
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 'കൊല്ലപ്പെട്ടയാളെ' പോലീസ് ഗുജറാത്തില്‍നിന്ന് ജീവനോടെ കണ്ടെത്തിയപ്പോള്‍ പൊളിഞ്ഞത് ദമ്പതിമാരുടെ നാടകം. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ യുവാവ് കൊല്ലപ്പെട്ടെന്ന കേസിലാണ് അതിനാടകീയമായ വഴിത്തിരിവുണ്ടായത്. വ്യാജപരാതി നല്‍കി കബളിപ്പിച്ചതിന് 'കൊല്ലപ്പെട്ട' യുവാവിനെയും പരാതിക്കാരിയായ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഗോണ്ട സ്വദേശിയായ ഗുഡിയയാണ് ഭര്‍ത്താവ് രാംകരണിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ആറുമാസം മുന്‍പ് പരാതി നൽകിയത്. ഭര്‍തൃപിതാവും ഭര്‍ത്താവിന്റെ സഹോദരങ്ങളായ അര്‍ജുന്‍, ശ്യാം, അഗയാറാം എന്നിവര്‍ ചേര്‍ന്നാണ് ഭര്‍ത്താവ് രാംകിരണിനെ കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചെന്നുമായിരുന്നു ഗുഡിയയുടെ പരാതി. യുവതിയുടെ പരാതിയില്‍ ജൂണ്‍ അഞ്ചാംതീയതി കോടതി നിര്‍ദേശപ്രകാരം പോലീസ് നാലുപേര്‍ക്കെതിരേയും കേസെടുത്തു. ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാംകരണ്‍ ജീവനോടെയുണ്ടെന്നും ഭാര്യയുടെ പരാതി വ്യാജമാണെന്നും കണ്ടെത്തിയത്.
കുടുംബസ്വത്ത് കൈക്കലാക്കാനായാണ് രാംകരണും ഗുഡിയയും ചേര്‍ന്ന് 'വ്യാജ കൊലക്കേസ്' ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പിതാവിനെയും സഹോദരങ്ങളെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചാല്‍ കുടുംബസ്വത്ത് മുഴുവനും തങ്ങള്‍ക്ക് കൈക്കലാക്കാമെന്നായിരുന്നു ഇവരുടെ കണക്കുക്കൂട്ടല്‍. ഇതനുസരിച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുഡിയ പരാതി നല്‍കിയത്. ഈ സമയം രാംകരണ്‍ ഉത്തര്‍പ്രദേശില്‍നിന്ന് കടന്നുകളഞ്ഞതായും പോലീസ് പറഞ്ഞു.
ഗുഡിയയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഗുജറാത്തില്‍നിന്നാണ് രാംകരണിനെ കണ്ടെത്തിയത്. ഇവിടെ കൂലിപ്പണി ചെയ്താണ് ഇയാള്‍ കഴിഞ്ഞിരുന്നതെന്നും സംഭവത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Content Highlights: couple arrested for framing fake murder case in uttar pradesh
Published: 26 Dec 2023, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented