രാജഗോപാല്‍ കാരപ്പറ്റയുടെ 'മേഘസന്ദേശം' എന്ന പുസ്തകത്തെക്കുറിച്ച് കെ.വി. സജയ് എഴുതിയ കുറിപ്പ് വായിക്കാം...
മഹാകവി കാളിദാസന്റെ വിശ്വോത്തരമായ കവിത്വത്തെ ഒരൊറ്റ ബിംബത്തിലോ പ്രതീകത്തിലോ സംഗ്രഹിക്കാമെങ്കില്‍ അത് ഒരു മേഘമായിരിക്കും എന്ന്, നിത്യമേഘം' എഴുതിയ അക്കിത്തത്തെപോലെ, കരുതുന്നവരായിരിക്കും ആ കവിതയുടെ വായനക്കാരിലേറെപ്പേരും. അത്രയ്ക്കുണ്ട് ആ കാവ്യപ്രപഞ്ചത്തില്‍ 'മേഘദൂത'മെന്ന അനന്യകലാശില്പം പുലര്‍ത്തിപ്പോരുന്ന ഏകാന്തശോഭയും ഔന്നത്യവും. 'കാലം തെറ്റിപ്പിറന്ന കാളിദാസനാണ് ഞാന്‍' എന്ന് ഒരു കവിതയില്‍, കൃത്രിമവിനയത്തിന്റെ ചായം കലരാതെ, കുറിച്ചത് ടാഗോറാണ്. ടാഗോറിന്റെ കാല്പനികകവിത്വം അതിന്റെ കാലാന്തരസാഫല്യം കണ്ടെത്തിയത് കാളിദാസനിലായിരുന്നു എന്നേ ഇതിനര്‍ഥമുള്ളു. ഇതിനെ ഒന്നുതിരിച്ചിട്ടാല്‍, കാലം തെറ്റിപ്പിറന്ന ടാഗോറായിരുന്നു കാളിദാസന്‍ എന്നോ കാല്പനികതയുടെ പിറവിക്കും മുമ്പേ പിറവി കൊണ്ട അസാധാരണ കാല്പനികനായിരുന്നു കാളിദാസന്‍ എന്നോ പറയാം. ഈ കാല്പനികതയപ്പാടെ കൂട്ടം കൂടി നില്‍ക്കുന്നത് 'മേഘസന്ദേശ'ത്തിലാണ്. യക്ഷന്റെ 'സന്തപ്തമായ ഹൃദയത്തില്‍നിന്ന് നീരാവിയായിപൊങ്ങിയ കാമചിന്തകള്‍ കലാസൗന്ദര്യത്തോടെ ഘനീഭവിച്ചത് മാത്രമാണ് മേഘസന്ദേശത്തിലെ മേഘം' എന്നും ഒന്നുകൂടി കടന്ന്,' യക്ഷന്‍ തന്നെ വികാരോദ്ദീപ്തിയില്‍ ആ ഉദ്ദീപനവസ്തുവായി- മേഘമായി- ചമഞ്ഞിരിക്കയാണ്' എന്നും നിരീക്ഷിച്ച മാരാര്‍, അറിഞ്ഞോ അറിയാതെയോ, പറഞ്ഞുവെച്ചതും ഇക്കാര്യം തന്നെ. മേഘസന്ദേശം, ആകെക്കൂടെ, 'ഘനീഭവിപ്പൊരുദ്വിഗ്‌നമര്‍ത്ത്യസങ്കല്പരൂപ(അക്കിത്തം)മാണെന്നും അതിനാല്‍ അത് മറ്റ് കാളിദാസകൃതികളില്‍നിന്നും സംസ്‌കൃതസാഹിത്യത്തിലെ ഇതരകൃതികളില്‍നിന്നും തുലോം വിഭിന്നമാണ് എന്നുമാണ് മാരാര്‍ പറയുന്നത്.
വിപുലമായ ഇതിവൃത്തവും കഥാപാത്രങ്ങളുമൊന്നുമില്ലാതെ ഒരു വികാര-വിചാരസംഘാതത്തെ മനോജ്ഞമായി ശില്പപ്പെടുത്തിയിരിക്കുകയാണ് മേഘദൂതകാരന്‍ എന്നാണ് മാരാരുടെ വാദം. അതിനര്‍ഥം അത് 'ഓഡ്' അഥവാ 'ഗീതം' പോലൊരു കാല്പനികഭാവകാവ്യരൂപത്തോട് അത്രയ്ക്കടുത്തു നില്‍ക്കുന്നു എന്നു കൂടിയാണ്. ഈ കാളിദാസകാവ്യമൊന്നു മാത്രം, 'ശാകുന്തള'വും 'കുമാരസംഭവ'വും 'രഘുവംശ'വുമൊന്നും ചെയ്യാത്ത തോതില്‍, നമ്മോട് സംവദിക്കുന്നതിന്റെ കാരണവുമിതാണ്. എല്ലാ മനുഷ്യരിലും, ഒന്നുകൂടി കണിശമായിപ്പറഞ്ഞാല്‍ എല്ലാ പുരുഷനിലും, ഒരു ചിരന്തനകാല്പനികനെന്ന പോലെ ഒരു ചിരവിരഹിയുമുണ്ട്.

ആ വിരഹിയെയാണ് കാളിദാസമേഘം അതിന്റെ രൂപപ്പലമയും ശ്യാമലാവണ്യത്തികവും കാട്ടി വശീകരിക്കുന്നത്. അളകയെന്നാല്‍ ഒരു നഷ്ടസ്വര്‍ഗ്ഗമാണ്. അതിനുപുറത്താണ് താന്‍ എന്നും പ്രിയപ്പെട്ടവളെ പിരിഞ്ഞിരിക്കാന്‍ താന്‍ ശപിക്കപ്പെട്ടിരിക്കുന്നു എന്നുമുള്ള കാല്പനികവും, ഒരു പക്ഷേ ദാര്‍ശനികവുമായ, മധുരവേദന പുരണ്ടതാണ് ഏകാകിയായ ഏതൊരു പുരുഷന്റെയും അന്തരംഗം, എക്കാലത്തും. അതിന്, ജീവിതത്തില്‍ അയാള്‍ ഒരു പ്രണയിയോ വിരഹിയോ ആയിക്കൊള്ളണമെന്ന് തന്നെയില്ല. അപരിഹാര്യവും ശാശ്വതവും സഹജവുമായ ഒരു വിരഹോല്‍ക്കണ്ഠയാണത്. മഴക്കാലത്തിന്റെ മങ്ങൂഴം അതിനെ ഗാഢതരമാക്കും. കാലാതീതമായ ഈ മനുഷ്യാനുഭവസത്തയെയാണ്, അത്യപൂര്‍വ്വമായ ഭാവനാസമൃദ്ധിയോടുകൂടി പകര്‍ന്ന് വെച്ചിരിക്കുന്നത് 'മേഘസന്ദേശ'ത്തില്‍ കാളിദാസന്‍.
വൈലോപ്പിള്ളിയുടെ 'വിരഹത്തില്‍' എന്ന ആദ്യകാലകവിതയിലെ ഈ ഈരടികള്‍ മാത്രം മതിയാവും ഇതിനെ ഉദാഹരിക്കാന്‍;
'രാവുകള്‍ തോറും പറന്നെന്‍ മനോഗതങ്ങളാം
പ്രാവുകള്‍ ചേക്കേറും നിന്‍ ഗേഹത്തി, ലീനേരത്തില്‍,
കിളിവാതില്‍ക്കല്‍ച്ചെന്നു
കോവളം വിടര്‍ന്ന കണ്ണിളകാതാകാശത്തെ
നോക്കി നീയിരിപ്പുണ്ടാം.
തെളിവായ് ഞാനോര്‍മ്മിക്കും മാതിരി,യാ നേത്രമാം
കിളിവാതില്‍ക്കല്‍ച്ചെന്നു
നിന്നാത്മാവിരിപ്പുണ്ടാം...'
