മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ വിഷക്കൂണ് നല്കി ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയായ എറിന് പാറ്റേഴ്സണ്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 33 വര്‍ഷം കഴിഞ്ഞ് മാത്രമേ പരോള്‍ അനുവദിക്കുകയുള്ളൂ എന്നും ഓസ്ട്രേലിയന്‍ സുപ്രീംകോടതി ജഡ്ജി അറിയിച്ചു. നിലവില്‍ 50-കാരിയായ എറിന്, കോടതി പറയുന്നത് പ്രകാരമാണെങ്കില്‍ ഇനി 83-ാം വയസ്സിലേ പുറംലോകം കാണാനാവൂ. കുറ്റകൃത്യത്തിന്റെ ഗൗരവം കാരണം തടവുശിക്ഷയുടെ ഭൂരിഭാഗം സമയവും ഏകാന്തതയില്‍ കഴിയേണ്ടിവരും.
2023-ലാണ് കേസിനാസ്പദമായ സംഭവം. അകന്നു കഴിയുന്ന ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും അമ്മായിയെയും അമ്മാവനെയും വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു എറിന് പാറ്റേഴ്സണ്‍. ഭര്‍ത്താവ് സൈമണിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം അസ്വസ്ഥതയുണ്ടെന്ന് ഭാര്യക്ക് തലേദിവസം സന്ദേശമയച്ച് ഒഴിഞ്ഞുമാറി. എന്നാല്‍ ഭര്‍തൃമാതാപിതാക്കളായ ഡോണ്‍, ഗെയില്‍ പാറ്റേഴ്സണ്‍, അമ്മായി ഹീതര്‍ വില്‍ക്കിന്‍സണ്‍ എന്നിവര്‍ വിരുന്നിനെത്തുകയും ഭക്ഷണത്തില്‍ വിഷക്കൂണ് നല്കി ഇവരെ കൊലപ്പെടുത്തുകയും ചെയ്തു. അമ്മാവനായ ഇയാനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.
12 അംഗ ജൂറിയാണ് മൂവരെയും കൊലപ്പെടുത്തിയ കേസില്‍ പാറ്റേഴ്സണ്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഡെത്ത് ക്യാപ് കൂണുകള്‍ ആകസ്മികമായി കലര്‍ന്ന് ബീഫും പേസ്ട്രിയും അടങ്ങിയ വിഭവം വിഷമയമായതാണെന്നാണ് പാറ്റേഴ്സന്റെ വാദം. ലോകത്തെ ഏറ്റവും മാരകമായ ഫംഗസാണ് ഡെത്ത് ക്യാപ് കൂണുകള്‍. ഡെത്ത് ക്യാപ് കൂണുകള്‍ മറ്റു ഭക്ഷ്യയോഗ്യമായ ഇനങ്ങളുമായി എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാമെന്ന് പറയപ്പെടുന്നു.
പാറ്റേഴ്സണും സൈമണും തമ്മില്‍ വളരെക്കാലമായി അകന്നുകഴിയുകയായിരുന്നു. നിയമപരമായി വിവാഹിതരായ ഇരുവരും മക്കളുടെ സംരക്ഷണച്ചെലവിനെച്ചൊല്ലി തര്‍ക്കിക്കുക പതിവായിരുന്നു. തടവുശിക്ഷയുടെ മിക്കസമയങ്ങളിലും ഏകാന്തതയില്‍ കഴിയേണ്ടിവരുമെന്നതിനാല്‍ 30 വര്‍ഷത്തിനുശേഷം മോചനത്തിന് അവസരം നല്‍കണമെന്ന് പാറ്റേഴ്സന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. അതേസമയം ശിക്ഷാവിധിക്കെതിരേ അപ്പീല്‍ നല്കാന് 28 ദിവസം സമയമുണ്ട്.
Content Highlights: Erin Patterson Sentenced to Life for Deadly Mushroom Lunch in Australia
Published: 08 Sept 2025, 10:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented