
ചാത്തമംഗലം(കോഴിക്കോട്): പോലീസിന്റെ അവസരോചിതമായ ഇടപെടല്‍മൂലം തടയാനായത് വന്‍കവര്‍ച്ച. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് കളന്‍തോട് എസ്ബിഐയുടെ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമംനടന്നത്. രാത്രി പട്രോളിങ് നടത്തുകയായിരുന്ന കുന്ദമംഗലം പോലീസാണ് ഈ ശ്രമം തടഞ്ഞത്. മോഷണശ്രമം നടത്തിയ ബംഗാള്‍ സ്വദേശി ബബുല്‍ ഹഖി(25)നെ പോലീസ് അറസ്റ്റുചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ; കുന്ദമംഗലം സ്റ്റേഷന്‍ പരിധിയായ കളന്‍തോടുവരെ രാത്രി പട്രോളിങ് നടത്തുകയായിരുന്നു സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, സിപിഒ ഇ.ടി. പ്രജിത്ത്, ഡ്രൈവര്‍ രാജേന്ദ്രന്‍ എന്നിവര്‍. കളന്‍തോട് അക്ഷയ കെട്ടിടത്തിനു സമീപത്ത് വാഹനം നിര്‍ത്തിയപ്പോള്‍ എടിഎം കൗണ്ടറില്‍നിന്ന് വെളിച്ചം കണ്ടിരുന്നില്ല. സംശയംതോന്നി മൂവരും വാഹനത്തില്‍നിന്നിറങ്ങി കൗണ്ടറിനടുത്തേക്കു നീങ്ങി. ഈ സമയം കൗണ്ടറിന്റെ ഷട്ടര്‍ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. തുറക്കാന്‍ നോക്കിയപ്പോള്‍ ഉള്ളില്‍നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഷട്ടര്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അകത്തുനിന്ന് പ്രതിരോധിക്കുന്നപോലെയാണ് അനുഭവപ്പെട്ടത്.
തുടര്‍ന്ന് ബലം പ്രയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തി. ആ സമയം ഉള്ളിലുള്ള ആള്‍ പുറത്തേക്കോടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ചെറിയ ഗ്യാസ് സിലിന്‍ഡര്‍, കട്ടര്‍, സ്‌ക്രൂഡ്രൈവര്‍, പ്ലയര്‍ എന്നിവയും ഇയാളില്‍നിന്ന് കണ്ടെടുത്തു.
എടിഎം യന്ത്രത്തിന്റെ ഒരുവശം മുഴുവനും ദ്വാരമുണ്ടാക്കിയനിലയിലായിരുന്നു. അകത്തെ ക്യാമറയില്‍ കറുപ്പ് പെയിന്റടിച്ച നിലയിലായിരുന്നു. അലാറം വയറും മുറിച്ചിരുന്നു. യന്ത്രം കേടുവന്നെങ്കിലും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികനിഗമനം.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് അസി. കമ്മിഷണര്‍ എ. ഉമേഷ് സ്ഥലത്തെത്തി. പിടിയിലായ ബബുല്‍ ഹഖ് കളന്‍തോടില്‍നിന്ന് 100 മീറ്റര്‍ അകലെ ലൈന്‍ മുറിയിലാണ് താമസിക്കുന്നത്. ഇവിടെയും പോലീസ് പരിശോധന നടത്തി.
Content Highlights: Quick action by Kunnamangalam police prevented a major ATM robbery in Chathamangalam.
Published: 13 Aug 2025, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented