കുർനൂൽ (ആന്ധ്രപ്രദേശ്): മുൻ കാമുകന്റെ ഭാര്യയായ ഡോക്ടർക്ക് എച്ച്‌ഐവി വൈറസുള്ള രക്തം കുത്തിവെച്ച സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മുൻകാമുകിയും കുർനൂൽ സ്വദേശിനിയുമായ ബി. ബോയ വസുന്ധര (34), അഡോണിയിലെ സ്വകാര്യാശുപത്രിയിലെ നഴ്സ് കോംഗെ ജ്യോതി (40), ജ്യോതിയുടെ ഇരുപതുകാരായ രണ്ടുമക്കൾ എന്നിവരാണ് പിടിയിലായത്.

To advertise here,

ഡോക്ടറായ യുവാവുമായി വസുന്ധര പ്രണയത്തിലായിരുന്നു. പിന്നീട് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ യുവാവ് പ്രണയം അവസാനിപ്പിച്ച് മറ്റൊരു വിവാഹം കഴിച്ചു. ഇതോടെ, വസുന്ധരയ്ക്കു പകയായി. തുടർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.

സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽനിന്ന് ഗവേഷണത്തിനെന്ന വ്യാജേനയാണ് പ്രതികൾ എച്ച്‌ഐവി ബാധിത രക്തസാംപിളെടുത്തത്. ഈ മാസം ഒൻപതിന്, സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന വനിതാഡോക്ടറെ മോട്ടോർസൈക്കിളിലെത്തിയ രണ്ടുപേർ മനഃപൂർവം ഇടിച്ചുവീഴ്ത്തി. സഹായിക്കാനെന്ന വ്യാജേന പ്രതികൾ ഡോക്ടറെ ഓട്ടോറിക്ഷയിൽ കയറ്റി. ഇതിനിടെ, വസുന്ധര വൈറസ് കുത്തിവെക്കുകയായിരുന്നു. ഡോക്ടർ നിലവിളിച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഭർത്താവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.