തിരുവനന്തപുരം: വീട്ടിലെ ഷെഡിനുളളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പൂന്തുറ സ്റ്റേഷൻ പരിധിയിൽ പരുത്തിക്കുഴി മുസ്ലിം ജമാഅത്ത് പളളിക്ക് പിന്നിൽ താമസിക്കുന്ന മുഹമ്മദ് അനസിനെ(27) ആണ് പിടികൂടിയത്. ഇയാളുടെ വീടിനുമുകളിൽ താൽക്കാലികമായി നിർമ്മിച്ചിരിക്കുന്ന ഷീറ്റുമേഞ്ഞ ഷെഡിനുളളിൽ നിന്ന് ഒരുകിലോ 200 ഗ്രാം കഞ്ചാവും 650 ഗ്രാം ഹാഷിഷ് ഓയിലുമാണ് എക്‌സൈസിന്റെ തിരുവനന്തപുരം ഐബി യൂണിറ്റും തിരുവനന്തപുരം സർക്കിളും സംയുക്തമായി ശനിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവിടെനിന്ന് ഇലക്ട്രോണിക് ത്രാസുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. 

To advertise here,

സ്റ്റേഷൻ പരിധിയിൽ ലഹരിക്കച്ചവടക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ നാട്ടുകാരുടെ നേത്യത്വത്തിൽ ഇവരെ കണ്ടെത്തി പോലീസിലും എക്‌സൈസിലും ഏൽപ്പിക്കുന്നതിന് കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇതേ തുടർന്ന് ഈ മേഖലയിൽ ലഹരിക്കച്ചവടക്കാർ ഉൾവലിഞ്ഞിരുന്നു. വൻകിട കുടുംബത്തിലുളള യുവാക്കളുടെ സംഘം പരുത്തിക്കുഴി മേഖലയിൽ ലഹരിക്കച്ചവടം നടത്തുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഐബി ഇൻസ്‌പെക്ടർ കെ.വി വിനോദ്, സർക്കിൾ ഇൻസ്‌പെക്ടർ റെജിലാൽ, അസി. ഇൻസ്‌പെക്ടർമാരായ  ദിലീപ് കുമാർ, ബിജുരാജ്, പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ  പി.ബി.ഷാജു, മണികണ്ഠൻ, ബിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരാ സ്‌നേഹ, ജിനുരാജ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന നടത്തിയത്.