യാത്രകളെ സാഹിത്യത്തോട് ഇണക്കിച്ചേര്‍ത്ത എഴുത്തുകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്ട്. നിലയ്ക്കാത്ത യാത്രകള്‍ കൊണ്ട് ജീവിതത്തെ കൊണ്ടാടിയ വ്യക്തിത്വം. കഥ വായിക്കുന്നതു പോലെ മലയാളത്തില്‍ സഞ്ചാരസാഹിത്യം പ്രസിദ്ധിയാര്‍ജ്ജിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സഞ്ചാരസാഹിത്യം എന്ന സാഹിത്യവിഭാഗത്തെ മലയാളത്തില്‍ വളര്‍ത്തിയെടുത്തതുതന്നെ അദ്ദേഹമായിരുന്നു. എസ്.കെയുടെ ചരമവാര്‍ഷിക ദിനമാണ് ഓഗസ്റ്റ് ആറ്.
 
പിന്നിട്ട വഴികളെ, വഴിയോരക്കാഴ്ചകളെ അതേപോലെ വായനക്കാരനില്‍ എത്തിക്കാന്‍ അനശ്വരനായ ഈ സാഹിത്യകാരന് സാധിച്ചു. ആസൂത്രിതമല്ലാത്ത യാത്രകളാണ് പച്ചയായ ജീവിതവും ദേശത്തനിമയും സംസ്‌കാരവുമെല്ലാം പുനരാവിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. കണ്‍മുന്നില്‍ തെളിഞ്ഞ കാഴ്ചകളെ, കൂടുതല്‍ മിഴിവോടെ അവതരിപ്പിക്കുകയാണ് എസ്.കെ ചെയ്തത്. ഒരുപക്ഷേ സാധാരണക്കാരന്‍ നേരിട്ടുകണ്ടാലും ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും ആ വര്‍ണനകളിലുണ്ടായിരുന്നു.

മലയാളത്തിലെ 'ജോണ്‍ ഗന്തര്‍' എന്നും സഞ്ചാര സാഹിത്യത്തിലെ 'എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്' എന്നുമാണ് സാഹിത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇരുപതോളം സഞ്ചാര സാഹിത്യകൃതികളാണ് പൊറ്റക്കാട് നമുക്കായി സമ്മാനിച്ചത്. യാത്രാവിവരണങ്ങള്‍ക്ക് പുറമേ നോവലുകളും ചെറുകഥകളും നാടകവും കവിതയുമെല്ലാം ആ തൂലികയില്‍ നിന്ന് പിറന്നു.

നാലാംഫോറത്തില്‍ പഠിക്കുമ്പോഴാണ് ആദ്യകഥയെഴുതുന്നത്-വെള്ളിനക്ഷത്രം. പക്ഷേ, ഇത് പ്രസിദ്ധീകരിച്ചുവന്നില്ല. സാമൂതിരികോളേജില്‍ പഠിക്കവേ കോളേജ്മാഗസിനില്‍ 'രാജനീതി' എന്ന ആദ്യകഥ പ്രസിദ്ധീകരിച്ചു. ആത്മകാഹളം എന്ന മാസികയില്‍ 1933-ല്‍ പ്രസിദ്ധീകരിച്ച 'മകനെ കൊന്ന മദ്യം' ആണ്ആദ്യം അച്ചടിച്ച കവിത. ആദ്യ കവിതാസമാഹാരമായ 'പ്രഭാതകാന്തി' 1936-ല്‍ പുറത്തിറങ്ങി. 1939-ല്‍ കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച 'നാടന്‍പ്രേമം' ആണ് എസ്.കെ.യുടെ ആദ്യനോവല്‍. നാല്പതുകളുടെ ആദ്യത്തില്‍ അരുണന്‍ എന്ന തൂലികാനാമത്തില്‍ ഹാസ്യവിമര്‍ശനലേഖനങ്ങള്‍ എഴുതിയിരുന്നു. 1947-ല്‍ ഈ ലേഖനങ്ങള്‍ സമാഹരിച്ച് പൊന്തക്കാടുകള്‍ എന്ന പുസ്തകം ഇറക്കി.

അദ്ദേഹത്തിന്റെ ബാല്യകാലാനുഭവങ്ങള്‍ 'ഒരു ദേശത്തിന്റെ കഥ'യ്ക്ക് നിറക്കൂട്ടായി. 1936-ല്‍ കോഴിക്കോട് ഗുജറാത്തിസ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്യുന്നകാലത്ത് സ്വാതന്ത്ര്യസമരത്തിലും ദേശീയപ്രസ്ഥാനത്തിലും ആകൃഷ്ടനായി. 1939-ലെ കോണ്‍ഗ്രസ് ദേശീയസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളില്‍നിന്ന് അവധി ചോദിച്ചെങ്കിലും ലഭിച്ചില്ല. അങ്ങനെ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്നു. മുഹമ്മദ് അബ്ദുറഹ്മാനൊപ്പം ത്രിപുരയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. ഈ യാത്രയാണ് അദ്ദേഹത്തെ സഞ്ചാരപ്രിയനാക്കിയത്. പിന്നീട് വീണ്ടും ജോലി തേടി മുംബെയില്‍ എത്തി. 1941 വരെയുള്ള കാലയളവില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ഹിമാലയംവരെ ആ യാത്ര തുടര്‍ന്നു. ഇക്കാലയളവില്‍തന്നെ അദ്ദേഹം യാത്രാവിവരണം എഴുതിത്തുടങ്ങി. 

1949ലായിരുന്നു ആദ്യ വിദേശപര്യടനം. എസ്.കെ.യുടെ ആദ്യ വിദേശയാത്ര ഇരുണ്ട ആഫ്രിക്കയിലേക്കായിരുന്നു. ആഫ്രിക്കയിലേക്ക് യാത്രപുറപ്പെടുന്ന എസ്.കെ.യെ യാത്രയാക്കവേ പ്രമുഖ നിരൂപകന്‍ കുട്ടികൃഷ്ണമാരാര് അദ്ദേഹത്തോട് ചോദിച്ചു: ''ലോകത്ത് എത്രയോ നല്ല രാഷ്ട്രങ്ങള്‍ ഉണ്ടെന്നിരിക്കെ എസ്.കെ. എന്തിന് ഇരുണ്ട ആഫ്രിക്കയിലേക്ക് പോവുന്നു?''
''പച്ചയായ മനുഷ്യരെ കാണാനും പഠിക്കാനുമാണ് ഞാന്‍ ആഫ്രിക്കയിലേക്ക് പോവുന്നത്'' എന്നാണ് എസ്.കെ. മറുപടി പറഞ്ഞത്. തുടര്‍ന്ന് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലേക്ക്. പിന്നീട് നിരവധി യാത്രകള്‍, യാത്രാനുഭവങ്ങള്‍ സാഹിത്യഭംഗിയോടെ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ച് പൊറ്റെക്കാട്ട് യാത്രാവിവരണശാഖയ്ക്ക് പുതിയ മാനം നല്‍കി. കെയ്റോ കത്തുകള്‍, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ ഡയറി, ബാലിദ്വീപ് തുടങ്ങി നിരവധി യാത്രാവിവരണകൃതികള്‍, കവിത, ഉപന്യാസം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം മികവ് തെളിയിച്ചു. 

എല്ലാ യാത്രകളിലും തന്റെ ജന്മനാടായ കോഴിക്കോടിന്റെ പിന്‍വിളിക്ക് അദ്ദേഹം കാതോര്‍ത്തിരുന്നു. ആഫ്രിക്കയില്‍നിന്ന് യൂറോപ്പിലേക്ക് യാത്രചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയശേഷം പുതിയറയില്‍ അദ്ദേഹം 'ചന്ദ്രകാന്തം' എന്ന പേരില്‍ ഒരു വീട് പണിതു. ഭാര്യയോടൊപ്പം ലോകം ചുറ്റിസഞ്ചരിച്ച എസ്.കെ. തന്റെ ഡയറിക്കുറിപ്പുകളിലൂടെ ആധുനിക വാര്‍ത്താവിതരണവിദ്യകളൊന്നും അധികം പുരോഗമിച്ചിട്ടില്ലാത്തകാലത്ത് മലയാളികള്‍ക്ക് ലോകം പരിചയപ്പെടുത്തി. കാപ്പിരികളുടെ നാടും ക്ലിയോപാട്രയുടെ ദേശവും നൈല്‍നദിക്കരയും കെയ്റോയും ലാഹോറിലെ ഷാലിമാര്‍ തോട്ടങ്ങളും കുത്തബ് മിനാറും കശ്മീരുമെല്ലാം എസ്.കെ.യുടെ രസകരവും ആസ്വാദ്യകരവുമായ ശ്രേഷ്ഠഭാഷയിലൂടെ മലയാളികള്‍ വായിച്ചറിഞ്ഞു. 'ഒരു ദേശത്തിന്റെ കഥ' പൊറ്റെക്കാട്ടിന്റെയും 'ഒരു തെരുവിന്റെ കഥ' കോഴിക്കോട് നഗരത്തിന്റെയും ആത്മകഥകളാണ്. വയനാട്ടിലെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ വിഷകന്യക, നോവല്‍ എന്ന കലാരൂപത്തിലൂടെ മലയാളഭാഷയ്ക്ക് ലഭിച്ച ഒരു ക്ലാസിക്തന്നെയാണെന്ന് പറയാം.

Content Highlights: S. K. Pottekkatt death anniversary