കൂത്തുപറമ്പ്: മീന്‍ മുറിക്കുകയായിരുന്ന വയോധികയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ സിപിഎം നേതാവായ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലര്‍ പി.പി.രാജേഷിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭാ നാലാംവാര്‍ഡായ നൂഞ്ഞമ്പായിലെ കൗണ്‍സിലറുമാണ് രാജേഷ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ടെ കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ പി.ജാനകി (75)യുടെ ഒരുപവന്‍ മാലയാണ് കവര്‍ന്നത്.
വീടിന് പിന്‍വശത്തുനിന്ന് മീന്‍ മുറിക്കുകയായിരുന്നു ജാനകി. ഹെല്‍മെറ്റ് ധരിച്ചെത്തി രാജേഷ്, ജാനകിയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടറില്‍ പോകുന്ന മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി. നമ്പര്‍പ്ലേറ്റ് മറച്ച നീലനിറമുള്ള സ്‌കൂട്ടറില്‍ കറുത്ത കുപ്പായവും പാന്റ്സും ധരിച്ചായിരുന്നു മോഷ്ടാവിന്റെ യാത്ര. അന്വേഷണത്തില്‍ സ്‌കൂട്ടറിന്റെ ഉടമയെ പോലീസ് കണ്ടെത്തി. രാജേഷിന്റെ സുഹൃത്തായിരുന്നു ഉടമ. മൂര്യാട്ടെ തന്റെ ജോലിസ്ഥലത്ത് നിന്ന് താത്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് രാജേഷ് സ്‌കൂട്ടര്‍ വാങ്ങിയിരുന്നതായി ഉടമ മൊഴി നല്‍കി.
തുടര്‍ന്നാണ് പോലീസ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വര്‍ണമാല അന്നുതന്നെ താലൂക്ക് ആസ്പത്രിക്കടുത്ത ജൂവലറിയില്‍ രാജേഷ് വിറ്റിരുന്നു. ജൂവലറിയില്‍നിന്ന് പോലീസ് മാല കണ്ടെടുത്തു. സിപിഎം നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് സഹകരണ ആസ്പത്രി ജീവനക്കാരനാണ് രാജേഷ്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂത്തുപറമ്പ് സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
കൊണ്ടുപോയത് താലിമാല; സ്റ്റേഷനില്‍ കണ്ടതിന്റെ ആശ്വാസത്തില്‍ ജാനകി
പോലീസ് സ്റ്റേഷനിലെത്തി താലി കണ്ടപ്പോഴാണ് സമാധാനമായതെന്ന് പി.ജാനകി. താലിമാലയാണ് കൊണ്ടുപോയത്. മോഷ്ടാവിനെ കാണിച്ചുതരാമോന്ന് പോലീസിനോട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞു.
വീടൊക്കെ അറിയുന്ന ആളാണ് രാജേഷ്. ബൈക്കില്‍ ഇതുവഴിയൊക്കെ പോകാറുണ്ട്. പരിചയമൊന്നുമില്ല. താന്‍ മീന്‍ വൃത്തിയാക്കുന്നതിനിടെ ഹെല്‍മെറ്റിട്ടാണ് ഒരാള്‍ കയറിവന്നത്. ഇതെന്താ ഹെല്‍മെറ്റ് മാറ്റാതെ കയറിവന്നതെന്ന് ചോദിക്കുമ്പോഴേക്ക് കഴുത്തില്‍ പിടിച്ചിരുന്നു. പിന്നെ ഒന്നും പറയാനായില്ല. വിടുമ്പോഴേക്ക് എന്റെ മാല കൊണ്ടുപോയെന്ന് പറഞ്ഞ് നിലവിളിച്ചു. എന്റെ കാലുമായി അങ്ങനെ ഓടാന്‍ പറ്റില്ലെങ്കിലും പറ്റുന്നതുപോലെ പിന്നാലെ ഓടി. ശബ്ദം കുറവായതുകൊണ്ട് നിലവിളിച്ചതും ആരും കേട്ടില്ലായിരുന്നു. പിന്നെയാണ് അയല്‍വാസികള്‍ കേട്ടത്- ജാനകി പറഞ്ഞു. വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. പരേതനായ നാണുവിന്റെ ഭാര്യയാണ്. ടാക്‌സി ഡ്രൈവറായ മകന്‍ സുധി, ഹോട്ടല്‍ ജീവനക്കാരിയായ മരുമകള്‍ സജില എന്നിവരൊക്കെ പുറത്തായിരുന്നു. വിദ്യാര്‍ഥികളായ കൊച്ചുമക്കള്‍ സ്‌കൂളിലും.
സിപിഎമ്മില്‍നിന്ന് പുറത്താക്കി
പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം പി.പി.രാജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Content Highlights: Koothuparamba Municipal Councillor P.P. Rajesh arrested for snatching a gold chain from a 75-year-old woman. Police investigation led to his capture.
Published: 19 Oct 2025, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented