എഴുത്തുകാരനും അധ്യാപകനുമായിരുന്ന പാലക്കീഴ് നാരായണന്റെ നിര്യാണത്തില്‍ കേരള സാഹിത്യഅക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പ്രൊഫസര്‍ പാലക്കീഴ്  നാരായണനുമായി വളരെ മുമ്പേയുള്ള സൗഹൃദമാണ്. ഞാന്‍ റെയില്‍വേ ജീവിതം അവസാനിപ്പിച്ച് തിരികെ കേരളത്തിലേക്ക് വന്നപ്പോള്‍ ആദ്യമായി പൊതുവേദിയെ അഭിമുഖീകരിച്ചത് പാലക്കീഴിന്റെ ക്ഷണപ്രകാരമായിരുന്നു. പെരിന്തല്‍മണ്ണ കോളേജായിരുന്നു വേദി. പു.ക.സയുടെ സജീവ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. ചെറുകാട് സ്മാരകം പണിയാന്‍ അഹോരാത്രം അദ്ദേഹം പ്രയത്‌നിച്ചു. പാലക്കീഴ് സജീവമായ എഴുത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ മലയാളത്തിന് നല്ല ഒരു എഴുത്തുകാരനെ ലഭിക്കുമായിരുന്നു. അത്രയും പ്രതിഭാധനനായിരുന്നു. പക്ഷേ അദ്ദേഹം മറ്റുള്ളവരെ എഴുതിക്കാനായിരുന്നു തന്റെ സാഹിത്യഗുണങ്ങളത്രയും ഉപയോഗിച്ചിരുന്നത്. 

പൂര്‍ണമായിട്ടും മറ്റുള്ളവര്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു പാലക്കീഴിന്റെത്. ദീര്‍ഘകാലം ഗ്രന്ഥാലോകത്തിന്റെ എഡിറ്ററായിരുന്നു. അക്കാലയളവിലെല്ലാം തന്നെ തനിക്കു മുമ്പിലെത്തുന്ന സാഹിത്യം നന്നാക്കുവാനും പുതിയ രചനകളെ കണ്ടെത്താനുമായിരുന്നു അദ്ദേഹത്തിന് ഉത്സാഹം. അതിന്റെ ഭാഗമെന്നവണ്ണം അദ്ദേഹം സ്വന്തമായി കുറച്ചു പുസ്തകങ്ങള്‍ എഴുതി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കിയാണ് കേരള സാഹിത്യഅക്കാദമി അദ്ദേഹത്തെ ആദരിച്ചത്. മേലാറ്റൂരിലെ വീട്ടില്‍ പോയി പുരസ്‌കാരം നല്‍കുന്ന വേളയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. എങ്കിലും അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. സന്തോഷത്തോടെ പുരസ്‌കാരം സ്വീകരിച്ചു. പാലക്കീഴിന്റെ സാഹിത്യ സംഭാവനകളും മാര്‍ഗനിര്‍ദ്ദേശങ്ങളും എക്കാലവും മലയാളസാഹിത്യത്തിന് വെളിച്ചമായിത്തന്നെ തുടരും.

Content Highlights : writer Vysakhan pays homage to prof palakkeezh narayanan