
രക്ഷപ്പെട്ട പ്രവാസിവ്യവസായി മലപ്പുറം വണ്ടൂർ പൂങ്ങോട്വലിയപീടിയക്കൽ സി.പി. മുഹമ്മദലിയെ വാണിയംകുളം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
വാണിയംകുളം : തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്ന് പ്രവാസിവ്യവസായി രക്ഷപ്പെട്ടത് തന്ത്രപരമായി. മലപ്പുറം വണ്ടൂർ പൂങ്ങോട് വലിയപീടിയക്കൽ സി.പി. മുഹമ്മദലി (ആലുങ്ങൽ മുഹമ്മദലി-72) യാണ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. പരിക്കേറ്റ മുഹമ്മദലി വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള ക്വട്ടേഷനാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കാളികാവിലെ വീട്ടിൽനിന്ന് കാറിൽ കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയത്. കാറിൽ പിന്തുടർന്നെത്തിയ സംഘം തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനുസമീപം കാർ തടഞ്ഞാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് ഒറ്റപ്പാലം അനങ്ങനടി പത്തംകുളം കുണ്ടടിയിലെ ഒരു വീട്ടിലെത്തിച്ചു. ഇവിടെ നിന്ന് മുഹമ്മദലിയുടെ കാനഡയിലുള്ള മകന്റെ ഫോണിലേക്ക് 70 കോടിരൂപ വേണമെന്നാവശ്യപ്പെട്ട് ശബ്ദസന്ദേശവും അയച്ചു.
മദ്യപാനത്തിനിടെ ക്രൂരമായി ഉപദ്രവിച്ചശേഷം സംഘാംഗങ്ങൾ ലക്കുകെട്ട് കിടന്നപ്പോൾ മുഹമ്മദലി തടവിലിട്ട വീട്ടിൽനിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ അവശനിലയിൽ പ്രദേശത്തെ പള്ളി പരിസരത്തെത്തിയ മുഹമ്മദലിയെ നാട്ടുകാർ കാണുകയും തുടർന്ന്, പോലീസെത്തി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കയും ചെയ്തു. മുഹമ്മദലിയുൾപ്പെട്ട കൂട്ടുകച്ചവടവുമായി ബന്ധപ്പെട്ട് 17 കോടി രൂപയുടെ ഒരു കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
തട്ടിക്കൊണ്ടുപോയ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സ്ഥിരീകരണമായിട്ടില്ല. ജില്ലാ പോലീസ് മേധാവി അജിത്കുമാറിന്റെ മേൽനോട്ടത്തിൽ ഷൊർണൂർ ഡിവൈഎസ്‌പി എൻ. മുരളീധരനാണ് കേസിന്റെ അന്വേഷണച്ചുമതല. തടവിൽപ്പാർപ്പിച്ച പനമണ്ണയിലെ വീട്ടിൽ പോലീസിന്റെ ശാസ്ത്രീയപരിശോധനാ വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വിദേശത്തും മലപ്പുറത്തുമായി ഏതാനും ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉടമ കൂടിയാണ് മുഹമ്മദലി. പ്രതികളെന്ന് സംശയിക്കുന്ന ആറുപേരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: A wealthy businessman escaped his kidnappers after they demanded a ₹70 crore ransom. He was rescued after the abductors became inebriated.
Published: 08 Dec 2025, 04:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented