No story lives unless someone wants to listen.
'JK Rowling'
വിശ്വസാഹിത്യത്തെയും എഴുത്തുകാരെയും മലയാളികള്‍ക്കു പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തില്‍ എം.കൃഷ്ണന്‍ നായര്‍ ക്ലാസിക് കഥകളായി പലവട്ടം വിശേഷിപ്പിച്ച വിശ്വോത്തരകഥള്‍ രമാ മേനോന്‍ പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകം ഡോ. സ്വപ്‌ന സി കോമ്പാത്തിന്റെ വായനയില്‍...
ലോകത്തിലെ എല്ലാ ഭാഷകളിലും എഴുത്തിലും അല്ലാതെയുമായി ഒരു സെക്കന്റില്‍ കുറഞ്ഞത് ഒരു കഥയെങ്കിലും ഉണ്ടാകുന്നുണ്ടാവും. കേള്‍വിക്കാരെയും വായനക്കാരെയും കാത്തിരിക്കുന്ന അവയുടെ ഉപകഥകളും പുനരാഖ്യാനങ്ങളും വേറെയും. കഥകളിലൂടെയാണ് ലോകം പ്രത്യാശയിലേക്ക് പുലരുന്നതെന്നു തോന്നാറുണ്ട്. കഥകളെ കേള്‍വിക്കാരിലേക്ക് എത്തിക്കുന്നത് ഒരു പുണ്യ പ്രവര്‍ത്തിയാണ്, കാരണം കേള്‍വിക്കാരോ വായനക്കാരോ ഇല്ലാത്ത കഥകള്‍ നിര്‍ജീവങ്ങളാണ്. വായിച്ച കഥകളെക്കുറിച്ച് സംവദിക്കുന്നതും അതു മറ്റുള്ളവരിലേക്കെത്തിക്കുന്നതും വിശാലമായ അര്‍ത്ഥത്തില്‍ സാഹിത്യ പ്രവര്‍ത്തനം തന്നെയാണ്. വായിച്ചവയെക്കുറിച്ച് ഖണ്ഡനമെന്നോ മണ്ഡനമെന്നോ വേര്‍തിരിവില്ലാതെ സ്വതന്ത്രാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ മലയാളനിരൂപകനാണ് എം. കൃഷ്ണന്‍ നായര്‍, വിവിധലേഖനങ്ങളിലായി അദ്ദേഹം പരാമര്‍ശിച്ച ചെറുകഥകള്‍ക്ക് രമാമേനോന്‍ നല്‍കിയ പരിഭാഷകളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എം കൃഷ്ണന്‍ നായര്‍ക്ക് പ്രിയപ്പെട്ട വിശ്വോത്തര കഥകള്‍ എന്ന കഥാസമാഹാരം.
ചിലിയിലെ ഭൂകമ്പം (ഹെന്‍ട്രിക് വോണ്‍ ക്ലെയ്സ്റ്റ് ), ചുവന്ന പൂവ് (വിസവോലോദ് ഗാര്‍ഷിദ് ) ,മൂന്നാമത്തെ മകന്‍ (ആന്ദ്രേപ്ലാറ്റ നോവ്), പ്രചോദനം (ഇസാക് ബാബേല്‍ ), ആശകള്‍ നിറവേറ്റി തരുന്ന വീട്(റുഡ്യാര്‍ഡ് കിപ്ലിംഗ് ),നല്ല വൃത്തിയും വെടിപ്പും വെളിച്ചവും ഉള്ള ഒരിടം (ഏണസ്റ്റ് ഹെമിങ്ങ് വേ ) ,തുറന്നിട്ട ജാലകം ( സാകി) ,അച്ഛന്‍ (ബ്യോണ്‍ സ്റ്റേണ്‍ ബ്യോണ്‍സണ്‍ ) ഓമന ( ആന്റണ്‍ ചെക്കോവ് ), നിലാവെട്ടത്തില്‍ (ഗിദേ മോപ്പസാങ്ങ് )എന്നിങ്ങനെ ഒന്നിനൊന്നു മികച്ച 10 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും രചിക്കപ്പെട്ട ഈ കഥകളോരോന്നും കാലത്തെ വെല്ലുന്ന കാല്പനികത കൊണ്ടും മാനവിക മൂല്യങ്ങള്‍ കൊണ്ടും ഏറെ ആദരിക്കപ്പെടുന്നവയാണ്.
'മോപ്പസാങ്ങിന്റെ നിലാവട്ടത്തില്‍ എന്ന കഥ വായിച്ചു തീരുമ്പോള്‍ പ്രേമത്തിന്റെ ഉദാത്ത അവസ്ഥയെക്കുറിച്ച് നാം ബോധമുള്ളവരായിത്തീരുന്നു ' എന്നാണ് സാഹിത്യ വാരഫലത്തില്‍ കൃഷ്ണന്‍ നായര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചെറുകഥാ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മോപ്പസാങ്ങിന്റെ ശൈലി ലോകമെമ്പാടുമുള്ള ചെറുകഥാകൃത്തുക്കള്‍ക്ക് പ്രേരണയാണ് 'ദൈവത്തിന്റെ പോരാളി എന്ന് 'സ്വയം വിളിക്കുന്ന മാരിനോണ്‍ എന്ന പുരോഹിതന്‍ ദൈവത്തിന്റെ ഓരോ പ്രവര്‍ത്തിയുടെയും കാരണം അന്വേഷിക്കുന്ന ഒരാളാണ്. പ്രത്യക്ഷത്തില്‍ സ്ത്രീകളെ വെറുക്കുന്ന ഒരാളാണ് അച്ചന്‍ എന്ന് തോന്നുമെങ്കിലും സ്ത്രീയുടെ സ്വതസിദ്ധമായ അലിവും സ്‌നേഹവും തന്നെ ആക്രമിക്കുമോ എന്ന് ഭയപ്പെടുന്ന ഒരാള്‍ കൂടിയാണ് അച്ചന്‍'. പ്രണയത്തെ എതിര്‍ക്കുന്ന അച്ചന്‍ രാത്രിയുടെ അഭൗമമായ സൗന്ദര്യം പ്രണയികള്‍ക്ക് വേണ്ടിയാണെന്ന് തിരിച്ചറിയുന്നതാണ് കഥാന്ത്യം.
ആന്റണ്‍ ചെക്കോവിന്റെ ഓമന എന്ന കഥയെ ഒരു യുവതിയുടെ ചാപല്യത്തെക്കുറിച്ചുള്ളതാണ് എന്ന രീതിയിലാണ് എം കൃഷ്ണന്‍ നായര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 1904-ല്‍ അന്തരിച്ച ചെക്കോവ് 125-ല്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്ന് പേരുടെ കൂടെ വിവാഹജീവിതം നയിക്കേണ്ടി വന്ന ഒരു സ്ത്രീയെക്കുറിച്ച് എഴുതിയ ഈ കഥ ഏറ്റവും സ്‌നേഹത്തോടെ ഏറ്റവും വാത്സല്യത്തോടെ സ്ത്രീയുടെ മാനസികാവസ്ഥ തിരിച്ചറിയുന്നതാണ്. വൈധവ്യത്തിന്റെ കടന്നാക്രമണങ്ങളില്‍ നിന്ന് ഓമന ജീവിതത്തിലേക്ക് തിരിച്ചു വരുന്നതും ഒടുവിലൊടുവില്‍ വന്യമായ ഏകാന്തതയിലേക്ക് കൂപ്പുകുത്തുന്നതും മനസ്സില്‍ നൊമ്പരമുണര്‍ത്തുന്നു. 'സ്വന്തമായി ഒന്നും പറയാനില്ലാത്തൊരവസ്ഥ എത്ര നിര്‍ഭാഗ്യകരമാണ് ' എന്ന് ഓമനയെക്കുറിച്ച് ചെക്കോവ് വിഷമിക്കുമ്പോള്‍ വായനക്കാരും ദീര്‍ഘനിശ്വാസമയക്കും. ബ്യോണ്‍സ്റ്റേണ്‍ ബ്യോണ്‍സണ്‍ എന്ന നോര്‍വീജിയന്‍ സാഹിത്യകാരന്റെ അച്ഛന്‍ എന്ന കൃതിയെ മാസ്റ്റര്‍പീസ് എന്നാണ് എം. കൃഷ്ണന്‍ നായര്‍ വിശേഷിപ്പിച്ചത്.
