പറവൂർ: ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ ആളെ പിടികൂടാൻ പറവൂരിൽനിന്ന് പോണ്ടിച്ചേരിയിലെത്തിയ പോലീസ് സംഘത്തെ കണ്ട മാത്രയിൽ പ്രതി കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്ന് ചാടി മരിച്ചു. ബുധനാഴ്ച രാത്രി 10-നാണ് സംഭവം. പറവൂർ അമ്പാട്ട് വീട്ടിൽ എ.സി. മനോജ് (48) ആണ് പോണ്ടിച്ചേരി കാരയ്ക്കലിലെ വാടകവീട്ടിലെ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയത്. തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11.30-ന് മരിച്ചു.

To advertise here,

രണ്ടുമാസം മുൻപ് ലക്ഷ്മി കോളേജിനു സമീപത്തു െവച്ച് സിനിമാ ഷൂട്ടിങ് സംഘത്തിലെ ആളുകളെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണിയാൾ. ഒരാഴ്ച മുൻപ് പറവൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ െവച്ച് പിടികൂടാനെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞിരുന്നു. കാരയ്ക്കലിലെ ഒരു വീട്ടിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പറവൂരിൽനിന്നുള്ള പോലീസ് സംഘം അവിടെ എത്തിയത്.

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇയാൾ താമസിച്ചിരുന്നത്. പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ സമീപവാസികൾ നോക്കിനിൽക്കേ ഇയാൾ താഴേയ്ക്ക് ചാടുകയായിരുന്നു. കാരയ്ക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കാരയ്ക്കൽ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം പിന്നീട് നടക്കും. എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.

പരേതരായ ചാക്കോ - മേരി ദമ്പതിമാരുടെ മകനാണ്. സഹോദരങ്ങൾ: മിനി, ഷിമ്മി, ഗ്രിഗർ, പരേതയായ നിമ്മി.