ഈ വിരഹഭാവന കാളിദാസീയമാണെന്നും അതിനാല്‍ ഗാഢമായ മേഘസന്ദേശഛായ പതിഞ്ഞ് കിടപ്പുണ്ട് അതില്‍ എന്നും പറയാതെ തന്നെ അറിയാം.' ഏതോ വളകിലുക്കം കേട്ടലയും ഭ്രഷ്ടകാമുകന്‍' എന്ന് പി.യെപ്പറ്റി,'മേഘരൂപ'നില്‍ എഴുതിയപ്പോള്‍ ആറ്റൂരും, ആ ശീര്‍ഷകം തൊട്ട്, പരോക്ഷമായ ഒരു യക്ഷപരിവേഷം ചാര്‍ത്തുന്നുണ്ടായിരുന്നു, നിത്യകന്യകയെത്തേടി നിത്യാസ്വസ്ഥനായി അലഞ്ഞുനടന്ന ആ കവിക്കുമേല്‍.
'പരകോടിയെത്തിയെന്‍ യക്ഷജന്മം
പരമാണു ഭേദിക്കുമാ നിമിഷം
ഉദിതാന്തരബാഷ്പപൗര്‍ണ്ണമിയില്‍
പരിദീപ്തമാകും നിന്നന്തരംഗം' എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്,'സദ്ഗതി'യില്‍.' നഗരത്തില്‍ ഒരു യക്ഷ'നായും 'ആര്യാവര്‍ത്തത്തില്‍ ഒരു യക്ഷ'നായും യക്ഷന്‍ നേരിട്ട് കടന്നുവന്നിട്ടുമുണ്ട് മലയാള കവിതയില്‍ പിന്നീട്, പല കുറി. ആ യക്ഷന്റെ പ്രപഞ്ചാഭിമുഖമായ നില,' നിത്യമേഘ'ത്തില്‍ അക്കിത്തം ഇങ്ങനെ വരഞ്ഞു വച്ചിരിക്കുന്നു;
'മേവുന്നു മിഴി തോരാതെ-
യൊരു പൂരുഷവിഗ്രഹം
മാനത്തേയ്ക്കുന്തി നില്‍ക്കുന്ന
മുനമ്പില്‍പ്പൂര്‍ണ്ണ മുഗ്ദ്ധനായ്
നീലാകാശസമുദ്രത്തില്‍ -
ച്ചാടുവാനെന്ന പോലവേ
ചാടുവാന്‍ വലിയും കാലില്‍
ഭൂമി തൂങ്ങിക്കനക്കവേ
അവന്റെ കണ്ണില്‍ത്താഴത്തു
നില്‍പ്പൂ വര്‍ഷഘനാഘനം
സാനുവില്‍ത്തിണ്ടു കുത്തുന്ന
കൊമ്പനാന കണക്കിനേ'.
'മേഘസന്ദേശ'ത്തിന്റെ ഈ കാലാന്തരവശ്യതയ്ക്ക് വശംവദരായി അതിനുമുന്നില്‍ ഹൃദയത്തില്‍ നിന്നെടുത്ത കുടകപ്പാലപ്പൂക്കള്‍ അര്‍പ്പിച്ചവരാണ് ജി.യേയും തിരുനല്ലൂരിനേയും പോലുള്ള കവികള്‍. വിവര്‍ത്തനത്തെ കാളിദാസമേഘത്തിന് മുന്നിലുള്ള വാഗര്‍ച്ചനയാക്കി മാറ്റി ആ കവികള്‍. എന്തിന്, മഹാകവി കുമാരനാശാന്‍ പോലും അപൂര്‍ണമായ ഒരു മേഘസന്ദേശതര്‍ജ്ജമ നടത്തിയിരുന്നു, തന്റെ കൗമാരത്തിലോ യൗവനാരംഭത്തിലോ. സുസൂക്ഷ്മവും കാവ്യസുഭഗവുമായ ഗദ്യമേഘപരിഭാഷയിലൂടെ ഈ ശ്രേണിയില്‍ തനിക്ക് താന്‍ പോന്ന ഒരിടം സ്വന്തമാക്കിയ വിമര്‍ശകനായ കുട്ടികൃഷ്ണമാരാരേയും ഓര്‍മിക്കാം.