ഇരകളെ സൃഷ്ടിച്ചു കൊണ്ടാണ് ഓരോ നവീകരണവും മുന്നോട്ടു പോകുന്നതെന്നഭിപ്രായപ്പെട്ട വിഖ്യാത രചയിതാവ് സാകിയുടെ തുറന്നിട്ട ജാലകം എന്ന കഥയാണ് ഈ കഥാസമാഹാരത്തിലെ ഏറ്റവും ഉദ്വേഗഭരിതമായ കഥ. വേരയെന്ന കഥപറച്ചിലുകാരിയുണ്ടാക്കിയ ഒരു കഥയില്‍ സ്വയം നഷ്ടപ്പെടുന്ന ഫ്രംടണിന്റെ മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കഥയെ 'കലയെ സംബന്ധിച്ച ദൃഢപ്രത്യയം ഉളവാക്കുന്ന കഥ'യെന്നാണ് കൃഷ്ണന്‍ നായര്‍ വിളിക്കുന്നത്. ഹെമിംഗ് വേയുടെ വൃത്തിയും വെടിപ്പും വെളിച്ചവുമുള്ള ഒരിടം, ഇസാക് ബാബേലിന്റെ പ്രചോദനം, ആന്ദ്രേ പ്ലാറ്റനോവിന്റെ മൂന്നാമത്തെ മകന്‍, വ്‌സവോലോദ് ഗാര്‍ഷിന്റെ ചുവന്ന പൂവ് എന്നീ കഥകള്‍ പ്രാപഞ്ചിക സത്യത്തിന്റെ അടിവേരുകളിലേക്കുള്ള പ്രയാണങ്ങളാണ്. അന്യതാബോധവും ശൂന്യതാബോധവുമുള്ള സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതത്തിലേക്കാണ് ഈ കഥകള്‍ നമ്മെ നയിക്കുന്നത്.
ഈ സമാഹാരത്തിലെ ഏറ്റവും ഉള്ളുലച്ച കൃതിയായനുഭവപ്പെട്ടത് റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ 'ആശകള്‍ നിറവേറ്റിത്തരുന്ന വീട് ' എന്ന കഥയാണ്. 1985 നവംബര്‍ 10 ന് കലാകൗമുദിയിലെഴുതിയ ലേഖനത്തില്‍ 'റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ 'ആശകള്‍ നിറവേറ്റിത്തരുന്ന വീട് ' തുടങ്ങിയ ചെറുകഥകള്‍ വായിക്കുക. അവ അച്ചടിച്ച പുറങ്ങളിലൂടെ ഈശ്വരന്‍ നടക്കുന്നതായി തോന്നും' എന്നാണ് കൃഷ്ണന്‍ നായര്‍ എഴുതിയിട്ടുള്ളത്. മിസ്സിസ് ആഷ് ക്രോഫ്ട്, മിസ്സിസ് ഫെറ്റ്‌ലി എന്നീ രണ്ട് സുഹൃത്തുക്കള്‍ പുനഃസമാഗമത്തിലൂടെ അവരുടെ ഒരുപാട് വര്‍ഷങ്ങള്‍ വീണ്ടെടുക്കുന്നതിനെക്കുറിച്ചാണ് ഈ കഥ പറയുന്നത്. വീട്ടുജോലിക്കാരികളായിരുന്ന ഈ സുഹൃത്തുക്കള്‍ വാര്‍ദ്ധക്യത്തില്‍ അവരുടെ യൗവനത്തെയും നഷ്ടപ്രണയത്തെയും ജീവിതസാഫല്യങ്ങളെയും വീണ്ടെടുക്കുന്നു. ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള നമ്മുടെ സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന കഥ നിരാസത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള മൗലിക ചിന്തകളെ ഉലച്ചുകളയുന്ന കഥ.
ഈ ലോകമെന്നത്, തീര്‍ച്ചയായും, അതിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പമല്ലാതെ മറ്റൊന്നുമല്ല (The world is, of course, nothing but our conception of it.) എന്നഭിപ്രായപ്പെട്ടത് ആന്റണ്‍ ചെക്കോവാണ്. കുറച്ചു പുസ്തകത്താളുകളിലൂടെ ലോകത്തെ കാണാനും പുതിയ സങ്കല്പങ്ങളുണ്ടാക്കാനും ഭാഗ്യം ചെയ്തവരാണ് വായനക്കാര്‍. തീര്‍ച്ചയായും, നമ്മുടെ ശ്രദ്ധയില്‍പ്പെടേണ്ട അപൂര്‍വ്വസുന്ദരങ്ങളായ പത്ത് കഥകളുടെ സമാഹാരമാണിത് ആഖ്യാനചാതുരി കൊണ്ട് നമ്മെ അമ്പരപ്പിക്കുകയും, പ്രമേയഗാംഭീര്യം കൊണ്ട് അസ്വസ്ഥരാക്കുകയും ചെയ്യുന്ന നല്ല കഥകളുടെ അസുലഭ വായാനാനുഭവമാണ് എം. കൃഷ്ണന്‍ നായരുടെ പ്രിയപ്പെട്ട വിശ്വോത്തര കഥകള്‍.'
Content Highlights: dr swapna c kombath review m krishnan nayarkku priyapetta viswothara kadhakal by reme menon
Published: 15 Jul 2024, 10:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented