അജ്മീര്‍: രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ബാലാപുര സ്വദേശി ദേവി സിങ്ങിനെ(49) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ പിങ്കി കന്‍വാറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ പിങ്കിയുടെ ബന്ധുവായ യുവാവ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കൂടിയുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

To advertise here,

കാലിത്തീറ്റ വ്യാപാരിയായ ദേവി സിങ്ങിനെ ഓഗസ്റ്റ് 22-ാം തീയതിയാണ് മൂന്നംഗസംഘം വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം ദേവി സിങ്ങിന്റെ കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം വെടിവെച്ച് മരണം ഉറപ്പുവരുത്തിയാണ് കൊലയാളികള്‍ രക്ഷപ്പെട്ടത്. 

ദേവി സിങ്ങിന്റെ വ്യാപാര, കുടുംബ ബന്ധങ്ങളെ കേന്ദ്രീകരിച്ചാണ് കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ആരെങ്കിലുമായി ശത്രുതയുണ്ടോ എന്നതും അന്വേഷിച്ചു. ഇതിനിടെയാണ് ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് പിങ്കിയെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തുകയും ഇവര്‍ പോലീസിനോട് കുറ്റംസമ്മതിക്കുകയുമായിരുന്നു. 

ഗ്രാമത്തിലെ മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. തങ്ങളുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരുന്നില്ലെന്നും യുവതി പറഞ്ഞു. 

സഹോദരിയുടെ മകളുടെ ഭര്‍ത്താവായ കുല്‍ദീപ് സിങ്ങിനാണ് കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ ഏറ്റെടുത്ത ഇയാള്‍ ഓഗസ്റ്റ് 22-ന് രണ്ട് കൂട്ടാളികളുമായി വീട്ടിലെത്തുകയും ദേവി സിങ്ങിനെ കൊലപ്പെടുത്തുകയുമായിരുന്നു. കേസിലെ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. 

Content Highlights: rajasthan woman arrested for killing husband she suspects illicit relationship