോധിത സംഘടനയായ അൽ ഖ്വയ്ദയുടെ ഉപവിഭാഗമായ അൻസാർ ഗസ്‌വത്തുൽ ഹിന്ദിൽ ചേരുന്നതിനായി പ്രതികൾ കശ്മീരിലേക്ക് പോകാൻ ഗൂഢാലോചന നടത്തിയതായി കോടതി നിരീക്ഷിച്ചു. ഇന്ത്യയിൽ ശരിഅത്ത് നിയമം സ്ഥാപിക്കുക, രാജ്കോട്ടിലെ മുസ്ലീം യുവാക്കളെ ജിഹാദിൽ പങ്കെടുക്കാൻ റിക്രൂട്ട് ചെയ്യുക എന്നിവയായിരുന്നു ഇവരുടെ ഗൂഢാലോചനയുടെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രതികൾ ഒരു പിസ്റ്റളും 10 വെടിയുണ്ടകളും സംഘടിപ്പിച്ചതായി കോടതി വ്യക്തമാക്കി. ഇവരെ നിയന്ത്രിച്ചിരുന്ന മുസമ്മിൽ എന്നയാൾ വാട്‌സ്ആപ്പിൽ ഫോട്ടോകൾ അയച്ചതിനെ തുടർന്ന്, ആയുധത്തിനായി ഇവർ 10,000 നൽകി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ 2023 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അഹമ്മദാബാദ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.
റാഹെ ഹിദായത്ത് എന്ന ടെലിഗ്രാം ഗ്രൂപ്പിലും ഇവർക്ക് പങ്കുണ്ടായിരുന്നു. 2023 ജൂലൈ 31-ന് രാജ്കോട്ട് റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസിനടുത്തുനിന്നാണ് ബർദ്വാൻ ജില്ലക്കാരനായ അബ്ദുൾ ഷക്കൂർ അലി ഷെയ്ഖ്(20), ഹൂഗ്ലി ജില്ലക്കാരനായ അമൻ സിറാജ് മാലിക് (23) എന്നീ രണ്ട് പ്രതികളെ എടിഎസ് അറസ്റ്റ് ചെയ്തത്. അബ്ദുൾ ഷക്കൂറിൽനിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും ലഭിച്ചു. അമൻ മാലിക്കിൽനിന്ന് ഒരു മൊബൈൽ ഫോണും സിം കാർഡുകളും പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ, മൂന്നാം പ്രതിയായ ബർദ്വാൻ ജില്ലക്കാരനായ ഷക്‌നവാസ് ഏക് ഷാഹിദിനെ (23) രാജ്കോട്ടിലെ സോണി ബസാറിലെ ഒരു കെട്ടിടത്തിൽനിന്ന് കണ്ടെത്തി. അതേ വർഷം മെയിൽ അഹമ്മദാബാദിൽ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്യുകയും അൽ ഖ്വയ്ദ ശൃംഖലയെ തകർക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 121(എ)ക്ക് പുറമേ, ആയുധ നിയമത്തിലെ സെക്ഷൻ 25(1ബി)എ, 27 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്ക് ഏഴ് വർഷത്തെ കഠിന തടവിനും കോടതി ശിക്ഷിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.
Content Highlights: Gujarat court sentences three Bengali youths to life imprisonment for terrorism, hatching plots, and possessing weapons for anti-national activities. Details of their Al-Qaeda links and arrest.
Published: 02 Oct 2025, 01:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented