തിരുനെല്‍വേലി: വസ്ത്രങ്ങള്‍ വലിച്ചുകീറി,ക്രൂരമായി മര്‍ദിച്ചു, ദേഹത്ത് മൂത്രം ഒഴിച്ചു...തമിഴ്‌നാട്ടില്‍ ദളിത് യുവാക്കള്‍ക്ക് നേരെ ഉണ്ടായത് നിഷ്ഠൂര അതിക്രമം. കഴിഞ്ഞ മാസം 30-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണിമൂര്‍ത്തിശ്വരം സ്വദേശികളായ മനോജ് കുമാര്‍, മാരിയപ്പന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും താമിരഭരണിയില്‍ കുളിക്കാന്‍ പോയി മടങ്ങുംവഴിയായിരുന്നു അക്രമം. പരാതിയുടെ അടിസ്ഥാനത്തില്‍ തച്ചനല്ലൂര്‍ പോലിസ് പട്ടികജാതി- പട്ടികവര്‍ഗം(അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

To advertise here,

താഴൈയൂത്ത് സ്വദേശി പൊന്നുമണി(25), തിരുമലൈകൊഴുന്തുപുരം സ്വദേശികളായ നല്ലമുത്ത് (21), ആയിറാം(19), രാമര്‍ (22), ശിവ (22), ലക്ഷ്മണന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

മനോജും മാരിയപ്പനും വീട്ടിലേക്ക് മടങ്ങുന്ന സമയത്ത്  പുഴയരികിലിരുന്നു മദ്യപിക്കുകയായിരുന്ന പ്രതികള്‍ ഇവരെ തടഞ്ഞു നിര്‍ത്തി. സ്വദേശവും ജാതിയും ചോദിക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ്‌ പഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദളിതരാണെന്നറിഞ്ഞതോടെ തങ്ങളെ ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ദേഹത്ത് മൂത്രം ഒഴിക്കുകയും ചെയ്തതായി ഇവര്‍ പോലിസിനോട് പറഞ്ഞു. 

കൈവശമുണ്ടായിരുന്ന 5000 രൂപയും മൊബൈല്‍ ഫോണുകളും എ.ടി.എം കാര്‍ഡുകളും അപഹരിച്ചു. രാത്രി വരെ തടഞ്ഞു വച്ചു. അടുത്തുള്ള ബന്ധുവീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിക്കുകയും ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നുവെന്നും ഇവര്‍ പോലിസിനോട് പറഞ്ഞു.