ട്രാവല്‍ വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തതതിനെത്തുടര്‍ന്നുണ്ടായ 'കേരളം കത്തിക്കല്‍' ഭീഷണികളെക്കുറിച്ച് സാഹിത്യസാംസ്‌കാരിക സാമൂഹ്യമേഖലകളിലെ പ്രമുഖരുമായി മാതൃഭൂമി ഡോട് കോം നടത്തുന്ന ചര്‍ച്ചയില്‍ സാമൂഹ്യനിരീക്ഷകനും അധ്യാപകനുമായ പ്രേംകുമാര്‍ സംസാരിക്കുന്നു.

നാല് ചക്രത്തില്‍, നല്ല വേഗത്തിലോടുന്ന ഭംഗിയുള്ളൊരു വണ്ടി മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുക്കുന്നു. അത് വേഗം വിട്ട് തീര്‍പ്പാക്കിവിട്ടില്ലെങ്കില്‍ കേരളം കത്തും, ഇല്ലെങ്കില്‍ ഞാന്‍ തൂങ്ങിമരിക്കും, മുഖ്യമന്ത്രി രാജിവെക്കണം, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ അച്ഛന്‍ തനിക്ക് അപമാനമാകുന്നു തുടങ്ങിയ ജല്‍പനങ്ങള്‍ കുട്ടികളില്‍ നിന്നും വരുമ്പോള്‍ ചിന്തിക്കേണ്ടതുതന്നെയുണ്ട്. 

എന്തൊരു കുട്ടികളാണ് ഇക്കാലത്തേത്! ചാടിക്കയറി കണ്‍ക്ലൂഡ് ചെയ്യാന്‍ വരട്ടെ. 

ഇങ്ങനെയൊക്കെ പറയുന്ന കുട്ടികള്‍ സത്യത്തില്‍ കുഴപ്പക്കാരൊന്നുമല്ല, ഭയങ്കരന്മാരുമല്ല. സത്യത്തില്‍ നല്ലവര്‍ തന്നെയാണവര്‍. നമുക്കും നമ്മുടെ തൊട്ടുമുമ്പുണ്ടായിരുന്ന തലമുറയ്ക്കും ഉണ്ടായിരുന്ന കുറേ കുഴപ്പങ്ങള്‍ കാണാനില്ലാത്ത നല്ല കുട്ടികളില്‍ തന്നെയാണവര്‍. ശാസ്ത്രാവബോധം, മതബോധം, ലിംഗനീതിബോധം, ഉച്ചനീചത്വത്തിനെതിരെയുള്ള നിലപാടുകള്‍, സാമൂഹ്യബോധം തുടങ്ങിയ കാര്യങ്ങളിലൊക്കെ നമ്മുടെ ഇന്നത്തെ കുട്ടികള്‍ കൃത്യമായ നിലപാടുള്ളവരാണ്. പ്രളയകാലത്ത് നമ്മള്‍ നേരിട്ടറിഞ്ഞതാണ് 'മുടി'യന്മാരുടെയും ഹിപ്പികളുടെയും ജീന്‍സ്-ലെഗ്ഗിങ്ങുകാരികളുടെയും ഉത്തരവാദിത്തബോധം. തികഞ്ഞ പക്വതയോടെ അവര്‍ കേരളത്തിനു കാണിച്ചുകൊടുത്തതാണ് തങ്ങളെന്താണ് ഇതുവരെ ആര്‍ജിച്ചതെന്ന്. 

കുട്ടികള്‍ ആകെ കുഴപ്പക്കാരാവുന്നു എന്ന പൊതുബോധനിര്‍മിതിയെ സത്യത്തില്‍ തച്ചുടക്കേണ്ടതുണ്ട്. നാല്‍പതുകഴിഞ്ഞ നമ്മള്‍ പറയുകയാണ് കുട്ടികള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നുവെന്ന്. അരാഷ്ട്രീയത എന്നു നമ്മള്‍ പറയുമ്പോള്‍ കുട്ടികള്‍ക്കൊരിക്കലും അതിന്റെ ശരിയായ അര്‍ഥം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്ന് വരില്ല. രാഷ്ട്രീയതയുടെ നേര്‍വിപരീദമാണ് അരാഷ്ട്രീയത. അവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയതയെന്നാല്‍ പാര്‍ലമന്റെറി രാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പും വോട്ടെടുപ്പും വാക് തര്‍ക്കങ്ങളും വെട്ടും കുത്തുമാണ് ഇവരെ സംബന്ധിച്ചിടത്തോളം പൊളിറ്റിക്കല്‍. ഇത് വലിയൊരു പ്രശ്‌നമാണ്. 

യൂട്യൂബില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള രണ്ട് വ്ളോഗര്‍മാരുടെ വാഹനം കസ്റ്റഡിയിലെടുത്തപ്പോഴേക്കും എന്തുകൊണ്ടാണ് കൗമാരം വൈകാരികമായി പ്രതികരിച്ചത്? ആ വാഹനത്തോട് എന്തുകൊണ്ടാണ് ഇത്രയും വലിയ അറ്റാച്ച്മെന്റ് അവര്‍ക്കുള്ളത്? ഇതിനെ തികച്ചും വേറിട്ട രീതിയിലാണ് വായിക്കേണ്ടത് എന്നാണ് തോന്നുന്നത്.
 
ഇന്ത്യയില്‍, ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ല; സിനിമയില്‍പ്പോലും. ഇനിയഥവാ സിനിമയില്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ അവിടെ പ്രത്യേകം എഴുതിക്കാണിക്കണം. മദ്യപിക്കുന്ന സീനുകള്‍ വരുമ്പോഴും മുന്നറിയിപ്പ് എഴുതിക്കാണിക്കണം. മൃഗങ്ങളെ ഉപദ്രവിക്കുന്ന സീന്‍ വരുമ്പോഴും എഴുതിക്കാണിക്കണം. പറഞ്ഞുവരുന്നത് ഇത്തരം കാര്യങ്ങള്‍ നമ്മുടെ വിനോദോപാധിയായ സിനിമയില്‍ പോലും പാടില്ല എന്നാണ്. 150 കി.മീ സ്പീഡില്‍ ഹോണ്‍ നിര്‍ത്താതെ മുഴക്കിക്കൊണ്ട് വാഹനം ഓടിക്കുമ്പോള്‍ സിനിമയില്‍പ്പോലും പ്രതീകാത്മകമെന്നും അനുകരിക്കാന്‍ പാടില്ല എന്നും പ്രത്യേകം എഴുതിക്കാണിച്ചിരിക്കണം എന്ന നിയമമുള്ള രാജ്യത്ത് തികച്ചും റിയല്‍ ആയി വ്ളോഗര്‍മാര്‍ കാണിച്ചുകൊടുക്കുകയാണ് ഇതെല്ലാം. വിനോദമാധ്യമങ്ങളില്‍ പോലും അനുവദനീയമല്ലാത്ത കാര്യങ്ങള്‍ യഥാര്‍ഥജീവിതത്തില്‍ ചെയ്തുകാണിച്ചുകൊടുക്കുകയാണ് ഇവിടെ. ഇതു കാണുന്ന കുട്ടികളില്‍ വലിയൊരുവിഭാഗവും വിര്‍ച്വല്‍ലോകത്ത് കാണുന്നതാണ് സത്യമെന്നാണ് വിചാരിച്ചിരുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി കുട്ടികള്‍ ലോകത്തെ കാണുന്നത്. അവരെ രസിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ഇതിലാണ് ഉള്ളത്. അവരെ സംബന്ധിച്ചിടത്തോളം സോഷ്യല്‍ എക്സ്പീരിയന്‍സ് ലഭിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിലൂടെയാണ്. മുമ്പെല്ലാം ബിഗ് സ്‌ക്രീന്‍ എന്ന മാധ്യമായിരുന്നു കുട്ടികളുമായി ഇത്തരത്തില്‍ സംവദിച്ചിരുന്നത്. ബിഗ് സ്‌ക്രീനുകള്‍ക്ക് കുറച്ചുകൂടി ഉത്തരവാദിത്തമുണ്ടായിരുന്നു. പിന്നെയത് മിനിസ്‌ക്രീനിലേക്കു മാറി, ടെലിവിഷന്‍ രംഗത്തുവന്നു. അവിടെനിന്നും മൊബൈല്‍ സ്‌ക്രീനിലേക്കുള്ള ദൂരം പക്ഷേ വളരെ എളുപ്പമുള്ളതുമായിരുന്നു. ഒട്ടും ധാര്‍മികതയില്ലാതെ, ഉത്തരവാദിത്തങ്ങളില്ലാതെ, എഡിറ്റിങ്ങില്ലാതെ തങ്ങള്‍ കാട്ടിക്കൂട്ടുന്നതെല്ലാം പടച്ചുവിടുന്ന വ്ളോഗര്‍മാരെ അക്ഷരാര്‍ഥത്തില്‍ വിശ്വസിക്കുകയാണ് നമ്മുടെ കുട്ടികള്‍. അത്തരം ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കേ പൊടുന്നനെ കടന്നുവരുന്ന റിയാലിറ്റിയില്‍ കാഴ്ചക്കാര്‍ ഷോക്കായിപ്പോകുമെന്നത് തീര്‍ച്ചതന്നെയാണ്. എം.വി.ഡിയുടെ എന്‍ട്രി എന്നത് റിയാലിറ്റിയുടെ എന്‍ട്രിയാണ്.  

Read more: 'കേരളം കത്തിക്കല്‍'; പ്രശ്നം അടിസ്ഥാനപരമായ സംസ്‌കാരമില്ലായ്മ- സക്കറിയ

പാരലല്‍ യൂണിവേഴ്സിന്റെ സവിശേഷതയെന്താണെന്ന് വെച്ചാല്‍, യഥാര്‍ഥജീവിതത്തിലെ ചലനനിയമങ്ങളൊന്നും അവിടെ ബാധകമല്ല എന്നതാണ്. പന്ത്രണ്ടോളം ഹെഡ്ലൈറ്റുകളും എല്‍.ഇ.ഡി ലൈറ്റുകളും ആംബുലന്‍സിന്റെ ഹോണുകളും എല്ലാം വെച്ചുപിടിപ്പിച്ച്, അതിവേഗതയില്‍ ഓടിച്ചുകൊണ്ട് കാഴ്ച്ചക്കാരുടെ സിരകളെ ത്രസിപ്പിക്കുന്ന കാഴ്ച അവരെ സംബന്ധിച്ചിടത്തോളം സത്യമാണ്. യഥാര്‍ഥമായിട്ടുള്ള റോഡോ, റോഡ് നിയമങ്ങളോ അവരുടെ ബോധത്തില്‍ ഉദിക്കുന്നതേയില്ല. മറ്റുവാഹനങ്ങളൊക്കെ അവരുടെ സ്വപ്നവാഹനത്തിനുമുന്നില്‍ നിഷ്പ്രഭമാണ്. കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ കയ്യില്‍ നിന്നും റിമോട്ട് തട്ടിപ്പറിച്ചാല്‍ എന്താണുണ്ടാവുക! കുട്ടി വയലന്റ് ആവും. അതേ കാര്യമാണ് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് നടത്തിയത്... ഇവരെ സംബന്ധിച്ചിടത്തോളം.
 
