അഹമ്മദാബാദ്: രാജ്യവ്യാപകമായി 1071.5 കോടിയോളം രൂപയുടെ സൈബർ തട്ടിപ്പുനടത്തിയ അസം സ്വദേശി അറസ്റ്റിൽ. 25-കാരനായ റഫീഖുൽ ആലം എന്നയാളെ ഗുജറാത്ത് സി.ഐ.ഡി. (സൈബർ സെൽ) ആണ് അറസ്റ്റ് ചെയ്തത്. ചൈനീസ് ക്രിമിനൽ സംഘങ്ങളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അസമിലെ ബാർപേട്ടയിൽനിന്ന് രഹസ്യ നീക്കത്തിലൂടെയാണ് ഗുജറാത്ത് സി.ഐ.ഡി. സംഘം പ്രതിയെ പിടികൂടിയത്.
1090 സൈബർ കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഡിജിറ്റൽ അറസ്റ്റ് അടക്കം നടത്തിയാണ് ഇയാൾ പണം തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടിയ പണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1758 ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാൾ മാറ്റി. ഇവ ചെറു തുകകളാക്കി ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റി ചൈനയിലെ സംഘങ്ങൾക്ക് കൈമാറുകയായിരുന്നു രീതി. പ്രതിയുടെ ഫോണിൽനിന്ന് 16 കോടി രൂപയുടെ ഇടപാടുകൾ നടന്ന 23 ക്രിപ്റ്റോ വാലറ്റുകൾ അന്വേഷണസംഘം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാട്സാപ്പ്, ടെലഗ്രാം എന്നിവയായിരുന്നു വിവരക്കൈമാറ്റത്തിനും പണം കൈമാറിയ രേഖകൾ അയച്ചുകൊടുക്കുന്നതിനും ഇയാൾ ഉപയോഗിച്ചിരുന്നത്. ബാങ്ക് വിവരങ്ങൾ, ക്രിപ്റ്റോ വാലറ്റ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ എന്നിവ നേരിട്ട് കൈമാറിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അറസ്റ്റ് സമയത്ത് ഇയാൾ പത്തോളം പേരെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ഇത് അന്വേഷണസംഘം തടഞ്ഞതായും പോലീസ് പറഞ്ഞു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടതിന് കുടുക്കുമെന്ന് ചൂണ്ടിക്കാട്ടി വൃദ്ധനിൽനിന്ന് 20 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. ഇത് അന്വേഷണസംഘം പൊളിച്ചു. സമാനമായി, മറ്റൊരു വയോധികനിൽനിന്ന് 60 ലക്ഷം രൂപയും സൂറത്ത് നിവാസിയിൽനിന്ന് 40 ലക്ഷം രൂപയും തട്ടിയെടുക്കാൻ ശ്രമിച്ചു. ഇതിൽ സൂറത്തിൽനിന്നുള്ളയാൾ പണം നൽകുന്നതിനായി തന്റെ കടയടക്കം വിറ്റിരുന്നുവെന്ന് പോലീസ് പറയുന്നു.
ഗുജറാത്തിൽനിന്നുള്ള അഞ്ചുപേർ, ഒഡീഷയിൽനിന്നുള്ള മൂന്നുപേർ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തർ വീതം എന്നിങ്ങനെ പത്തുപേരെ ഡിജിറ്റൽ തട്ടിപ്പിൽനിന്ന് രക്ഷപ്പെടുത്തിയെന്നും ഇവർക്ക് കൗൺസിലിങ് നൽകിയതായും അന്വേഷണസംഘം അറിയിച്ചു.
Content Highlights: Assam native Rafeequl Alam arrested for Rs 1,071 crore cyber fraud., Operated with Chinese criminal syndicates using digital arrest scams., Used 1,758 bank accounts and 23 crypto wallets to launder money., Gujarat CID prevented ongoing extortion attempts targeting senior citizens.
Published: 18 Aug 2026, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented