മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരേ ദുര്‍മന്ത്രവാദം നടത്തിയെന്ന കേസില്‍ വനിതാ മന്ത്രിയും മുന്‍ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മാലദ്വീപ് പരിസ്ഥിതി മന്ത്രിയായ ഫാത്തിമ ഷംനാസ് അലി സലീം, ഇവരുടെ മുന്‍ഭര്‍ത്താവും പ്രസിഡന്റ് ഓഫീസിലെ കാബിനറ്റ് റാങ്കിലുള്ള ആദം റമീസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇവരെക്കുറിച്ചോ കേസിനെ സംബന്ധിച്ചോ പോലീസ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഫാത്തിമയുടെയും ആദം റമീസിന്റെയും ചില പ്രവൃത്തികളില്‍ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. പക്ഷേ, എന്ത് ദുര്‍മന്ത്രവാദമാണ് ഇവര്‍ നടത്തിയതെന്നോ ഇവര്‍ക്കെതിരേ ലഭിച്ച തെളിവുകളോ കേസിന്റെ വിശദവിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
അതേസമയം, പ്രസിഡന്റെതിരേയുള്ള ദുര്‍മന്ത്രവാദവും മന്ത്രിയുടെ അറസ്റ്റും മാലദ്വീപില്‍ വന്വിവാദങ്ങള്ക്കും ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്. വരുംദിവസങ്ങളില്‍ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്തുവരുമെന്നും ഇത് ശക്തമായ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് സൂചന.
അറസ്റ്റിലായ ആദം റമീസ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അടുത്ത അനുയായിയെന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞ അഞ്ചു മാസമായി ഇദ്ദേഹം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഫാത്തിമ ഷംനാസ് അലി നേരത്തെ മാലെ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. മുഹമ്മദ് മുയിസു മാലെ സിറ്റി മേയറായിരുന്ന കാലത്ത് ഫാത്തിമയും മാലെ സിറ്റി കൗണ്‍സിലിലുണ്ടായിരുന്നു. അതിനിടെ, കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ജൂണ്‍ 27-ന് ഫാത്തിമ ഷംനാസിനെ പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രസിഡന്റ് ഓഫീസിലെ പദവിയില്‍നിന്ന് ആദം റമീസിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Content Highlights: blackmagic on maldives president woman minister and ex husband arrested
Published: 29 Jun 2024, 12:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented