പെലെ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തെയും ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തെയും കുറിച്ച് വിവരിക്കുന്ന 'പെലെ, ഇതിഹാസത്തിന്റെ ഇതിഹാസം' എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം...

To advertise here,

പെലെ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തേയും ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തെയും കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് അനന്യ ജി.യുടെ 'പെലെ, ഇതിഹാസത്തിന്റെ ഇതിഹാസം'. 

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത പേരാണ് ഇതിഹാസ താരം പെലെയുടേത്. അദ്ദേഹത്തിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ പലതും ആരാധകര്‍ക്ക് മനഃപാഠമാണ്. എന്നാല്‍, പെലെയുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും അതിസൂക്ഷ്മവുമായ കാര്യങ്ങള്‍ ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു. ഇതോടൊപ്പം കോളനിവല്‍ക്കരണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച ബ്രസീലിയന്‍ ജനതയുടെ അനുഭവങ്ങളിലൂടെയും എഴുത്തുകാരി സഞ്ചരിക്കുന്നുണ്ട്. 

ലോകത്ത് ഫുട്ബോളിനെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ പോലും ഒരുപക്ഷേ പെലെ എന്ന ഇതിഹാസത്തേക്കുറിച്ച് കേട്ടിരിക്കും. സോഷ്യല്‍ മീഡിയയും വാര്‍ത്താമാധ്യമങ്ങളും ഇന്നത്തെ ആഗോളരൂപം പ്രാപിക്കുന്നതിനു മുമ്പ് ഫുട്ബോള്‍ എന്ന മാന്ത്രികതയിലൂടെ ലോകം കീഴടക്കിയ താരമാണ് അദ്ദേഹം. 

എഡ്സണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെ പില്‍ക്കാലത്ത് ലോക ഫുട്ബോളിലെ ചക്രവര്‍ത്തിയായി വളര്‍ന്നത് കാല്‍പ്പന്തുകളിയോടുള്ള സമര്‍പ്പണം ഒന്നുകൊണ്ടു മാത്രമായിരുന്നു. കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു പെലെ. ബള്‍ബ് കണ്ടുപിടിച്ച തോമസ് ആല്‍വ എഡിസണോടുള്ള ആദരസൂചകമായാണ് ഡൊണീഞ്ഞ്യോ - സെലെസ്റ്റേ അരാന്റസ് ദമ്പതികള്‍ തങ്ങളുടെ മകന് എഡ്സണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്ന പേര് നല്‍കിയത്. 

പില്‍ക്കാലത്ത് ഫുട്ബോള്‍ ലോകത്തേത്തന്നെ ആ മകന്‍ തന്റെ പേരിലെ രണ്ടു വാക്കിലേക്ക് ചുരുക്കി. ഡിക്കോ, പെലെ എന്നീ പേരുകളാണ് ചെറുപ്പത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. കുടുംബം അവനെ ഓമനിച്ച് വിളിച്ചിരുന്ന ഡിക്കോ എന്ന പേരിന്റെ അര്‍ഥം യോദ്ധാവിന്റെ മകന്‍ എന്നായിരുന്നു. പെലെ എന്ന പേര് സ്‌കൂളിലെ സഹപാഠികള്‍ അദ്ദേഹത്തെ കളിയാക്കി വിളിച്ചതായിരുന്നു. 

തുര്‍ക്കി ഭാഷയില്‍ അഴുക്ക് എന്നര്‍ഥംവരുന്ന പദവുമായി പെലെ എന്ന വാക്കിന് സാമ്യമുണ്ടായിരുന്നു. ഈ പേരിലായിരുന്നു കുട്ടികള്‍ അന്ന് പെലെയെ കളിയാക്കിയിരുന്നത്. എന്നാല്‍ തങ്ങള്‍ കളിയാക്കി വിളിച്ച പേര് പില്‍ക്കാലത്ത് ഫുട്ബോള്‍ ലോകത്ത് ഒരു ബ്രാന്‍ഡായി മാറുമെന്ന് അന്നവര്‍ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല.

പോര്‍ച്ചുഗീസുകാരെ കൗതുകത്തോടെ വരവേറ്റ ബ്രസീല്‍ ജനതയ്ക്ക് പിന്നീട് അനുഭവിക്കേണ്ടിവന്ന കഷ്ടതകളും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ബ്രസീല്‍ പിന്നീട് സമ്പൂര്‍ണ കോളനിയായി മാറിയതിന് പിന്നിലെ ചരിത്രവും ഇതിലടങ്ങിയിരിക്കുന്നു.

ഇന്ത്യയില്‍ കാല്‍പ്പന്തിന്റെ ഹരം പടര്‍ന്ന് പിന്നെയും പതിറ്റാണ്ടുകള്‍ പിന്നിട്ടാണ് ബ്രസീല്‍ ഫുട്‌ബോളിനെ പരിചയപ്പെടുന്നത്. അവര്‍ക്ക് ആ കളിയെ പരിചയപ്പെടുത്തിയ ചാള്‍സ് വില്യം മില്ലറിനെയും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൊറിന്ത്യന്‍സ്, സാവോപോളോ അത്‌ലറ്റിക് ക്ലബ്ബ് ടീമുകളുടെ ഉത്ഭവവും അതുവഴി ബ്രസീല്‍ ഫുട്‌ബോളിലുണ്ടായ മാറ്റവുമെല്ലാം കാണാം. മൈതാനങ്ങളില്‍ കറുത്തവര്‍ഗക്കാര്‍ക്ക് നേരിട്ട വിവേചനങ്ങളും വെള്ളക്കാരുടെ മേല്‍ക്കോയ്മകളുമെല്ലാം പ്രതിപാദിക്കാന്‍ രചയിതാവിന് സാധിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് തങ്ങളുടെ ജോബോ ബൊണീറ്റോയില്‍ എല്ലാ സങ്കടങ്ങളും മറന്നിരുന്ന ബ്രസീലുകാര്‍ക്ക് സാധിച്ചു.

ദാരിദ്ര്യം നിറഞ്ഞ പെലെയുടെ കുട്ടിക്കാലവും അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ പടവുകളുമെല്ലാം വിവരങ്ങള്‍ ഒട്ടും ചോരാതെ തന്നെ എഴുത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പെലെയ്‌ക്കൊപ്പം ഗാരിഞ്ചയടക്കമുള്ള മറ്റ് ബ്രസീലിയന്‍ ഇതിഹാസങ്ങളെയും ഇതില്‍ വായിക്കാനാകും. പെലെയേയും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്നവര്‍ക്ക് ബ്രസീല്‍ എന്ന രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തെക്കുറിച്ചറിയാനുള്ള എല്ലാ വകയും നല്‍കുന്നതാണ് 'പെലെ, ഇതിഹാസത്തിന്റെ ഇതിഹാസം'.