
ഡോ. എം. ലീലാവതിയുടെ കമലാ ഹാരിസിന്റെ ജീവിതയാത്ര എന്ന പുസ്തകത്തെ കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്
Biography is, simply, the orphan of academia - Nigel Hamiltan
അമേരിക്കൻ ഉപരാഷ്ട്രപതിസ്ഥാനത്ത് എത്തിയ ആദ്യ ദക്ഷിണേഷ്യൻ വനിതയായ കമല ഹാരിസിന്റെ സംഭവബഹുലവും മാതൃകാപരവുമായ ജീവിതത്തെ ഡോ. എം. ലീലാവതി കമലാ ഹാരിസിന്റെ ജീവിതയാത്ര എന്ന കൃതിയിലൂടെ നമ്മെ പരിചയപ്പെടുത്തുന്നു. വാക്കുകൾ കൂട്ടിച്ചൊല്ലാൻ തുടങ്ങിയപ്പോൾ തന്നെ "ഫീ - ഡം" എന്നാവശ്യപ്പെട്ടു തുടങ്ങിയ കുട്ടികമലയിൽ നിന്ന് വിദേശനയങ്ങളിൽ വരെ കൃത്യവും സൂക്ഷ്മവുമായ നിലപാടെടുക്കുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് പദവിയിലേക്ക് വരെ നടന്നുകയറിയ കമലാഹാരിസിൻ്റെ വളർച്ചയുടെ വിവിധ പടവുകളെ പതിനേഴ് അധ്യായങ്ങളിലായി ഈ പുസ്തകം ഉൾക്കൊള്ളുന്നു.
കമലയുടെ ജീവിതം ആരംഭിക്കുന്നത് വെളുത്തവർഗത്തിൻ്റെ അധീശത്വത്തിനെതിരെ പൊരുതി ജയിച്ച കറുത്ത വർഗത്തിൻ്റെ പ്രതിനിധികളായ ശ്യാമള ഗോപാലൻ ഹാരിസിന്റെയും ഡൊണാൾഡ് ജാസ്പർ ഹാരിസിന്റെയും മകളായാണ്. തമിഴ്നാട്ടിൽ ബ്രിട്ടീഷ് ഭരണത്തിന്റെ സിവിൽ സർവീസ് ഓഫീസർ ആയി ജോലിചെയ്തിരുന്ന ഗോപാലന്റെ മകൾ ശ്യാമള ഡൽഹിയിലെ ലേഡി ഇർവിൻ കോളേജിൽ നിന്ന് ഹോം സയൻസ് ഡിഗ്രി എടുത്തതിനുശേഷമാണ് അമേരിക്കയിലെ ബെർക് ലീയിൽ എത്തിയത്. ന്യൂട്രീഷൻ എൻഡോക്രൈനോളജി എന്നെ വിഷയത്തിൽ ഉപരിപഠനം നടത്തി പി.എച്ച്.ഡി. ബിരുദവും നേടി. സ്തനാർബുദത്തെ സംബന്ധിച്ച് ഗവേഷണം നടത്തി രാജവ്യാപകമായ അംഗീകാരം നേടിയ വ്യക്തിയാണ് ശ്യാമള. ജമൈക്കയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ തുടർപഠനത്തിനെത്തിയ വ്യക്തിയാണ് ഡൊണാൾഡ് ഹാരിസ്. ഇവരുടെ ദാമ്പത്യത്തിൽ പിറന്ന രണ്ടുമക്കളാണ് കമലയും മായാലക്ഷ്മിയും.
ലോകത്തെ നിയന്ത്രിക്കാൻ തക്ക സ്വാധീനമുള്ള ഒരു പ്രധാനപ്പെട്ട രാജ്യമായിരുന്നിട്ടും അമേരിക്കയിൽ നിലനിന്നിരുന്ന കടുത്ത വർണ്ണവിവേചനം ചെറുപ്പകാലം മുതൽ അനുഭവിക്കേണ്ടിവരുന്ന ധാരാളം പേരിൽ കമലയും മായാലക്ഷ്മിയും ഉൾപ്പെട്ടിരുന്നു. ആരുടെയും ഔദാര്യത്തിൽ അല്ല കമല വൈസ് പ്രസിഡന്റ് വരെയുള്ള പദവികളിൽ എത്തിയത് മറിച്ച് അവർ സ്വയം വളർത്തിയെടുത്ത പ്രതിച്ഛായ കൊണ്ടാണ്. സ്വാതന്ത്ര്യവാഞ്ഛയും ഇച്ഛാശക്തിയും ആത്മവിശ്വാസവും കഠിനാധ്വാനവും നേതൃത്വപാടവവും കമലയുടെ കൂടെപ്പിറപ്പുകൾ ആയിരുന്നു. കമല ഉണ്ടാക്കിയെടുത്ത നിയമങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ആയിരുന്നു.
വ്യക്തിക്ക് സ്വന്തം ശരീരത്തിലുള്ള സ്വാതന്ത്ര്യം നിയമപീഠത്തിന് മുമ്പിൽ കൊണ്ടുവരാനും ഗർഭച്ഛിദ്രത്തിനുള്ള നിയമാവകാശം നേടിയെടുക്കാനും സാധിച്ചത് കമലയുടെ ഏറ്റവും വലിയ നേട്ടങ്ങളാണ്. മനോരോഗികളെന്ന വ്യാജേന രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികളെ പൂട്ടാനും തോക്ക് കൈവശം വെയ്ക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താനും നിരന്തരം പരിശ്രമിച്ച ഒരു മനുഷ്യാവകാശസ്നേഹി കൂടിയാണ് കമല. കുടിയേറ്റക്കാർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കാനും കമല ശ്രദ്ധിച്ചിരുന്നു. ആരോഗ്യസംരക്ഷണത്തിൽ കൃത്യമായ നിലപാടുകൾ എടുക്കുകയും ഉപരിപഠനത്തിൽനിന്ന് പണമില്ലാത്തതിന്റെ പേരിൽ പിൻവാങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിച്ച വ്യക്തി കൂടിയാണ് കമല.
ഇതെല്ലാം കമലയ്ക്ക് എങ്ങനെ സാധിച്ചു, ആരോപണങ്ങളെയും പ്രതിബന്ധങ്ങളെയും അവർ പ്രതിരോധിച്ചതെങ്ങനെ, ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് കമല പ്രാപ്തയായതെങ്ങനെ, തുടങ്ങി അവർ എങ്ങനെ ലോകം അറിയപ്പെടുന്ന നേതൃപദവിയിലെത്തി എന്നിവയെല്ലാം ഒരു തിരശ്ശീലയിൽ കാണുന്ന പ്രതീതിയോടെയാണ് ലീലാവതി ടീച്ചർ വിശദീകരിക്കുന്നത്. വമ്പന്മാരെ കൊമ്പുകുത്തിച്ച നേതൃപാടവുമുള്ള കാരുണ്യവതിയായ കമലയുടെ ശരികളെ സ്വതസിദ്ധമായ പാടവം കൊണ്ട് ഉദാത്തമായി ലീലാവതിടീച്ചർ അടയാളപ്പെടുത്തിയിരിക്കുന്നു. ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച The Truths We Hold by Kamala Harris എന്ന പുസ്തകത്തിൽ നിന്നുമുള്ള ചില ഭാഗങ്ങൾ ഈ കൃതിയുടെ ആധികാരികത വർദ്ധിപ്പിക്കുന്നുണ്ട്.
Content Highlights: A review of Dr. M. Leelavathy`s book on Kamala Harris`s inspiring life.
Published: 27 Dec 2024, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented