പിണറായി(കണ്ണൂർ): കൊളശ്ശേരി മഠത്തുംഭാഗത്ത് കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു. ഓഫീസിന്റെ ഷട്ടറുകൾ കുത്തിത്തുറന്ന് ഗാന്ധിജിയുടെ ചിത്രങ്ങൾ ഉൾപ്പെടെ തോട്ടിലൊഴുക്കി. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ശനിയാഴ്ച അർധരാത്രിയാണ് സംഭവം. കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറിന്റെ പൂട്ട് കുത്തിത്തുറന്നാണ് ആക്രമികൾ ഓഫീസിനുള്ളിൽ കടന്നത്. ഫാനുകളും മേൽക്കൂരയും ഉൾപ്പെടെ തകർത്ത് ഫയലുകൾ സമീപത്തെ റോഡിലും തോട്ടിലുമായി വലിച്ചെറിഞ്ഞ നിലയിലാണ്.

To advertise here,

ധർമടം പോലീസും വിരലടയാളവിദഗ്ധരും തെളിവെടുപ്പ് നടത്തി. ധർമടം പോലീസ് ഇൻസ്‌പെക്ടർ പി. ശ്രീഹരി, എസ്‌ഐ ഷജീം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. കോൺഗ്രസിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കെപിസിസി ട്രഷറർ വി.എ. നാരായണൻ, സജ്ജീവ് മാറോളി, ബ്ലോക്ക് പ്രസിഡന്റ് എംപി. അരവിന്ദാക്ഷൻ തുടങ്ങിയ നേതാക്കൾ സ്ഥലം സന്ദർശിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഎം വ്യാപകമായ ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയാണിതെന്ന് വാർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. മനോജ് കുമാർ പറഞ്ഞു.

സിപിഎം അപലപിച്ചു

കോൺഗ്രസ് ഓഫീസ് ആക്രമിച്ച് തകർത്ത സംഭവത്തെ സിപിഎം വടക്കുമ്പാട് ലോക്കൽ കമ്മറ്റി അപലപിച്ചു. സമൂഹവിരുദ്ധശക്തികൾ നടത്തുന്ന ഇത്തരം കടന്നാക്രമണങ്ങളെ കരുതിയിരിക്കണം. സിപിഎമ്മിനെതിരേ നടക്കുന്ന പ്രചാരണം രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.