കെ.വി മണികണ്ഠന്‍ രചിച്ച WEശേഷം എന്ന നോവല്‍ ഡോ. കല സജീവന്റെ വായനയില്‍. 

To advertise here,

അനുഭവിക്കുംനേരം അനുഭവിക്കുന്നവര്‍ക്കു മാത്രം ട്രോമയായി അനുഭവപ്പെടുന്നതും അനുഭവിക്കാത്തവര്‍ക്ക് ഒരിക്കലും മനസ്സിലാകാത്തതുമായ ഒരു അവസ്ഥയാണ് ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റ് WEശേഷം എന്ന ലഘു നോവലിന്റെ ആമുഖത്തില്‍ നോവലിസ്റ്റ് ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ അവസ്ഥാവിശേഷത്തിന്റെ സര്‍ക്കാസ്റ്റിക് നരേഷന്‍ നിര്‍വ്വഹിക്കാനാണ് കെ.വി. മണികണ്ഠന്‍ ശ്രമിക്കുന്നത്. ജ്യോതിശങ്കര്‍, ജ്യോതി ലക്ഷ്മി ദമ്പതിമാരുടെ ജീവിതത്തിന്റെ ആദ്യ അദ്ധ്യായങ്ങള്‍ ഇതിനുള്ള മുന്നൊരുക്കം തന്നെ. തട്ടും തടവുമില്ലാത്ത  ആഖ്യാനം സുഖകരമായ വായന ഉറപ്പാക്കുന്നു. സമൂഹം നിശ്ചയിച്ച വിവാഹം എന്ന ചതുരത്തിലേക്ക് കയറിപ്പറ്റിയ രണ്ടു വ്യക്തികള്‍. അല്ലലും അലട്ടുമില്ലാത്ത ശരാശരി മദ്ധ്യവര്‍ഗ്ഗ മലയാളി കുടുംബ ജീവിതം. 

അധികപ്പറ്റായി ജ്യോതി ശങ്കറിന്റെ അച്ഛന്‍ മലയാളം മാഷ് വക ആശാന്‍ ശ്ലോക പീഡന സപര്യയുണ്ട്  എന്നു പറയാം. ബാക്കിയെല്ലാം ഒറ്റ നോട്ടത്തില്‍ ശുഭം.
യഥാര്‍ത്ഥ പ്രശ്‌നം ആരംഭിക്കുന്നത് സാമ്പ്രദായിക രീതിയിലുള്ള ഒരന്വേഷണത്തില്‍ നിന്നാണ്; വിശേഷമൊന്നുമായില്ലേ? മറ്റുള്ളവരുടെ വീടിനുള്ളില്‍ എന്തു നടക്കുന്നു എന്നറിയാനുള്ള അളിഞ്ഞ ആകാംക്ഷയുടെ തെളിഞ്ഞ ആകാരങ്ങളാണല്ലോ ഒട്ടുമിക്ക മലയാളികളും. പൊതുബോധമതാണ്. പറഞ്ഞിട്ടു കാര്യമില്ല. അതിലിപ്പോള്‍ വിദ്യാഭ്യാസം കുറഞ്ഞവരോ നാട്ടിന്‍ പുറത്തുകാരോ എന്ന് ഭേദമൊന്നുമില്ല.  ഉന്നതവിദ്യാഭ്യാസരംഗത്തുള്ളവരായാലും ലൈംഗിക അസൂയ കൊണ്ട് ഞെരിപിരി കൊള്ളുന്നവരെ എത്ര വേണമെങ്കിലും ഉദാഹരിക്കാവുന്നതാണ്.

 രണ്ടു ജ്യോതിമാരുടെയും സ്വച്ഛജീവിതത്തെ തകര്‍ക്കാന്‍ നാട്ടുകാരുടെ ചോദ്യരൂപത്തിലും അമ്മായി, നാത്തൂന്‍മാരുടെ ആശങ്കാരൂപത്തിലും കൂരമ്പുകള്‍ പ്രവഹിക്കുന്നുണ്ട്. അതില്‍ പതറാതെ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവുന്നത് ഐശ്വര്യയെന്ന മിടുക്കിയായ സുഹൃത്തിന്റെ കൈത്താങ്ങു കൊണ്ടുതന്നെയാണ്. ആണും പെണ്ണും തമ്മില്‍ കാമം മാത്രമേ കൈമാറ്റം ചെയ്യാനുള്ളൂ എന്ന സാമാന്യബോധത്തിന്റെ പ്രതിനിധിയാണ് സീതയെന്ന മൂത്ത നാത്തൂന്‍ കം സ്‌കൂള്‍ ടീച്ചര്‍. ജ്യോതി ശങ്കറുമായുള്ള ഐശ്വര്യയുടെ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തെ അത്രയും തരംതാണ രീതിയിലാണ് അവര്‍ അവതരിപ്പിക്കുന്നത്. 

