പുനരുപയോഗ ഊര്‍ജം, പ്രതിരോധ വ്യവസായം, ഓട്ടോമേഷന്‍ തുടങ്ങി വളര്‍ന്നുവരുന്ന തൊഴില്‍മേഖലകള്‍ക്കൊപ്പം പരമ്പരാഗത മേഖലകളിലും സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ദേശീയ തൊഴില്‍മേളയായ 'റോസ്ഗാര്‍ മേള' വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച്ച നടന്ന ചടങ്ങില്‍ 51000 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി. രാജ്യത്തുടനീളം 37 സ്ഥലങ്ങളിലാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. 

To advertise here,

റെയില്‍വേ, തപാല്‍, ആഭ്യന്തരം, റവന്യൂ, ഉന്നത വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യ കുടുംബക്ഷേമം എന്നീ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് ഇപ്പോള്‍ നിയമനം നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആരംഭിച്ച തൊഴില്‍ മേളകളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ്‌ നിയമന ഉത്തരവ് ലഭിച്ചതെന്നും തൊഴില്‍മേള സുപ്രധാനമായ നാഴികക്കല്ലാണ് പിന്നിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ ഭാവിയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ അടയാളമാണ് തൊഴില്‍ മേളകളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമന ഉത്തരവ് ലഭിച്ചവരെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.

'യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമാണ്. എല്ലാ മേഖലയിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് വികസനത്തിന്റെ വേഗതയെ സൂചിപ്പിക്കുന്നു. വികസനവും ടൂറിസവും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. കായികരംഗത്തെ മുന്നേറ്റങ്ങളും പുതുവഴികള്‍ സൃഷ്ടിക്കുന്നു. തൊഴില്‍ നല്‍കുക മാത്രമല്ല, സുതാര്യമായ ഒരു സംവിധാനം നിലനിര്‍ത്തുകയും ചെയ്യുന്നു. തൊഴില്‍ വിജ്ഞാപനം മുതല്‍ നിയമനം വരേയുള്ള സമയവും കുറഞ്ഞു. വേഗത്തിലാണ് നിയമനങ്ങള്‍ നടക്കുന്നത്'. പ്രധാനമന്ത്രി വ്യക്തമാക്കി. 

പുതുതായി നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ഐജിഒടി കര്‍മയോഗി പോര്‍ട്ടലില്‍ ലഭ്യമാക്കിയ 'കര്‍മയോഗി പ്രാരംഭ്' മുഖേന പരിശീലനം നടത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. സ്വയം പരിശീലനം നേടാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ മൊഡ്യൂളാണ് കര്‍മയോഗി പ്രാരംഭ്. എവിടെയിരുന്നും ഏതുപകരണത്തില്‍ നിന്നും പഠിക്കാവുന്ന ശൈലിയില്‍ 750-ല്‍ അധികം ഇ-ലേണിങ് കോഴിസുകളാണ് കര്‍മയോഗി പ്രാരംഭില്‍ സജ്ജമാക്കിയിട്ടുള്ളത്. 

ഒന്നര വര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ 2022 ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ മെഗാ തൊഴില്‍ മേളയ്ക്ക് തുടക്കം കുറിച്ചത്. അന്ന് 75000 പേര്‍ക്കാണ് തൊഴില്‍മേളയുടെ ഭാഗമായി നിയമന ഉത്തരവ് കൈമാറിയത്. തുടര്‍ന്ന് 2023 ജനുവരി, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന റോസ്ഗാര്‍ മേളയില്‍ 71,000 പേര്‍ക്ക് വീതമാണ് നിയമനം നല്‍കിയത്.