The first and simplest emotion which we discover in the human mind, is curiosity.
(Edmund Burke)
ജിജ്ഞാസാഭരിതരായ ആളുകളാണ് ലോകം നിര്‍മ്മിക്കുന്നത്. എന്തിനും ഏതിനും സംശയമുള്ള കുട്ടികളാണ് വളരുമ്പോള്‍ ലോകത്തിനു വേണ്ടി പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നത്. 'ഈ ലോകത്തെ ജിജ്ഞാസയോടെ കണ്ട മാത്തുക്കുട്ടിയുടെ ജീവിതമാണ് 'കരയിലെ മീനുകള്‍' എന്ന നോവലിന്റെ പ്രമേയം. ബാല്യവും കൗമാരവും കേരളത്തിന്റെ പച്ചപ്പിലും യൗവനവും മധ്യവയസ്സും യുഎസ് പശ്ചാത്തലത്തിലുമാണ് മാത്തുക്കുട്ടി എന്ന വിളിയാഗ്രഹിക്കുന്ന, എന്നാല്‍ മാറ്റ് എന്ന വിളിക്കപ്പടുന്ന മാത്യുവിന്റെ ജീവിതം പുലരുന്നത.് 'ബാല്യത്തില്‍ ഒരു കാളജന്മമായി ചാച്ചനും സഹോദരങ്ങളും ബന്ധുക്കളും കുറ്റപ്പെടുത്തുകയും അങ്ങനെ തന്നെ ചുറ്റുമുള്ളവര്‍ വിശ്വസിക്കാനും തുടങ്ങിയതോടെ മാത്യു തന്നിലേക്ക് തന്നെ ഒതുങ്ങുന്നു. സമര്‍ത്ഥരുടെ ലോകത്തില്‍ തനിക്ക് സ്ഥാനമില്ലെന്ന് മനസ്സിലായ ഒരാളുടെ നെഞ്ചിന്റെ പിടച്ചില്‍ നമ്മള്‍ക്ക് കേള്‍ക്കാവുന്നതിലും അപ്പുറമാണ്. കരയിലെ മീനുകള്‍ പോലെ ശ്വാസം കിട്ടാതെ പിടഞ്ഞുപിടഞ്ഞ് ജീവിക്കേണ്ടിവരുന്നവരാണവര്‍. ലോകം സമര്‍ത്ഥരെ മാത്രം ഉറ്റു നോക്കുന്നു. അല്ലാത്തവരെ അവജ്ഞ നിറഞ്ഞ കണ്ണുകളുടെ ചാട്ടവാറുകൊണ്ട് നിരന്തരം ഒരു ദയയുമില്ലാതെ പ്രഹരിക്കുന്നു.
നിരന്തരം സങ്കടപ്പെടുത്തുന്നത് ജീവിച്ചിരിക്കുന്ന മനുഷ്യരാണെന്നും അവരെയാണ് ഭയപ്പെടേണ്ടതൊന്നും മനസ്സിലാക്കാനുള്ള അറിവൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഇരുട്ടിനെയും മരിച്ചുപോയവരെയും പേടിച്ചിരുന്ന ഒരു സാധാരണ കുട്ടിയായിരുന്നു മാത്തുക്കുട്ടി. അക്ഷരങ്ങളും അക്കങ്ങളും അവനോട് പലപ്പോഴും ഒളിച്ചുകളിച്ചു. ഡിസ്‌ലക്‌സിയ എന്ന രോഗത്തെക്കുറിച്ച് ഒരറിവും പകര്‍ന്നു കൊടുക്കാതെ അവന്റെ രക്ഷിതാക്കളെയും അധ്യാപകരെയും സഹോദരങ്ങളേയും കാലം പറ്റിക്കുകയും ചെയ്തു. ജീവിതം മുഴുവന്‍ പരിഹസിക്കപ്പെടാനും നിവര്‍ന്നുനില്‍ക്കാനും മനസ്സിലാക്കപ്പെടാനും സാധിക്കാതെ തളര്‍ന്നുവീഴുന്ന പലരുടെയും പട്ടികയില്‍ അങ്ങനെ മാത്തുക്കുട്ടിയും അടയാളപ്പെടുത്തപ്പെട്ടു.