 ലക്ഷ്മിയുടെ സങ്കടത്തിന് കൂട്ടാവുന്നത് അനപത്യതാവിഷയത്തിലുള്ള ജ്യോതിയുടെ അമ്മയുടെ നിശ്ശബ്ദതയാണ്. അതവര്‍ മനോഹരമായി നിര്‍വ്വഹിക്കുന്നുണ്ട്. കാര്യമായി അലോസരപ്പെടുത്തുന്നില്ല. ഉച്ചനേരത്തെ വാതില്‍ മുട്ടിവിളിയൊക്കെ സാധാരണ കൂട്ടുകുടുംബത്തില്‍ സംഭവിക്കുന്നതു തന്നെ. രാത്രി മാത്രമേ രതിയാകാവൂ എന്ന അന്ധവിശ്വാസം കാരണമാവാം മനുഷ്യരിങ്ങനെ പരസ്പരം ശല്യപ്പെടുത്തുന്നത്. 

 ഇന്‍ഫെര്‍ട്ടിലിറ്റി എന്ന പ്രധാന വിഷയത്തിലേക്ക് പ്രവേശിക്കാന്‍ നോവലിസ്റ്റിനു തിടുക്കമുള്ളതായി തോന്നും, ആദ്യരാത്രി തന്നെ മുറിയില്‍ കാലു കുത്തിയ നേരം അടച്ച വാതിലില്‍ ചാരിനിര്‍ത്തി ലക്ഷ്മിയെക്കൊണ്ട് 'ഞാന്‍ ഒരു പി.എസ്.സി. ലിസ്റ്റില്‍ കയറും വരെ' എന്നു തുടങ്ങുന്ന ഡയലോഗ് പറയിപ്പിച്ചതും, വാതില്‍ക്കല്‍ നിന്ന് ലക്ഷ്മി പിന്നെ നേരെ ലാന്‍ഡ് ചെയ്യുന്നത് ജ്യോതിയുടെ നെഞ്ചത്തേക്കാക്കിയതും. ആദ്യരാത്രി ശാരീരികബന്ധത്തില്‍ തുടങ്ങണമെന്ന തരം സാമ്പ്രദായികതകള്‍ നോവലില്‍ സ്വീകരിച്ചിട്ടുണ്ട്.ചികിത്സയ്‌ക്കെത്തുന്ന നിസ്സഹായരായ മനുഷ്യരെ അത്രയ്‌ക്കൊന്നും ദ്രോഹിക്കാത്ത ഡോ.ജയകൃഷ്ണന്റെ ക്ലിനിക്ക് നന്നായി ചിത്രീകരിച്ചിരിക്കുന്നു. ഒരു സാധാരണ ഡോക്ടറില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിലധികം സഹൃദയത്വം അദ്ദേഹത്തിനുണ്ട്. ജ്യോതി ശങ്കറിന്റെ അച്ഛന് എങ്ങനെയാണോ ആശാന്‍ ബാധ അതുപോലെ തന്നെയാണ് ജ്യോതി ശങ്കറിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള നിരീശ്വരവാദ ഡയലോഗുകള്‍. അതു പക്ഷേ നോവലിസ്റ്റ് ഒരു പ്രശ്‌നമായി അഭിസംബോധന ചെയ്യുന്നില്ല.  ന്യൂ ജെന്‍ പ്രതിനിധികളായി നോവലില്‍ അവതരിപ്പിക്കപ്പെടുന്ന രണ്ടു കഥാപാത്രങ്ങള്‍ സ്ഥിരം സിനിമാ- ക്ലീഷേയാണ് -  മന്ത്രിപുത്രി /കോടീശ്വര പുത്രന്‍ /അസമയത്തെ അവിഹിതം / പോലീസിന്റെ എന്‍ട്രി - കോംബോ - തെല്ലു പോലും വ്യത്യാസപ്പെടുത്തിയിട്ടില്ല. എന്നിരിക്കിലും അവസാന ഭാഗത്തെ സംഘര്‍ഷാവസ്ഥയിലേക്ക് അനുവാചകരെ സമര്‍ത്ഥമായി  ഉള്‍ച്ചേര്‍ക്കാന്‍ നോവലിസ്റ്റിനാവുന്നുണ്ട്.

 വിശേഷമെന്ന നോവലില്‍ പുതുകാലത്തിന്റെ എഴുത്തുരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. സംഭാഷണ പ്രധാനമാണ് നോവല്‍. തീര്‍ത്തും ലളിതം. പെട്ടെന്ന് വായിച്ചു തീര്‍ക്കാവുന്ന തരത്തില്‍ കഥ പറഞ്ഞിരിക്കുന്നു. സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയം നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യത്തില്‍ നോവല്‍ വിജയിച്ചിട്ടുണ്ടെന്ന് ഉറപ്പായും പറയാം.