തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരേ അപ്പീൽ പോകാൻ സർക്കാരിന്റെ അനുമതി. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 

To advertise here,

എ.ജി.യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അപ്പീൽ പോകാനുള്ള അനുമതി നൽകിയത്. വിചാരണ കോടതി വിധിക്കെതിരേ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പോലീസ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സർക്കാർ എ.ജി.യുടെ നിയമോപേദശം തേടിയത്. കേസിൽ അപ്പീൽ പോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു എ.ജി.യുടെ മറുപടി. തുടർന്നാണ് ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ 2022 ജനുവരി 14-നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനും സ്ഥാപിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും പല പ്രധാനവിവരങ്ങളും കോടതിക്ക് മുന്നിൽ എത്താതെ പോയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.