കാക്കനാട്: ഡെപ്യൂട്ടി തഹസിൽദാരായ അച്ഛൻ കെ.എസ്. ഗോപകുമാറിനൊപ്പം 2025 മേയ് 19-ന് എത്തി എറണാകുളം അസി. കളക്ടറായി ചുമതലയേറ്റ പാർവതി ഗോപകുമാർ അന്ന് 'മാതൃഭൂമിയോട്' ഒരു ആഗ്രഹം പറഞ്ഞിരുന്നു- അച്ഛൻ ജോലി ചെയ്യുന്ന ആലപ്പുഴ കളക്ടറേറ്റിൽ ജോലി ചെയ്യണമെന്ന്. ആ ആഗ്രഹം വ്യാഴാഴ്ച എറണാകുളം കളക്ടറേറ്റിൽ സാധ്യമായി. പാർവതി ആലപ്പുഴക്കു പോയില്ല, മറിച്ച് അച്ഛൻ എറണാകുളത്തേക്കു വന്നുവെന്നുമാത്രം.

To advertise here,

അന്ന് മകൾ ചുമതലയേൽക്കുന്നത് സാക്ഷ്യം വഹിക്കാൻ എത്തിയ ഗോപകുമാർ വ്യാഴാഴ്ച കൊച്ചി മെട്രോ സ്ഥലമെടുപ്പ് ഓഫീസിൽ തഹസിൽദാരായി ചാർജെടുക്കാനെത്തിയപ്പോൾ ഒപ്പം വന്നത് മകളായ അസി. കളക്ടർ.

വ്യാഴാഴ്ച രാവിലെ കളക്ടറേറ്റിൽ എറണാകുളം അസിസ്റ്റന്റ് കളക്ടറുടെ വാഹനത്തിലാണ് ഗോപകുമാർ എത്തിയത്. എന്നാൽ കളക്ടറേറ്റിൽ പാർവതിയുടെ അച്ഛൻ ചുമതലയേൽക്കാൻ വരുന്ന കാര്യം പലരും അറിഞ്ഞിരുന്നില്ല. കളക്ടറോടൊപ്പം ആരോ നടന്നുപോകുന്നു എന്ന് മാത്രമാണ് പലരും കരുതിയത്. പിന്നീടാണ് മകളോടൊപ്പം എത്തി അച്ഛൻ മെട്രോ സ്ഥലമെടുപ്പ് (നമ്പർ-1) വിഭാഗത്തിലെ പുതിയ തഹസിൽദാരായി ചുമതലയേൽക്കുന്നുവെന്ന കൗതുക വാർത്ത പരന്നത്.

ആലപ്പുഴ കളക്ടറേറ്റിൽ ഡെപ്യൂട്ടി തഹസിൽദാരായിരുന്ന കെ.എസ്. ഗോപകുമാറിനെ തഹസിൽദാരായി സ്ഥാനക്കയറ്റം നൽകിയാണ് എറണാകുളത്തേക്ക് നിയമിച്ചത്.

അച്ഛന്റെ കൈയെത്തും ദൂരത്ത് ജോലി ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷമായിരുന്നു അസി. കളക്ടറുടെ മുഖത്ത്. കളക്ടർ ജി. പ്രിയങ്കയെ നേരിൽ കണ്ട ശേഷം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജിനു ഗോപകുമാർ ചുമതലയേൽക്കുന്നത് സംബന്ധിച്ച രേഖ കൈമാറി.

തുടർന്ന് മെട്രോ സ്ഥലമെടുപ്പ് ഓഫീസിൽ എത്തി പുതിയ തഹസിൽദാരെ കസേരയിൽ ഇരുത്തിയ ശേഷമാണ് അസി. കളക്ടർ മടങ്ങിയത്. കളക്ടറേറ്റിനു സമീപത്തെ ഫ്‌ളാറ്റിൽ മകൾക്കൊപ്പം തന്നെയായിരിക്കും ഗോപകുമാറും താമസിക്കുക.

സ്‌കൂൾ വിദ്യാർഥിയായിരിക്കെ അപകടത്തിൽ പാർവതിയുടെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. ഇച്ഛാശക്തിയോടെ പഠിച്ചാണ് പാർവതി ഉയരങ്ങൾ താണ്ടിയത്. അച്ഛനും കാക്കാഴം ഗവ. എച്ച്എസ്എസ് അധ്യാപികയായ അമ്മ ശ്രീകല എസ്. നായർക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമെത്തിയാണ് കഴിഞ്ഞ വർഷം പാർവതി കളക്ടറേറ്റിൽ ചുമതലയേറ്റത്.