ഫസലിന്റെ രക്തംപുരണ്ട വസ്ത്രംകണ്ട് അത് ചേർത്തുപിടിച്ച് മറിയു പൊട്ടിക്കരഞ്ഞു.

കൊച്ചി: തലശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായ രക്തംപുരണ്ട തൂവാലയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം. സി.ബി.ഐ. പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. തൂവാല പിന്നീട് കണ്ടെത്തിയിരുന്നു.
വിചാരണ നടപടികൾ സി.ബി.ഐ. കോടതിയിൽ ചൊവ്വാഴ്ച പുനരാരംഭിച്ചു. സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ഹാഫിസ് മുഹമ്മദാണ് കേസ് പരിഗണിക്കുന്നത്. ഫസലിന്റെ ഭാര്യ മറിയുവിനെയാണ് വിസ്തരിച്ചത്. തൊണ്ടിസാധനങ്ങളുടെ കൂട്ടത്തിൽ ഫസലിന്റെ രക്തംപുരണ്ട വസ്ത്രംകണ്ട് അത് ചേർത്തുപിടിച്ച് മറിയു പൊട്ടിക്കരഞ്ഞു.
ചെരുപ്പുകൾ, ടോർച്ച് തുടങ്ങി എല്ലാം തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഫസലിന്റെ സഹോദരിയെ വിസ്തരിക്കും. തൂവാല തിരികെ ലഭിച്ചതായി അറിയിച്ചതിനെത്തുടർന്ന് ഇക്കാര്യം രേഖപ്പെടുത്തിയ കോടതി സംഭവത്തിൽ സമഗ്രാന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു. സി.ബി.ഐ. കോടതിയിൽ വിചാരണ പുരോഗമിക്കവേ, സി.ജെ.എം. കോടതിയിൽനിന്നാണ് കാണാതായത്.
തൊണ്ടിമുതൽ ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് എറണാകുളം സി.ജെ.എം. കോടതിയിൽ നിന്ന് സി.ബി.ഐ. കോടതിയിൽ എത്തിച്ച കവർ തുറന്നപ്പോഴാണ് തൂവാല നഷ്ടമായതറിയുന്നത്. തൂവാല എലി കരണ്ടുപോയതാകാമെന്ന കുറിപ്പും ലഭിച്ചു. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് വിശദമായ തിരച്ചിലിൽ തൂവാല മറ്റൊരിടത്തുനിന്ന് കണ്ടെത്തിയത്. ഇതിൽ വാദിഭാഗം അട്ടിമറി ആരോപിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി എം.കെ. സുനിൽകുമാർ (കൊടിസുനി), തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, കാരായി രാജൻ എം.എൽ.എ. എന്നിവരടക്കം എട്ടുപേരാണ് വിചാരണ നേരിടുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ വൈ. ബോബി ജോസഫ് സി.ബി.ഐ.ക്കു വേണ്ടി ഹാജരായി.
2006 ഒക്ടോബർ 22-നാണ് എൻ.ഡി.എഫ്. പ്രവർത്തകനും പത്രഏജന്റുമായിരുന്ന ഫസൽ പുലർച്ചെ പത്രം എടുക്കാൻ പോകുന്നതിനിടെ കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് മറിയു ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസ് സി.ബി.ഐ.ക്ക് കൈമാറിയത്.
Content Highlights: CBI court ordered an investigation into the disappearance of a blood-stained handkerchief used as evidence., The handkerchief was later recovered after initial reports suggested it was damaged by rodents., Trial resumed with the testimony of the victim's wife, Mariyu., Prominent accused include Kodi Suni, Karayi Chandrasekharan, and Karayi Rajan., The 2006 murder case is being handled by the CBI after a High Court intervention.
Published: 05 Aug 2026, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented