ബാലരാമപുരം : കോട്ടുകാൽക്കോണത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.

To advertise here,

കസ്റ്റഡിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി. പ്രതിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഹരികുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം 30-ന് പുലർച്ചെയാണ്, അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാർ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയിലേക്കു പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെയെടുത്ത് കിണറ്റിലെറിഞ്ഞത്.

സഹോദരിയോടു തോന്നിയ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന് ഹരികുമാർ സമ്മതിച്ചതായി അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.

പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു. 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാൻ ഹരികുമാർ വാട്‌സാപ്പിൽ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാൽ ശ്രീതു തിരികെപ്പോയി. തുടർന്നാണ് അടുത്ത ദിവസം പുലർച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന്‌ പ്രതി പോലീസിനോടു പറഞ്ഞു. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാൽ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. ഹരികുമാറിനെ കോടതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലാക്കി.

സാമ്പത്തികത്തട്ടിപ്പിൽ ശ്രീതുവിനെതിരേ വീണ്ടും പരാതി

:സാമ്പത്തികത്തട്ടിപ്പ്‌ കേസിൽ റിമാൻഡിൽ കഴിയുന്ന ദേവേന്ദുവിന്റെ അമ്മ ശ്രീതു അന്വേഷണസംഘത്തിനു നൽകിയ പീഡനപരാതിയുടെ അടിസ്ഥാനത്തിൽ പോലീസുകാരനെതിരേ ബാലരാമപുരം പോലീസ് കേസെടുത്തു. പരശുവയ്ക്കൽ സ്വദേശി ഗിരീഷ് എന്ന പോലീസുകാരനെതിരേയാണ് കേസെടുത്തത്. ശ്രീതുവിനെ ഗിരീഷ് പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമാണ് പരാതി. ഇയാൾ നേരത്തേ എസ്.പി. ഓഫീസിലെ പോലീസുകാരനായിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കേയാണ് ശ്രീതു ഗിരീഷിനെതിരേ പരാതി പറഞ്ഞത്. ബാലരാമപുരം പോലീസാണ് ഗിരീഷിനെതിരേ കേസെടുത്തത്.

പോലീസുകാരനെതിരേ കേസെടുത്തെങ്കിലും കൂടുതൽ അന്വേഷണം നടത്തിയാലേ തുടർനടപടികൾ സ്വീകരിക്കാനാകൂവെന്ന് ബാലരാമപുരം പോലീസ് ഇൻസ്പെക്ടർ ധർമജിത്ത് പറഞ്ഞു. ഇതിനിടെ, ശ്രീതു ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പറഞ്ഞ് രതീഷ് എന്നയാൾ പോലീസിൽ പുതിയ പരാതി നൽകി. കളക്ടറേറ്റിൽ ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീതുവിനെതിരേ മറ്റൊരു കേസ് എടുത്തതായി പോലീസ് പറഞ്ഞു. ഈ കേസിൽ കൂടുതൽ ചോദ്യംചെയ്യലിനായി ശ്രീതുവിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാനായി കോടതിയിൽ അപേക്ഷ നൽകുമെന്ന് ഇൻസ്െപക്ടർ ധർമജിത്ത് പറഞ്ഞു.