കാര്‍ട്ടൂണ്‍ കാണാതായപ്പോള്‍ കുട്ടി കാണിക്കുന്ന പരാക്രമം തന്നെയാണ് ഇവിടെയും നടന്നതെന്ന് ഈസ്തെറ്റിക്കായി പറയേണ്ടിവരുന്നു. ഇതെന്തുകൊണ്ടാണെന്നത് രസകരമാണ്. ഉദാഹരണത്തിന്, നമുക്കറിയാം വീട് എന്നത് യാഥാര്‍ഥ്യമാണ്. ഇലക്ട്രിസിറ്റി എന്നത് യാഥാര്‍ഥ്യമാണ്. തീയേറ്റര്‍ എന്നത് യാഥാര്‍ഥ്യവും സ്‌ക്രീനിലെ സിനിമ ഭാവനയുമാണ്. വീട്ടിലിരുന്ന് എന്തെങ്കിലും ചെയ്യുമ്പോള്‍ കറണ്ട് പോയാല്‍ നമ്മളാരും കൂക്കിവിളിക്കില്ല. എന്നാല്‍ തീയേറ്ററിലിരുന്നു സിനിമ കാണുമ്പോള്‍ കറണ്ട് പോയാലോ? യാഥാര്‍ഥ്യമല്ല എന്നു നമ്മള്‍ക്കറിയാവുന്ന സിനിമയുടെ ആസ്വാദനത്തില്‍ ഭംഗം വരുമ്പോള്‍ നമ്മള്‍ കൂവിയാര്‍ക്കും. മാനേജരാണ് പവര്‍ ഓഫ് ചെയ്തത് എന്നറിഞ്ഞാല്‍, നോ ഡൗട്ട്, വലയന്റാവും നമ്മള്‍. അത്തരത്തിലൊരു പ്രതികരണമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. റിയല്‍ റിയാലിറ്റി എന്ന സംഭവവുമായി നേരനുഭവം നമുക്കില്ലാതെ പോകുന്നു എന്നതാണ് കാര്യം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ബന്ധമില്ലായ്മ കൂടി വരികയുമാണ്... പ്രത്യേകിച്ച് കുട്ടികള്‍ക്ക്.  

റോഡ് എന്നത് യാഥാര്‍ഥ്യമാണെന്നും അവിടെ നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുമെന്നും അതിനെ തടയാന്‍ നിയമങ്ങള്‍ ഉണ്ട് എന്നും അത് സമയാസമയത്ത് പ്രാവര്‍ത്തികമാക്കപ്പെടും എന്നും വീട്ടിലിരുന്നു മൊബൈലില്‍ കാണുമ്പോള്‍ വിസ്മരിക്കപ്പെടുന്നു. 'സ്പീഡ് ത്രില്‍സ്്' എന്നുമാത്രമേ അവരുടെ ബുദ്ധിയിലുള്ളൂ, 'ബട്ട് കില്‍സ്' എന്നതിനെ അവര്‍ മറക്കുന്നു. കേരളത്തിലെ മെഡിക്കല്‍കോളേജുകളിലെ അത്യാഹിതവിഭാഗങ്ങളില്‍ വാഹനാപകടങ്ങളില്‍പെട്ട്  കൊണ്ടുവരുന്നവരുടെ തലയും എല്ലുകളും നുറുങ്ങിയ അവസ്ഥകളൊന്നും ഇവര്‍ നേരിട്ട് കണ്ടിട്ടില്ല, അത്തരം അനുഭവങ്ങള്‍ അഭിമുഖീകരിക്കാന്‍ 'ഭാഗ്യം' ലഭിച്ചിട്ടില്ല. ദുരന്തവും പട്ടിണിയും കഷ്ടപ്പാടുമെല്ലാം അനുഭവിക്കാന്‍ ഒരു കണക്കിന് ഭാഗ്യം കൂടിവേണം. എങ്കില്‍ മാത്രമേ അനുഭവ'സമ്പത്ത്' വന്നുചേരുകയുള്ളൂ. 'പച്ചരി' പരിഹാസത്തിന്റെ ഗൗരവമറിയാത്തവര്‍ ചോദിച്ചത് അതായിരുന്നല്ലോ. 'പച്ചരിയോ? അതെന്തിനാ? അതുകൊണ്ട് ചോറുവെക്കുമോ?' എന്നൊക്കെയായിരുന്നു ഡൗട്ട്‌സ്. ഒരു കാലത്ത് പട്ടിണിയകറ്റിയിരുന്ന ഒന്നായിരുന്നു പച്ചരിയെന്നത് ഇന്ന് പുട്ടു കഴിക്കുന്നവര്‍ക്കറിയില്ലല്ലോ. 

അക്രമാസക്തരാവുന്ന, ക്രോധത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന, വൈകാരിക മിതത്വം പാലിക്കാത്ത, തൊട്ടതിനും പിടിച്ചതിനും ആത്മഹത്യാഭീഷണി മുഴക്കുന്ന, പ്രതികാരബുദ്ധിയോടെ പെരുമാറുന്ന തലമുറയോട് അതേ നാണയത്തില്‍ തിരിച്ചടിക്കാതിരിക്കുക. അവരെ കൈകാര്യം ചെയ്യേണ്ടത് മിതത്വത്തോടെയായിരിക്കണം. ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതല്ല നമ്മുടെ ലക്ഷ്യം. യാഥാര്‍ഥ്യം അനുഭവിക്കാനുള്ള അവസരങ്ങള്‍ അവര്‍ക്ക് ഉണ്ടാവണം. അനുകമ്പാമനോഭാവമാണ് നമ്മള്‍ അവരോട് വെച്ചുപുലര്‍ത്തേണ്ടത്. പട്ടിണിയോ ദുരിതങ്ങളോ അപകടങ്ങളോ അനുഭവിക്കാന്‍ വിടണമെന്നല്ല. അതൊരിക്കലുമവര്‍ക്ക് ഉണ്ടാവാതിരിക്കട്ടെ. പക്ഷേ, ഇങ്ങനെയൊക്കെ ചിലതുണ്ടെന്ന് അവര്‍ അറിയാതിരുന്നുകൂടാ. 

അനുഭവങ്ങളുള്ള രക്ഷിതാക്കളും അധ്യാപകരും അതവര്‍ക്ക് പറഞ്ഞുകൊടുക്കുക. കൈയില്‍ കാശില്ലെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ കുട്ടികള്‍ക്ക് മനസ്സിലാവില്ല. ജി പേയും കാര്‍ഡുകളും മാത്രം കാണുന്ന കുട്ടികള്‍ ചിലപ്പോ ചോദിച്ചുകളയും: കാശോ... അതെന്തിനാ? എന്നൊക്കെ.  

ജീവിതയാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ പല വഴികളുണ്ട്. ഒന്നാമതായി അത് നേരിട്ടനുഭവിക്കുക, രണ്ടാമതായി അനുഭവയാഥാര്‍ഥ്യങ്ങള്‍ അതനുഭവിച്ചവരില്‍ നിന്ന് പറഞ്ഞു കേള്‍ക്കുക. അതുമല്ലെങ്കില്‍ എഴുതപ്പെട്ടവയില്‍ നിന്ന്, ആവിഷ്‌ക്കരിക്കപ്പെട്ടവയില്‍ അവരത് അനുഭവിക്കട്ടെ. തകഴിയും കേശവദേവും പോലുള്ളവര്‍ എഴുതിയ നോവലുകളും കഥകളും വായിച്ചിട്ടാണ് കുട്ടനാട്ടിലെ പട്ടിണിയുടെയും അരക്ഷിതാവസ്ഥയുടെയും അനിശ്ചിതത്വത്തിന്റെയും ജാതീയതയുടെയും സാമൂഹികാവസ്ഥകള്‍ നമ്മള്‍ പലരും മനസ്സിലാക്കിയത്. മണലാര്യണങ്ങളിലെ ഭീകരജീവിതങ്ങളെ നമ്മള്‍ അറിഞ്ഞത് ബെന്യാമിന്റെ ആടുജീവിതത്തിലൂടെയാണ്. ഇവിടെയും നമുക്ക് സംഭവിക്കുന്ന ട്വിസ്റ്റാണ് പ്രശ്നം. കുട്ടികള്‍ വായിക്കുന്നുണ്ട്... വായിക്കുന്നത് അധികവും നല്ല ത്രില്ലിങ് സാധനങ്ങളാണ്.  'സങ്കല്പലോകമല്ലീയുലകം' എന്നവരറിഞ്ഞേ മതിയാവൂ.  അത്തരം അനുഭവങ്ങളുടെ ലോകത്തേക്ക് വണ്ടിയോടിക്കാന്‍ പഠിക്കട്ടെ കുട്ടികള്‍. ആ യാത്രയില്‍ നമുക്കും കട്ടയ്ക്ക് കൂടെ നില്‍ക്കാം. കഠിനശിക്ഷകള്‍ കൊണ്ട് ഒരു തോമസ് ചാക്കോയും നന്നായിട്ടില്ല!

Content Highlights: Premkumar Reacts on Travel Vloggers and E Bull jet issue in Kerala