
കൊച്ചി: ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാടുശൃംഖലയുടെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ മാത്യു(29)വിന്റെ പക്കല്‍നിന്ന് കെറ്റമിനും എല്‍എസ്ഡിയും വാങ്ങിയവര്‍ക്കായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പരിശോധന തുടരുന്നു. രാജ്യത്ത് പത്തോളം ഇടങ്ങളിലാണ് രണ്ടുദിവസമായി എന്‍സിബി സംഘം പരിശോധിക്കുന്നത്. ലഹരി വാങ്ങിയവരുടെ വീടുകളിലും പരിശോധന തുടരുകയാണ്. ചില സംസ്ഥാനങ്ങളില്‍ എന്‍സിബി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എഡിസണെ കസ്റ്റഡിയില്‍ വാങ്ങുകയും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ഡാര്‍ക്ക്‌നെറ്റ് വഴി സ്വന്തം ആവശ്യത്തിനാണ് എഡിസണ്‍ ആദ്യം മയക്കുമരുന്ന് വാങ്ങിയത്. പിന്നീട് 'കെറ്റാമെലോണ്‍' എന്ന പേരില്‍ ലഹരി ഇടപാട് ശൃംഖല ഒരുക്കുകയായിരുന്നു.
പാഴ്‌സല്‍ വാങ്ങാന്‍ ഇയാള്‍തന്നെയാണ് പോയിരുന്നത്. ഇത് വീട്ടില്‍ എത്തിച്ച്, ബന്ധപ്പെടുന്നവര്‍ക്ക് പാഴ്‌സലില്‍ അയക്കുകയായിരുന്നു പതിവ്. എല്‍എസ്ഡി വിദേശത്തുനിന്ന് എത്തിക്കുമ്പോള്‍ കെറ്റമിന്‍ ഇന്ത്യയില്‍നിന്നുതന്നെയാണ് എഡിസണ്‍ വാങ്ങിയത്.
2023-ല്‍ സാംബഡ എന്ന പേരിലുള്ള മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളെ എന്‍സിബി പിടികൂടിയിരുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നയാളും ഇതിലുണ്ടായിരുന്നു. ഇതിനുശേഷമാണ് സാംബഡ ബന്ധം പുലര്‍ത്തിയിരുന്ന ലഹരി കേന്ദ്രങ്ങളുമായി എഡിസണ്‍ ബന്ധം സ്ഥാപിച്ചത്.
ദമ്പതിമാര്‍ അറസ്റ്റില്‍
ഡാര്‍ക്ക്നെറ്റ് ശൃംഖലവഴി അന്താരാഷ്ട്രമയക്കുമരുന്ന് വിപണിയില്‍ സജീവമായ ദമ്പതിമാരെയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടികൂടി. ഓസ്ട്രേലിയയിലേക്ക് ലഹരി കടത്തിയെന്ന കേസില്‍ ഇടുക്കി പീരുമേടിനുസമീപം പാഞ്ചാലിമേട്ടിലെ റിസോര്‍ട്ടുടമയായ ഡിയോണ്‍, ഭാര്യ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കെറ്റമെലോണ്‍ ഡാര്‍ക്ക്‌നെറ്റ് ശൃംഖലയുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍സിബി പറയുന്നു. വിദേശത്തുനിന്നെത്തിക്കുന്ന കെറ്റമിന്‍, ദമ്പതിമാര്‍ ചില്ലറയാക്കി ഓസ്ട്രേലിയയിലേക്ക് അയച്ചു വരുകയാണെന്നാണ് പ്രാഥമികവിവരം. രണ്ടുവര്‍ഷമായി ഇടപാടുണ്ട്. അതിനിടെ, പിടിയിലായ എഡിസണും സഹായി അരുണും ഡിയോണും സഹപാഠികളാണെന്നും അറിയുന്നു. ലഹരിയിടപാടുകളിലൂടെ സമ്പാദിച്ച കോടികള്‍ എഡിസണ്‍ റിസോട്ടുള്‍പ്പെടെയുള്ള ബിസിനസ്സിലേക്ക് മാറ്റിയതായും സംശയിക്കുന്നുണ്ട്.
നിയമവിരുദ്ധ ഇടപാടുകള്‍ക്ക് മൊണേറോ
ഡാര്‍ക്ക്നെറ്റിലൂടെയുള്ള നിയമവിരുദ്ധ ഇടപാടുകള്‍ക്ക് ആഗോള വ്യാപകമായി ഏറ്റവുമധികം ഉപയോഗിക്കുന്ന ക്രിപ്റ്റോ കറന്‍സിയാണ് മൊണേറോ. ഈ ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ചാണ് എഡിസണ്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളും ഇടപാടുകളുടെ വിശദാംശങ്ങളും മറയ്ക്കും. 27,671.18 രൂപയാണ് ഒരു മൊണേറോയുടെ ഇപ്പോഴത്തെ മൂല്യം.
Content Highlights: edison darknet drug dealer ncb conducts searches couple arrested from peerumedu
Published: 04 Jul 2025, 07:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented