പീരുമേട് (ഇടുക്കി): വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ആന നിരപരാധി. പീരുമേട് തോട്ടാപ്പുര സ്വദേശി സീത(42) മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്നും ശരീരത്തില്‍ മല്‍പിടിത്തം നടന്നതിന് സമാനമായ പാടുകള്‍ കണ്ടെത്തിയെന്നും സൂചിപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സീതയുടെ കഴുത്തിലും ശരീരത്തിലും മല്‍പിടിത്തം നടന്നതിന് സമാനമായ പാടുകള്‍ കണ്ടെത്തിയതായാണ് വിവരം. സീതയെ വനത്തിലെ മീന്‍മുട്ടി ഭാഗത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ചതാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബിനു വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍, സീതയുടെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം കാട്ടാന ആക്രമണത്തില്‍ ഉണ്ടായതല്ലെന്ന് ആദ്യമേ സംശയം തോന്നിയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഇതിനെ സാധൂകരിക്കുന്നതാണെന്നും കോട്ടയം ഡിഎഫ്ഒ എന്‍.രാജേഷ് പറഞ്ഞു.

സീതയുടെ തലയ്‌ക്കൊഴികെ ശരീരത്തില്‍ കാര്യമായ മറ്റ് മുറിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കിയത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച തന്നെ കാട്ടാന തട്ടിത്തെറിപ്പിച്ചുവെന്ന് ബിനു പറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ബിനുവിനും കാര്യമായ പരിക്കുകള്‍ കണ്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച പോലീസിന് കൈമാറും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ സംഭവത്തേക്കുറിച്ച് കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച സംഭവസ്ഥലം പീരുമേട് പോലീസ് പരിശോധിക്കും.
പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍
പീരുമേട് (ഇടുക്കി): വനത്തിനുള്ളില്‍ കൊല്ലപ്പെട്ട ആദിവാസിസ്ത്രീ പീരുമേട് തോട്ടാപ്പുര സ്വദേശി സീതയുടെ പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍:
മുഖത്തും കഴുത്തിലും കൈവിരലുകള്‍ കൊണ്ട് അമര്‍ത്തിയ പാടുകള്‍. തലയുടെ ഇടതുഭാഗത്ത് പിടിച്ച് വലതുഭാഗം പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ച ക്ഷതങ്ങള്‍. തലയുടെ ഇടത് വശത്തും ക്ഷതം. തല മരത്തില്‍ ഇടിപ്പിച്ചതാകാന്‍ സാധ്യത. ആക്രമണം മുന്നില്‍നിന്ന്. തലയുടെ പിന്നില്‍ പരിക്കുണ്ട്. ഇത് വീഴ്ചയില്‍ സംഭവിച്ചതാകാം. മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകള്‍. കഴുത്തില്‍ ശക്തിയായി അമര്‍ത്തിപ്പിടിച്ചിട്ടുണ്ട്. രണ്ടു കൈകൊണ്ടും മുഖത്ത് അടിയേറ്റു. ഉയര്‍ന്ന ഭാഗത്തുനിന്ന് താഴേക്ക് പാറപോലുള്ള പ്രതലത്തിലേക്ക് മലര്‍ന്നുവീണിട്ടുണ്ട്. വീഴ്ചയില്‍ പിടലി തകര്‍ന്നു. ചെറിയദൂരം കാലില്‍ പിടിച്ചു വലിച്ചിഴക്കപ്പെട്ടു. ഇടതുവശത്തെ ഏഴു വാരിയെല്ലുകളും വലത് വശത്തെ ആറു വാരിയെല്ലുകളും പൊട്ടി. മൂന്നെണ്ണം ശ്വാസകോശത്തില്‍ കയറി. നാഭിക്ക് തൊഴി കിട്ടി. വലത് കൈത്തണ്ടയില്‍ ശക്തമായി പിടിച്ചുവലിച്ചതിന്റെ ലക്ഷണം.
മൊഴിയിലെ വൈരുധ്യം സംശയം ബലപ്പെടുത്തുന്നു -ഡിഎഫ്ഒ എന്‍. രാജേഷ്
സീതയുടെ മരണത്തേക്കുറിച്ച് സംഭവംനടന്ന വെള്ളിയാഴ്ച രാത്രി തന്നെ സംശയം തോന്നിയിരുന്നതായി കോട്ടയം ഡിഎഫ്ഒ എന്‍. രാജേഷ്. സാധാരണനിലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഉണ്ടാകുന്ന പരിക്കുകള്‍ സീതയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. തന്നെയും കാട്ടാന എടുത്തെറിഞ്ഞിരുന്നുവെന്ന് സീതയുടെ ഭര്‍ത്താവ് ബിനു പറഞ്ഞിരുന്നു. എക്സ്‌റേ പരിശോധനയടക്കം നടത്തിയെങ്കിലും കാര്യമായ പരിക്കൊന്നും ബിനുവിനുള്ളതായി കണ്ടെത്താനായില്ല.
ഫീല്‍ഡില്‍ ഉണ്ടായിരുന്ന വനപാലകരും ഇതേ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. സംഭവം പീരുമേട് ഡിവൈഎസ്പിയെ വെള്ളിയാഴ്ച രാത്രിതന്നെ അറിയിച്ചിരുന്നു. വിശദമായ പരിശോധനകള്‍ വേണമെന്നും ആവശ്യപ്പെട്ടു. ബിനു ഫയര്‍ വാച്ചറായി വനംവകുപ്പില്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു. കാട്ടില്‍ പോകുമ്പോള്‍ ആനകളുള്ള സ്ഥലത്തുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ശരിയായ ദിശയില്‍ കൊണ്ടുപോയിരുന്ന ആളാണ് ഇദ്ദേഹം. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ മൊഴികളെല്ലാം സംശയം ബലപ്പെടുത്തുന്നതായിരുന്നുവെന്നും ഡിഎഫ്ഒ പറഞ്ഞു. സംഭവത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഇടുക്കി എസ്പി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു.
കാട്ടാന ആക്രമണം ആവര്‍ത്തിച്ച് ബിനു
പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷവും കാട്ടാന ആക്രമണത്തില്‍തന്നെയാണ് സീത കൊല്ലപ്പെട്ടതെന്ന് ബിനു ആവര്‍ത്തിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. കാട്ടാനയാണ് അമ്മയെ കൊന്നതെന്ന് സീതയുടെ ഒരു മകനും ഈ വീഡിയോയില്‍ പറയുന്നു. ഈ മകനും ദമ്പതിമാര്‍ക്കൊപ്പം വനത്തിലുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെയാണ് സര്‍ജന്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തോട്ടാപ്പുരയ്ക്ക് സമീപം പൊതുഇടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ഭര്‍ത്താവ് ബിനു സംസ്‌കാരച്ചടങ്ങില്‍ പൂര്‍ണസമയവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സീന വനത്തിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായെന്ന ഫോണ്‍ സന്ദേശം വനപാലകര്‍ക്ക് ലഭിച്ചത്. വനപാലകര്‍ പാതിവഴി എത്തിയപ്പോള്‍ ബിനു, സീതയെ ചുമന്ന് കൊണ്ടുവരുന്നത് കണ്ടു. രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. ഇവര്‍ ജീപ്പിലാണ് സീതയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
Content Highlights: adivasi woman seetha death post mortem report findings
Published: 15 Jun 2025, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented