അഹമ്മദാബാദ്: അല്‍ഖായിദയുടെ ആശയപ്രചാരണ ശൃംഖല നടത്തിയിരുന്ന യുവതിയെ ഗുജറാത്ത് പോലീസിന്റെ തീവ്രവാദവിരുദ്ധവിഭാഗം ബെംഗളൂരുവില്‍ അറസ്റ്റുചെയ്തു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായിദയുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. നേരത്തേ പിടിയിലായ നാലു യുവാക്കളില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്. പാക് ഭീകരരുമായി ഓണ്‍ലൈന്‍ബന്ധമുണ്ടായിരുന്നതായും വ്യക്തമായി.

To advertise here,

ബെംഗളൂരുവില്‍ ഹെബ്ബാളിലെ ആര്‍ടി നഗറില്‍നിന്ന് ഷമ പര്‍വീണ്‍ അന്‍സാരി (30)യെയാണ് കര്‍ണാടക പോലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്തത്. ഷമ, ഓണ്‍ലൈന്‍ ഭീകരശൃംഖല നടത്തിയിരുന്നെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു.

ഇന്ത്യാസര്‍ക്കാരിനെതിരേ ജിഹാദിന് ആഹ്വാനംചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റ് ചെയ്തിരുന്നു. രണ്ട് ഫെയ്സ്ബുക്ക് പേജുകളും ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പതിനായിരത്തിലധികം ഫോളോവേഴ്സും ഉണ്ട്. അല്‍ഖായിദ നേതാവ് മൗലാന അസിം ഉമര്‍, കൊല്ലപ്പെട്ട അല്‍ഖായിദ നേതാവ് അന്‍വര്‍ അല്‍ ഔലാക്കി, ലഹോറിലെ മൗലാന അബ്ദുള്‍ അസീസ് തുടങ്ങിയവരുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഷമ പോസ്റ്റ് ചെയ്തിരുന്നതായി എടിഎസ് ഐജി സുനില്‍ ജോഷി പറഞ്ഞു. അവിശ്വാസികളെ ആക്രമിക്കാനും ഇന്ത്യന്‍ഭരണകൂടത്തെ അട്ടിമറിക്കാനും ആഹ്വാനംചെയ്യുന്നവയാണ് ഈ പോസ്റ്റുകള്‍.

ജൂലായ് 23-ന് ഗുജറാത്തിലെ മൊഡാസ, അഹമ്മദാബാദ്, ഉത്തര്‍പ്രദേശിലെ നോയിഡ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നായി നാലുപേരെ എടിഎസ് അറസ്റ്റുചെയ്തിരുന്നു. ഇവരില്‍ ഡല്‍ഹിക്കാരനായ മുഹമ്മദ് ഫൈഖാണ് ഷമ പര്‍വീണിന്റെ പോസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിച്ചിരുന്നത്. ഇതാണ് പോലീസിനെ ബെംഗളൂരുവിലെത്തിച്ചത്. പാക് തീവ്രവാദി ഗ്രൂപ്പുകളുമായി ഇ-മെയില്‍ വഴി ബന്ധപ്പെട്ടതിന്റെ തെളിവുകളും ഷമയുടെ ഫോണില്‍നിന്നും ലാപ്ടോപ്പില്‍നിന്നും ലഭിച്ചതായും എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഇവര്‍ സഹോദരനൊപ്പം വാടകവീട്ടില്‍ മൂന്നുവര്‍ഷമായി താമസിച്ചുവരുകയാണ്.