മാത്യുവിന് ഈ ജീവിതത്തില്‍ ഒന്നിനോടു മാത്രമേ വിശ്വാസം തോന്നിയുള്ളൂ. അത് മദ്യമാണ്. അപ്പന്റ റബ്ബര്‍ ഷീറ്റുകളും റബ്ബര്‍ പാലും പകരം കൊടുത്തുകൊണ്ട് ചെറിയ പ്രായത്തിലെ അവന്‍ സ്വന്തമാക്കിയ കള്ളില്‍ നിന്ന് 55 വയസ്സില്‍ അവനെയും അവന്റെ ശരീരത്തെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കുന്ന ഏക ശക്തിയായി മാറിയ മദ്യം. 'സ്ഥിരമായി നിരാശപ്പെടുത്താത്തത് ഒന്നേയുള്ളൂ അത് മദ്യം മാത്രമാണ് ' എന്നായിരുന്നു മാത്തുക്കുട്ടിയുടെ സിദ്ധാന്തം. പക്ഷേ മദ്യം എല്ലാവരെയും മാത്തുക്കുട്ടിയില്‍ നിന്നകറ്റി. മറ്റുള്ളവരുടെ മുന്നില്‍ മുഴുകുടിയനും നിയന്ത്രണമില്ലാത്തവനുമായ ഭര്‍ത്താവിനെയും അപ്പനെയും കുടുംബം അകറ്റിനിര്‍ത്തുന്നത് സ്വാഭാവികമാണല്ലോ.
മാത്തുക്കുട്ടിയുടെ ജീവിതത്തെ നിര്‍മമായി നോക്കിക്കാണുന്ന ആഖ്യാന രീതിയല്ല നോവലിസ്റ്റ് പിന്തുടരുന്നത്. മാത്തുക്കുട്ടിയിലൂടെ അപമാനം മാത്രം ഏറ്റുവാങ്ങിയ ആ ജീവിതം നമ്മള്‍ അനുഭവിക്കുകയാണ്. മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയവും അതിനെ ശക്തമായി പരിചരിക്കുന്ന ഒരു പശ്ചാത്തലവുമാണ് കരയിലെ മീനുകള്‍ക്കുള്ളത്. മാത്യുവിന്റെ അമ്പത്തിയഞ്ചാം പിറന്നാളാഘോഷത്തില്‍ തുടങ്ങി പ്രളയത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്, മരണം കൊണ്ട് മാത്രം ആര്‍ജിക്കാനാവുന്ന അപമാനങ്ങളില്ലാത്ത ലോകത്തേക്ക് മാത്യു പോകുന്നതുവരെയുള്ള ഏതാനും ദിവസങ്ങളുടെ ദിനസരിയാണ് കരയിലെ മീനുകള്‍.
വെള്ളമാണ് നോവലിന്റെ പ്രധാന ശക്തികേന്ദ്രം. അത് പലപ്പോഴും ലഹരിയുള്ള വെള്ളവുമായി മാറുന്നുണ്ട്. മദ്യത്തിന്റെ ഒരു ചരിത്രഗാഥ എന്നും ഈ നോവലിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. വീഞ്ഞില്‍ തുടങ്ങി നാട്ടിലെ ബീവറേജസില്‍ നിന്ന് ക്യൂ നിന്ന് വാങ്ങിയ വിദേശ മദ്യം വരെ പലതരം മദ്യങ്ങളുടെ പേരും ചരിത്രവും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അവമൂലം ഉണ്ടായ വിപ്ലവങ്ങളും വളരെ വിശദമായി ഈ നോവലില്‍ പ്രതിപാദിച്ചിട്ടുണ്ട്. വൈന്‍, റം, വിസ്‌കി, ബിയര്‍, വോഡ്ക എന്നുവേണ്ട ലോകത്തിന്റെ ചരിത്രത്തില്‍ അവഗണിക്കാനാവാത്ത ഒരേയൊരു പാനീയമായി വാഴ്ത്തപ്പെടേണ്ട ഒന്നാണ് മദ്യമെന്ന് വായനവേളയില്‍ നമുക്കനുഭവപ്പെടാം. അതുകൊണ്ടുതന്നെയാണ് ഈ നോവലിന്റെ അധ്യായങ്ങളെ വീഞ്ഞ്, റം, വോഡ്ക, ജിന്‍, വിസ്‌കി, ബിയര്‍ എന്നിങ്ങനെ ആയി നോവലിസ്റ്റ് വിഭജിച്ചിരിക്കുന്നതും.
