തലശ്ശേരി: ഒന്പതുവര്ഷത്തിനുശേഷം സി.പി.എം. നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജന്മനാടായ തലശ്ശേരിയിലേക്ക് മടങ്ങുന്നു. സി.പി.എം. കണ്ണൂര് ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമായിരുന്ന കാരായി ചന്ദ്രശേഖരനും വെള്ളിയാഴ്ച തലശ്ശേരിയിലെത്തും.
ഫസല് വധക്കേസിന്റെ ജാമ്യവ്യവസ്ഥയില് എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയെത്തുടര്ന്ന് ഇരുവരും ഇരുമ്പനത്തായിരുന്നു താമസം. ജാമ്യവ്യവസ്ഥയില് ഹൈക്കോടതി ഓഗസ്റ്റ് അഞ്ചിനാണ് ഇളവ് അനുവദിച്ചത്. ഇതോടെയാണ് തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.
സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില് തലശ്ശേരി റൂറല് ബാങ്ക് ഓഡിറ്റോറിയത്തില് വൈകുന്നേരം അഞ്ചിന് ഇരുവര്ക്കും സ്വീകരണം നല്കും. ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ഉദ്ഘാടനം ചെയ്യും. തലശ്ശേരിയില്നിന്ന് രാജനെ കതിരൂര് സി.എച്ച്. നഗറിലേക്കും ചന്ദ്രശേഖരനെ കുട്ടിമാക്കൂലിലേക്കും സ്വീകരിച്ചാനയിക്കും.
ഇരുവര്ക്കുമെതിരേ ഗൂഢാലോചനക്കുറ്റം
ഫസല് വധക്കേസില് ഇരുവര്ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണ് സി.ബി.ഐ. ചുമത്തിയത്. കേസില് പ്രതികളായ ഇരുവരും 2012 ജൂണ് 22-ന് എറണാകുളം മജിസ്ട്രേട്ട് കോടതിമുമ്പാകെ ഹാജരായി. ഒന്നരവര്ഷത്തെ ജയില്വാസത്തിനുശേഷം 2013 നവംബര് എട്ടിന് ജാമ്യം ലഭിച്ചു. ജാമ്യവ്യവസ്ഥപ്രകാരം എറണാകുളത്തായിരുന്നു താമസം. ഇതിനിടയില് രാജന് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരന് തലശ്ശേരി നഗരസഭാ ചെയര്മാനുമായി. നാട്ടിലേക്ക് വരാന് കഴിയാതെ വന്നതോടെ ഇരുവര്ക്കും സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് മറ്റൊരു കേസില് അറസ്റ്റിലായ ആര്.എസ്.എസ്. പ്രവര്ത്തകന് സുബീഷ് താനടക്കമുള്ളവരാണ് കൊല നടത്തിയതെന്ന് പോലീസിന് മൊഴി നല്കിയിരുന്നു. ഇതേ തുടര്ന്ന് പുനരന്വേഷണ ആവശ്യം ഉയര്ന്നു. ഇതിനനുകൂലമായ കോടതി വിധിയെ തുടര്ന്ന് സി.ബി.ഐ.യുടെ പ്രത്യേകസംഘം ഇപ്പോള് പുനരന്വേഷണം നടത്തുകയാണ്.
Published: 04 Nov 2021, 10:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented