കോഴിക്കോട്: രാമനാട്ടുകര ഇസാഫ് ബാങ്കിനെ കബളിപ്പിച്ച് പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ലാല്‍ 40 ലക്ഷം കവര്‍ന്ന സംഭവത്തിനുപിന്നില്‍ ചുരുളഴിയാതെ സംശയങ്ങള്‍. ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ച സ്വര്‍ണം എടുക്കാനെന്ന വ്യാജകഥയുണ്ടാക്കിയാണ് ബാങ്കിനെ സമീപിച്ചതും പണം തട്ടിയെടുത്തതും. പന്തീരാങ്കാവിലെ 'അക്ഷയ ഫിനാന്‍സ്' എന്ന ധനകാര്യസ്ഥാപനത്തില്‍ ഷിബിന്‍ലാല്‍ പണയംവെച്ചെന്നു പറഞ്ഞ സ്വര്‍ണം തിരികെയെടുത്ത് ഇസാഫിലേക്ക് മാറ്റാനാണ് 40 ലക്ഷം രൂപയുമായി എട്ട് ജീവനക്കാരെ ഷിബിന്‍ ലാലിനൊപ്പം ബാങ്ക് പറഞ്ഞുവിട്ടത്. 

To advertise here,

കവര്‍ച്ചയ്ക്കുപിന്നില്‍ ഷിബിന്‍ലാല്‍ മാത്രമല്ല എന്ന സംശയത്തിലാണ് പോലീസ്. രാമനാട്ടുകരയില്‍നിന്ന് 40 ലക്ഷം രൂപയുമായി കാറിലും ഓട്ടോറിക്ഷയിലുമായാണ് ബാങ്കിന്റെ എട്ട് ജീവനക്കാര്‍ പന്തീരാങ്കാവിലേക്ക് തിരിച്ചത്. അവരുടെമുന്നില്‍ സ്‌കൂട്ടറിലായിരുന്നു ഷിബിന്‍ലാല്‍. പന്തീരാങ്കാവ് മണക്കടവ് റോഡിലെ അക്ഷയ ഫൈനാന്‍സിയേഴ്സിന് മുന്നില്‍ കാര്‍ നിര്‍ത്തി ഷിബിന്‍ലാലിന് കൈമാറാനായി കാറില്‍നിന്ന് പണം പുറത്തെടുത്തപ്പോള്‍ത്തന്നെ അയാള്‍ തട്ടിപ്പറിച്ചോടിയെന്നാണ് ബാങ്ക് ജീവനക്കാരന്‍ പോലീസിന് നല്‍കിയ മൊഴി. പണം തട്ടിപ്പറിച്ചോടിയിട്ടും എന്തുകൊണ്ട് ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴുപേര്‍ കണ്ടില്ല എന്നതിന് അവര്‍ക്ക് ഉത്തരംനല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.

ബാങ്കിന് 40 ലക്ഷം രൂപ നഷ്ടമായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ ഷിബിന്‍ലാലിന്റെ പങ്കും വ്യക്തമാണ്. ഷിബിന്‍ലാലിന്റെ വീട്ടില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നേരിട്ടുപോയി വിലാസം സ്ഥിരീകരിച്ചശേഷമാണ് അക്കൗണ്ട് തുറന്നത്. ആധാര്‍ അടക്കമുള്ള എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്.

ഇങ്ങനെ തിരിച്ചറിയാനുള്ള എല്ലാ വിവരങ്ങളും നല്‍കിയശേഷം ഷിബിന്‍ലാല്‍ മാത്രമായി കവര്‍ച്ച ആസൂത്രണംചെയ്യുമോ, ആരാണ് ഇതിനുപുറകിലുള്ളത് എന്ന കാര്യങ്ങളെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. ഇസാഫ് ബാങ്കില്‍നിന്ന് 10 ലക്ഷം രൂപ പുറത്തുകൊണ്ടുപോവുമ്പോള്‍ രണ്ടു ജീവനക്കാര്‍ ഉണ്ടാവണമെന്നാണ് വ്യവസ്ഥ. 40 ലക്ഷമായതുകൊണ്ടാണ് എട്ടുപേരെ ബാങ്ക് അധികൃതര്‍ പറഞ്ഞുവിട്ടത്.

വ്യാജ കാര്‍ഡുണ്ടാക്കി; മൂന്ന് ബാങ്കുകളെ സമീപിച്ചു

ഷിബിന്‍ ലാല്‍ 38 ലക്ഷം രൂപയുടെ സ്വര്‍ണം പണയംവെച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനായി മൂന്നു ബാങ്കുകളുടെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നതായി അക്ഷയ ഫിനാന്‍സിയേഴ്‌സ് മാനേജര്‍ ചന്ദ്രശേഖരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

51 ലക്ഷം വായ്പകൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ച് രണ്ട് ബാങ്കുകാര്‍ ചൊവ്വാഴ്ചയും പന്തീരാങ്കാവിലെ ഒരു സ്വകാര്യബാങ്ക് ബുധനാഴ്ചയുമാണ് എത്തിയത്. എന്നാല്‍, പരമാധി ഒന്നരലക്ഷം രൂപയേ വായ്പ നല്‍കാറുള്ളൂ എന്ന് പറഞ്ഞപ്പോള്‍ അവര്‍ മടങ്ങി. ഞങ്ങളുടെ സ്ഥാപനത്തിന്റെ എംബ്‌ളവും എഴുത്തുമൊന്നുമില്ലാത്ത വായ്പാ കാര്‍ഡും അവര്‍ കൊണ്ടുവന്നിരുന്നു. ഈ കാര്‍ഡ് ഷിബിന്‍ വ്യാജമായി നിര്‍മിച്ചതായിരിക്കാമെന്ന് താന്‍ ബാങ്കുകാരോട് പറഞ്ഞതായും അക്ഷയ ഫിനാന്‍സിയേഴ്‌സ് മാനേജര്‍ വ്യക്തമാക്കി.

''നാലുവര്‍ഷം മുന്‍പാണ് ഷിബിന്‍ ലാല്‍ അക്ഷയയില്‍ അവസാനമായി ഇടപാട് നടത്തിയത്. അത് അയ്യായിരവും പതിനായിരവുമൊക്കെയേ ഉള്ളൂ. വലിയ തുകയുടെ ഇടപാട് ഇതുവരെ നടത്തിയിട്ടില്ല'' -ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.