മദ്യത്തിന്റെ ലഹരിയെക്കാള്‍ ഈ നോവല്‍ വാറ്റിയെടുക്കുന്നത് ജീവിതത്തിന്റെ ലഹരിയാണ്. മലയാളത്തിലെ നോവല്‍ ചരിത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ മാനമാണ് ഈ നോവല്‍ പുലര്‍ത്തുന്നത്. ഈ നോവല്‍ അടയാളപ്പെടുത്തുന്ന സൂക്ഷ്മ രാഷ്ട്രീയം അഭയാര്‍ത്ഥികളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. സാഹിത്യം എങ്ങനെ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമാണ് മാത്യുവിന്റെ ജീവിതത്തിലൂടെ, അയാള്‍ കടന്നുപോകുന്ന വഴിയിലെ കാഴ്ചകളിലൂടെ നമ്മള്‍ കാണുന്നത്. ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ മുതല്‍ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ വരെ കോര്‍ത്തിണക്കിക്കൊണ്ട് എന്നാല്‍ ജ്ഞാനഭാരം കൊണ്ട് വിരസമാക്കാതെ ആഗോളതലത്തില്‍ വലിയ ചര്‍ച്ചയാകുന്ന വിഷയങ്ങളെ ചേര്‍ത്തുപിടിക്കുന്ന അസാധാരണമായ ഒരു നോവല്‍.
മകന്‍ വെള്ളത്തില്‍ വീണ് മരിക്കുമെന്ന കാക്കാലത്തിയുടെ പ്രവചനത്തെ ഭയക്കുന്ന ഒരു അമ്മയായിരുന്നു മാത്തുക്കുട്ടിയുടേത്. ഒടുവില്‍ അമ്മ ഭയന്നത് തന്നെ സംഭവിക്കുമ്പോഴും ജീവിച്ചിരുന്ന കാലങ്ങളിലെല്ലാം മരിച്ചുപോയ ഒരാളെയാണ് നമ്മള്‍ക്ക് കണ്ടെത്താനാവുക. എഴുത്തില്‍ പുലര്‍ത്തിയ നൈതികബോധവും, ആഗോളവിഷയങ്ങളെ മാത്തുക്കുട്ടിയുടെ ചെറിയ ജീവിതത്തില്‍ ചേര്‍ത്തുവെച്ച രചനാകൗശലവും, നിതാന്ത ജാഗ്രതയുള്ള ഒരു ഗവേഷകയുടെ പരിശ്രമവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഈ സിദ്ധികളെല്ലാമുള്ള എഴുത്തുകാര്‍ കുറവാണ്. കരയിലെ മീനുകളുടെ പിടച്ചിലിലൂടെ മാത്രമേ നമുക്കീ നോവല്‍ വായിച്ചുതീര്‍ക്കാനാവൂ. സ്വാര്‍ത്ഥരുടെ ലോകത്തില്‍ നിസ്വാര്‍ത്ഥരായി ജീവിക്കുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് എന്ന് മനസ്സിലാക്കാന്‍ ഈ നോവല്‍ നമ്മെ സഹായിക്കുന്നു. മലയാളിയുടെ വായനയില്‍ നിര്‍ബന്ധമായും ഇടം പിടിക്കേണ്ട ഒരു നോവലാണ് കരയിലെ മീനുകള്‍.
Content Highlights: dr swapna c kombath reviews the novel karayile meenukal by nirmala mathrubhumi books
Published: 22 Mar 2025, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented