കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിന്‍ രാജിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ആലുവ പോലീസ് എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. പീഡനം, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.

To advertise here,

സെപ്റ്റംബര്‍ ഏഴിനാണ് ആലുവ എടയപ്പുറത്തെ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഇതരസംസ്ഥാനക്കാരിയായ കുട്ടി പീഡനത്തിനിരയായത്. പുലര്‍ച്ചെയോടെ വീട്ടിലെത്തിയ ക്രിസ്റ്റിന്‍ രാജ് കുട്ടിയെ എടുത്തുകൊണ്ടുപോയി സമീപത്തെ പാടത്തുവെച്ചാണ് ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. അന്ന് വൈകിട്ടുതന്നെ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.

സ്ഥിരം കുറ്റവാളിയാണ് തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റിന്‍ രാജ്. പെരുമ്പാവൂരില്‍ ഒരു പോക്‌സോ കേസിലും വയോധികയെ പീഡിപ്പിച്ച മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കൃത്യം നടന്ന് രണ്ടര മാസത്തിനുള്ളിലാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. എത്രയുംവേഗം വിചാരണ പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. പ്രതി ഇപ്പോൾ ജയിലിലാണ്.