വലിയ വിവര്‍ത്തകര്‍ നടന്നുമറഞ്ഞ ആ ഘണ്ടാപഥത്തിലേക്കാണ് വിനീതമായ തന്റെ മേഘദൂതപരിഭാഷയുമായി രാജഗോപാലന്‍ കാരപ്പറ്റ എന്ന പരിഭാഷകന്‍, ഇപ്പോള്‍, കടന്നു വന്നിരിക്കുന്നത്. മാതൃഭൂമി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. തിരുനല്ലൂര്‍ ദ്രാവിഡവൃത്തത്തിലും ജി.യെപ്പോലുള്ളവര്‍ തങ്ങള്‍ക്ക് അഭിമതമായ ചില സംസ്‌കൃതവൃത്തങ്ങളിലും മാരാര് ഗദ്യത്തിലും പരിഭാഷപ്പെടുത്തിയ 'മേഘസന്ദേശ'ത്തിന് ഒരു വൃത്താനുവൃത്തപരിഭാഷ നല്‍കിയിരിക്കുകയാണ് ഈ വിവര്‍ത്തകന്‍. പിന്നീട് സന്ദേശകാവ്യങ്ങളുടെ വൃത്തമായി മാറിയ 'മന്ദാക്രാന്ത'യിലാണ് കാളിദാസന്‍ തന്റെ മേഘസന്ദേശപദ്യങ്ങള്‍ എഴുതിയിരിക്കുന്നത്. അതിലെ ഗുരുലഘുക്കളുടെ സവിശേഷമായ മിശ്രണത്തെപ്പറ്റിയും അതുണര്‍ത്തുന്ന വേറിട്ട ഭാവപ്രതീതിയെപ്പറ്റിയും പണ്ഡിതനിരൂപകനായ എം.പി.ശങ്കുണ്ണി നായര്‍ എഴുതിയിട്ടുമുണ്ട്. രാജഗോപാലന്‍ കാരപ്പറ്റ, കാളിദാസമുദ്ര പതിഞ്ഞ ആ സംസ്‌കൃതച്ഛന്ദസ്സില്‍ 'മേഘദൂതം' പരിഭാഷപ്പെടുത്തുന്നതിന്റെ മാതൃകകളിലൊന്ന് എന്ന നിലയില്‍, ഉഴുത മണ്ണിന്റെ പരിമളം പൊങ്ങുന്ന ആ മേഘസന്ദേശപദ്യം തന്നെ ഇവിടെ എടുത്തെഴുതാം;
'നിന്നാലാണീ വിളവ ഖിലമെന്നോര്‍ത്തു പ്രീത്യാ വിളങ്ങും
കണ്ണാല്‍ മോന്തും, പുരികലസിതം ശീലമാക്കാത്ത നാടന്‍
പെണ്ണുങ്ങള്‍; ഹാ! പുതിയൊരുഴവിന്‍ സൗരഭം ചേര്‍ന്ന പാടം
പൂകാവൂ നീ, മൃദുഗതി പടിഞ്ഞാട്ടു, വീണ്ടും വടക്കും'.
തീരെ അര്‍ഥനഷ്ടമോ ഭാവനഷ്ടമോ സംഭവിക്കാതെയാണ് ഈ പകരല്‍ എന്നതാണ് രാജഗോപാലന്റെ പരിഭാഷയിലെ കൃതഹസ്തത. ഇങ്ങനെ ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം ഏറെച്ചുരുങ്ങിയിരിക്കുന്ന ഇക്കാലത്ത് വലിയ ശ്രദ്ധയും പരിഗണനയും ആദരവുമര്‍ഹിക്കുന്ന ഒരു പരിഭാഷായത്നമാണിത്. 'മാഘേ മേഘേ ഗതം വയ:' എന്ന് സംസ്‌കൃതകാവ്യങ്ങളില്‍ മുഴുകി കാലം കഴിക്കുന്നതിനെപ്പറ്റി ഒരു പ്രാചീനപദ്യമുണ്ട്. വമ്പിച്ച ആത്മീയധന്യതയായി മാറുന്ന സമയനഷ്ടമാണത്. അത്തരമൊരു ധന്യതയ്ക്കവകാശിയാണ് ശ്രീ. രാജഗോപാലന്‍ കാരപ്പറ്റ എന്നുമാത്രം പറഞ്ഞുകൊണ്ട്, അതിനെ ഹൃദയപൂര്‍വം അഭിവാദ്യം ചെയ്തുകൊണ്ടും, ഈ കുറിപ്പിന് വിരാമമിടുന്നു.
Content Highlights: Meghasandesam, Kalidasan, Book review, by Sajay K.V., Mathrubhumi books
Published: 17 Oct 2023, 04:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented