സൂറത്ത്: ഗുജറാത്തില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടന്ന സംഭവത്തില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ട്രാക്ക്മാന്‍മാരായ സുഭാഷ് പോദാര്‍, മനിഷ്കുമാര്‍ സര്‍ദേവ് മിസ്ട്രി, കരാര്‍ ജീവനക്കാരനായ ശുഭം ജയ്സ്വാള്‍ എന്നിവരാണ് അറസ്റ്റിലായത്. അട്ടിമറി സംഭവം റെയില്‍വേ അധികൃതരെ അറിയിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഇത്തരം അട്ടിമറി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രമോഷന് നേടാനാകുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി ലഭിക്കുമെന്നും കരുതിയാണ് ഇത് ചെയ്തതെന്നാണ് പ്രതികള്‍ നൽകിയ മൊഴി. മാത്രമല്ല, നൈറ്റ് ഡ്യൂട്ടി കൂടുതൽ ലഭിക്കുമെന്നും അതുവഴി അധികമായി അവധി ലഭിക്കുമെന്ന് കണക്കുകൂട്ടിയതായും പ്രതികൾ പറഞ്ഞു.
സംഭവിച്ചത് ഇങ്ങനെ:
സെപ്റ്റംബര്‍ 21 ശനിയാഴ്ച പുലര്‍ച്ചെ 5.25 -നാണ് റെയില്‍വേ ഉദ്യോഗസ്ഥനായ സുഭാഷ് പോദാര്‍ റെയിൽ അട്ടിമറി ശ്രമം അധികൃതരെ അറിയിക്കുന്നത്. ട്രാക്കിലെ ലോക്കുകള്‍ അഴിച്ചനിലയിലാണെന്നും രണ്ട് റെയിലുകളെ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലാണെന്നുമാണ് അദ്ദേഹം റിപ്പോർട്ട് ചെയ്തത്. പട്രോളിങ്ങിലായിരുന്ന താന്‍ റെയില്‍വേ ട്രാക്കിനടുത്ത് മൂന്നുപേരെ കണ്ടെന്നും ഒച്ചവെച്ചപ്പോള്‍ ഇവര്‍ ഓടിപ്പോയെന്നും പദോര് പറഞ്ഞു.
ഡല്‍ഹി-മുംബൈ രാജധാനി ഉള്‍പ്പെടെ രണ്ട് ട്രെയിനുകള്‍ ഇതിനു തൊട്ടുമുമ്പാണ് കടന്നുപോയത്. ഇതേ ട്രാക്കില്‍ അല്‍പ്പസമയത്തിന് ശേഷം കടന്നുപോകേണ്ടിയിരുന്ന മറ്റൊരു ട്രെയിന്‍ അറിയിപ്പ് നല്കി സ്റ്റേഷനില്‍ പിടിച്ചിടുകയായിരുന്നു. ശേഷം പോദാറുള്പ്പെടെ മൂന്ന് പേര് ചേര്‍ന്ന് ട്രാക്കുകള്‍ നന്നാക്കി.
സംശയം വര്‍ധിപ്പിച്ചത് മൊഴികള്‍
പോലീസും എന്‍.ഐ.എ യും ചേര്‍ന്നാണ് ഈ അട്ടിമറിയെ സംബന്ധിച്ച് അന്വേഷണം നടത്തിയത്. പോദാര്‍ പറഞ്ഞ കഥയില്‍ തുടക്കത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായിരുന്നു.
ലോക്കോപൈലറ്റുമാരുടെ മൊഴിയാണ് പ്രധാനമായും സംശയത്തിനിടയാക്കിയത്. അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ ഒന്നും കണ്ടില്ലെന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. റെയില്‍വേ ട്രാക്ക്മാനായ പോദാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് 25 മിനിറ്റുകള്‍ മാത്രം മുമ്പാണ് ഡല്‍ഹി-രാജധാനി എക്സ്പ്രസ് കടന്നുപോയത്.
71 ബോള്‍ട്ടുകള്‍ നീക്കിയ നിലയിലും ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. എന്നാല്‍, ബോള്‍ട്ടുകള്‍ നീക്കാന്‍ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലുമെടുക്കും. ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റാന്‍ എല്ലാവര്ക്കും സാധിക്കില്ല. പരിചയസമ്പന്നരായ ആള്‍ക്കാര്‍ക്ക് കൃത്യമായ ഉപകരണം ഉപയോഗിച്ചാല്‍ തന്നെ കുറഞ്ഞത് 25 മിനിറ്റോളമെടുക്കും അത് ചെയ്യാൻ. എടുത്തുമാറ്റിയ ഫിഷ് പ്ലേറ്റുകള്‍ അടുത്തുള്ള ട്രാക്കുകളില്‍ കിടക്കുന്നത് കണ്ടെന്ന് മറ്റു ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാരും പറഞ്ഞതോടെ സംഭവസ്ഥലത്തുള്ളവര്ക്ക് മാത്രമേ ഇത് ചെയ്യാനാകൂയെന്ന നിഗമനത്തില്‍ അന്വേണസംഘമെത്തി.
മൂന്നുപേരെ സംഭവസ്ഥലത്ത് കണ്ടെന്നും ഇവര്‍ ഒച്ചയെടുത്തപ്പോള്‍ ഓടിപ്പോയെന്നുമാണ് പോദാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, കാല്പാദത്തിന്റെ അടയാളം കണ്ടെത്താനാകാത്തത് സംശയം വര്‍ധിപ്പിച്ചു.
ഒടുവില്‍ കുറ്റസമ്മതം, ചെയ്തത് പ്രമോഷനുവേണ്ടി
ലോക്കുകള്‍ അഴിച്ച നിലയിൽ കാണപ്പെട്ട സ്ഥലത്തെ വീഡിയോ എടുത്തിട്ടുണ്ടെന്നാണ് പോദാര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അദ്ദേഹത്തെ ചോദ്യം ചെയ്ത സമയത്ത് അത് ഡിലീറ്റ് ചെയ്തെന്ന മറുപടിയാണ് നല്‍കിയത്. ഫോണ്‍ പരിശോധിച്ചപ്പോള്‍ സംഭവം ഇയാള്‍ കാണുന്നതിന് 20 മിനിറ്റ് മുമ്പുള്ള വീഡിയോയാണ് പോലീസിന് ലഭിച്ചത്. മറ്റുള്ളവരുടെ ഫോണില്‍നിന്ന് ഇതിന്റെ ഫോട്ടോകളും ലഭിച്ചു. അതോടെ ഇവരുടെ പങ്ക് വ്യക്തമായി.
ചോദ്യംചെയ്യലില്‍ പ്രതികൾ കുറ്റം സമ്മതിച്ചു. എന്നാല്‍, ഇത് ചെയ്തതിന് വിചിത്രമായ കാരണമാണ് പ്രതികള്‍ പറഞ്ഞത്. ഇത്തരം അട്ടിമറി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രമോഷന് നേടാനാകുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി ലഭിക്കുമെന്നും കരുതിയെന്ന് പ്രതികള്‍ പറഞ്ഞു. നൈറ്റ് ഡ്യൂട്ടി തുടരുന്നത് ഉറപ്പാക്കാനും സാധിക്കും. അങ്ങനെവന്നാല്‍ ഒരു ദിവസം അധികം അവധി കിട്ടുമെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകുമെന്നും പ്രതികള്‍ പറഞ്ഞു.
Content Highlights: 3 railway employees arrested for sabotaging tracks For Promotions
Published: 24 Sept 2024, 08:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented