ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പഠനമാണ് അഡ്വ. ശ്രീധരന്‍ പിള്ള എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അടിയന്തരാവസ്ഥ: ഇരുട്ടിന്റെ നിലവിളികള്‍' എന്ന പുസ്തകം. അടിയന്തരാവസ്ഥ സൃഷ്ടിച്ച കൊടുഭീകരതയുടെയും അതിനെതിരേ ജനങ്ങള്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെയും ചരിത്രം പുനരവലോകനം ചെയ്യുന്ന പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം. 

To advertise here,

ചരിത്രവസ്തുതകള്‍ മായം ചേര്‍ക്കാതെ നൂറു ശതമാനം സത്യസന്ധമായി രേഖപ്പെടുത്തി പുതിയ തലമുറയ്ക്ക് കൈമാറേണ്ടത് രാജധര്‍മവും നാടിന്റെ കടമയുമാണ്. ചരിത്രത്തിന്റെ കണ്ടെത്തല്‍ വര്‍ത്തമാനസമൂഹത്തിന്റെ ബാധ്യതയും നേര്‍വഴിയിലേക്കുള്ള ചൂണ്ടുപലകയുമാണ്. എന്റെ തലമുറയുടെയും പുത്തന്‍ തലമുറയുടെയും സ്മൃതിപഥങ്ങളില്‍ അന്യം നിന്നുപോകുന്ന ഒന്നായി 1975-77 ലെ അടിയന്തരാവസ്ഥ മാറുകയാണുണ്ടായത്. അജ്ഞതയുടെ ആഴക്കയങ്ങളിലേക്ക് ഇടിച്ചുതാഴ്ത്തേണ്ട ഒന്നല്ല അടിയന്തരാവസ്ഥയിലെ നേര്‍സാക്ഷ്യങ്ങളും അനുഭവങ്ങളിലൂന്നിയ പീഡനസംഭവങ്ങളും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യം ഏകാധിപത്യത്തില്‍ അമരുകയും സമസ്ത മനുഷ്യാവകാശങ്ങളും നിയമം വഴി നിരോധിക്കുകയോ നിഷ്പ്രഭമാക്കുകയോ ചെയ്ത ഇരുണ്ട കാലഘട്ടത്തിന്റെ പേരാണ് അടിയന്തരാവസ്ഥ. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രചരണസംവിധാനങ്ങള്‍ ഒന്നടങ്കം ഭരണകൂടത്തിന്റെ പിടിയിലാക്കിയ സെന്‍സര്‍ഷിപ്പായിരുന്നു അന്നേര്‍പ്പെടുത്തിയത്. ആശയപ്രചരണവും സംഘടനാസ്വാതന്ത്ര്യവും നിരോധിക്കപ്പെട്ട നാളുകളില്‍ സ്വതന്ത്ര ഇന്ത്യ ഒരു വലിയ ജയിലറയായി മാറിയ ദിനങ്ങളില്‍ അഹിംസയിലൂന്നിയ നിശ്ശബ്ദപ്രവര്‍ത്തനങ്ങളും സഹനസമരങ്ങളുംവഴി നാടിന് സ്വാതന്ത്ര്യം തിരിച്ചെടുത്തു കൊടുത്ത മാസ്മരശക്തിയായിരുന്നു ലോക്സംഘര്‍ഷ സമിതി. ജനസംഘം, സംഘടനാകോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളും സര്‍വോദയനേതാക്കളുമൊക്കെ ചേര്‍ന്നാണ് ലോക്സംഘര്‍ഷസമിതി രൂപീകരിച്ച് ഏകാധിപത്യത്തിനെതിരേ രാജ്യത്ത് പോരാട്ടം നടത്തിയത്. 

അടിയന്തരാവസ്ഥയില്‍ ആര്‍.എസ.്എസ്. നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ ലോക്സംഘര്‍ഷസമിതിയുടെ നട്ടെല്ല് രാഷ്ട്രീയ സ്വയംസേവകസംഘമായിരുന്നു. ഒരു നാടിനെ അറുവഞ്ചനയിലൂടെ ഏകാധിപത്യത്തിന്റെ കുന്തമുനയില്‍ ഉറപ്പിച്ച് നിര്‍ത്തിയ സിംഹാസനങ്ങളുടെ നെറികേടുകളും നേരുകേടുകളുമൊക്കെ ചരിത്രത്തില്‍ വേണ്ടവണ്ണം രേഖപ്പെടുത്താതെ പോയെന്നത് നാടിന്റെ ദുര്യോഗംതന്നെയാണ്.

അടിയന്തരാവസ്ഥയുടെ ഏടുകള്‍ ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് പിന്തള്ളപ്പെട്ടുപോയതില്‍ നാട് ദുഃഖിക്കയാണു വേണ്ടത്. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത ഗതിപ്രവാഹമായതുകൊണ്ട് യഥാസമയം ആവശ്യമുള്ളതൊക്കെ കോരിയെടുത്ത് സൂക്ഷിച്ചുവെക്കേണ്ടതുണ്ട്. അത് ഭാവിതലമുറയ്ക്ക് കൈമാറുകയും വേണം. ഇത് ചെയ്യുന്നതില്‍ വീഴ്ചയുണ്ടാകാന്‍ പാടില്ലാത്തതാണ്. അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടിയവര്‍ തുടര്‍ദൗത്യം ഉപേക്ഷിക്കുകവഴി ഭാവിതലമുറകള്‍ക്ക് സാധനാപാഠമാകേണ്ട പലതും വിസ്മൃതിയിലാണ്ടുപോകയാണുണ്ടായത്. അടിയന്തരാവസ്ഥയുടെ കാര്യത്തില്‍ ചരിത്രത്തോടും തലമുറയോടും നീതികാട്ടാന്‍ ആയില്ലെന്ന ദുഃഖസത്യം നെഞ്ചിലെ നെരിപ്പോടായി ഇപ്പോഴും കൊണ്ടുനടക്കുന്ന നിരവധിപേരുടെ കൂട്ടത്തില്‍ ഒരാളാണ് ഈ ലേഖകന്‍. വിജില്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷങ്ങളിലും ഈ അന്ധകാരത്തെ ഇല്ലാതാക്കാനുള്ള നേരിയ ശ്രമമെന്ന നിലയില്‍ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഓര്‍മയും ഓര്‍മപ്പെടുത്തലും നടത്താറുണ്ട്. അടിയന്തരാവസ്ഥയുടെ 40-ാം ഓര്‍മദിനത്തില്‍ വിജിലിന്റെ മഹത്തായ ഉദ്യമം കുറച്ചുകൂടി വ്യാപിപ്പിക്കാനും ശക്തമാക്കാനും കഴിയുന്നതില്‍ സംതൃപ്തിയുണ്ട്.

1975 ജൂണ്‍ മാസം 25-ാം തീയതി പാതിരാനേരത്ത് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന് 'ടോപ്സീക്രറ്റ്' എന്ന രേഖപ്പെടുത്തലോടെ അയച്ചുകൊടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശിപാര്‍ശയാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനിടയാക്കിയത്. ഭരണഘടനയുടെ 352-ാംഅനുച്ഛേദമനുസരിച്ച് കിട്ടിയ ശിപാര്‍ശ വായിച്ചുനോക്കി കാര്യങ്ങള്‍ യഥാവിധി പരിശോധിച്ചു മനസ്സിലാക്കുവാന്‍പോലും ശ്രമിക്കാതെയാണ് രാഷ്ട്രപതി ശിപാര്‍ശ അംഗീകരിച്ച് കൈയൊപ്പുവെച്ചത്. ഈയടുത്ത കാലത്ത് ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പുറത്തിറക്കിയ തന്റെ നാലാമത്തെ കൃതിയായ 'നാടകീയതയുടെ ദശകം: ഇന്ദിരാഗാന്ധിയുടെ വര്‍ഷങ്ങള്‍' എന്ന പുസ്തകത്തില്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് തന്നില്‍ നിക്ഷിപ്തമായ അധികാരം യാന്ത്രികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് എഴുതിയിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കാര്യങ്ങള്‍ പഠിക്കുകയോ നിയമനടപടികള്‍ പാലിക്കുകയോ ചെയ്യാതെയാണ് തീരുമാനമെടുത്തതെന്നും എഴുതിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങളുടെ മേല്‍ നിപതിച്ച ഇടിത്തീയും കൊടുംപാതകവുമായിത്തീര്‍ന്ന അടിയന്തരാവസ്ഥാപ്രഖ്യാപനത്തിന്റെ അടിസ്ഥാനംതന്നെ അധികാരത്തിന്റെയും നിയമത്തിന്റെയും ദുരുപയോഗമായിരുന്നു.

അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ത്തന്നെ ഭരണഘടനയും നിയമവാഴ്ചയും ഇന്ദിരാഗാന്ധിയും കൂട്ടരും എങ്ങനെ വികൃതമാക്കി ദുരുപയോഗം ചെയ്തുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ ക്യാബിനറ്റ് സെക്രട്ടറി വി.ഡി.പാണ്ഡെ നല്കിയ തെളിവ് മൊഴിയെ ഉദ്ധരിച്ചുകൊണ്ട് ക്യാബിനറ്റുമായോ പ്രധാനപ്പെട്ട ഭരണചുമതലക്കാരുമായോ ആലോചിക്കാതെയാണ് അടിയന്തരാവസ്ഥ ശിപാര്‍ശ ചെയ്തതെന്ന് ജ. ഷാ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്യാബിനറ്റുമായി ആലോചിക്കാതെ ഇത്തരമൊരു ശിപാര്‍ശ നല്കിയത് അധാര്‍മികവും നിയമവിരുദ്ധവുമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം വെളുപ്പിന് 4.30 ന് (1975 ജൂണ്‍ 26) ക്യാബിനറ്റ് രണ്ടു മണിക്കൂറിനുള്ളില്‍ വിളിച്ചുകൂട്ടാനായി തനിക്ക് നിര്‍ദേശം കിട്ടിയപ്പോള്‍ മാത്രമാണ് ഈ കാര്യം അറിയാന്‍ കഴിഞ്ഞതെന്ന് ക്യാബിനറ്റ് സെക്രട്ടറിയുടെ മൊഴിയില്‍ പറയുന്നുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായിരുന്ന ആത്മ ജയറാമും ഹോം സെക്രട്ടറി എസ്.എല്‍. ഖുറാനയും നിയമമന്ത്രിയും ഇക്കാര്യം അന്നറിഞ്ഞിരുന്നില്ല. 26-6-1975 ലെ പ്രഭാതത്തില്‍ മാത്രമാണ് ഇവരൊക്കെ ഇതറിയുന്നത്. ചുരുക്കത്തില്‍ ഭരണസംവിധാനം അറിയാതെ പിന്‍വാതിലിലൂടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യന്‍ രാഷ്ട്രപതിയെപ്പോലും നോക്കുകുത്തിയാക്കി സ്വതന്ത്ര ഇന്ത്യയിലെ ജനതയുടെ അടിസ്ഥാന അവകാശങ്ങള്‍പോലും കവര്‍ന്നെടുത്ത് ഏകാധിപത്യം നടപ്പാക്കിയ കറുത്ത ദിനമാണ് 1975 ജൂണ്‍ 25.

ക്യാബിനറ്റ് ചര്‍ച്ചയോ ഉപദേശമോ കൂടാതെ പൊടുന്നനവേ ഗോപ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി തീരുമാനിച്ചത് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായിരുന്നു. അധികാരത്തിനു ചുറ്റും സ്വാധീനമുറപ്പിച്ച ഒരു പറ്റം സ്തുതിപാഠകരും സോവിയറ്റ് യൂണിയന്റെയും സി.പി. ഐ. പോലെയുള്ള ഇടതുപക്ഷകക്ഷികളുടെയും സ്വാധീനവുമായിരുന്നു ഇന്ദിരയുടെ ഇക്കാര്യത്തിലുള്ള ശക്തി. ബംഗ്ലാദേശ് യുദ്ധത്തിന്റെ സാഹചര്യവും 'ഗരീബി ഹഠാവോ' പോലെയുള്ള മുദ്രാവാക്യത്തിന്റെ പിന്‍ബലവും ഇന്ദിരാഗാന്ധിക്കും അവരുടെ പാര്‍ട്ടിക്കും 1972-കളില്‍ വലിയ ജനപിന്തുണ നേടികൊടുത്തിരുന്നു. 1968-69-ല്‍ പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളെ ഒതുക്കിയും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെടുത്ത കൂട്ടായ തീരുമാനത്തെ അട്ടിമറിച്ചും തെറ്റായ വഴികളിലൂടെ ശ്രീമതി ഇന്ദിര അധികാരങ്ങളെല്ലാം തന്നിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. അഴിമതി ദേശീയവിപത്തായി ഉയര്‍ന്നുവരികയും ശ്രീമതി ഇന്ദിര അതിന്റെ ഗുണഭോക്താവാകുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. നാഗര്‍വാല സംഭവം ഇത്തരം അഴിമതികളുടെ വെളിപ്പെടുത്തലായി മാറുകയും ശ്രീമതി ഇന്ദിര അഴിമതിക്കുറ്റത്തിന്റെ കരിനിഴലില്‍പ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ 1971-ലെ തിരഞ്ഞെടുപ്പുവിജയത്തെ തുടര്‍ന്ന് അവര്‍ അധികാരത്തിന്റെ മത്തുപിടിച്ച് തികഞ്ഞ ധിക്കാരിയായി മാറുകയായിരുന്നു. അഴിമതിക്കെതിരെ ഗുജറാത്തിലും ബിഹാറിലും ഉയര്‍ന്നുവന്ന വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ശ്രീമതി ഇന്ദിരയെയും കോണ്‍ഗ്രസ്സിനെയും അമ്പരപ്പിലാക്കിയിരുന്നു. ലോക് നായക് ജയപ്രകാശ് നാരായണ്‍ സമ്പൂര്‍ണവിപ്ലവത്തിനുള്ള ആഹ്വാനവുമായി അഴിമതിവിരുദ്ധപോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുത്തത് കോണ്‍ഗ്രസ്സിനെ ഞെട്ടിക്കുകയും കടുത്ത ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിരുന്നു. 1974 മാര്‍ച്ച് 18 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ബിഹാറില്‍ വിദ്യാര്‍ഥിപ്രക്ഷോഭങ്ങളില്‍ പോലീസ് അതിക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം ഔദ്യോഗികക്കണക്കനുസരിച്ച് ഇരുപത്തിയേഴും പ്രതിപക്ഷപാര്‍ട്ടികളുടെ കണക്കില്‍ ഇരുന്നൂറ്റിമുപ്പത്തിയാറും ആയിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിലെ ഇടതുപക്ഷക്കാരും സോവിയറ്റുശക്തികളും ഇന്ദിരാഗാന്ധിയെ പിന്താങ്ങുകയും എതിരാളികളെ ഫാസിസ്റ്റുകളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുകയുമാണുണ്ടായത്.

ഏകാധിപത്യത്തിനുവേണ്ടി അക്കാലത്തു നടത്തിയ കളമൊരുക്കലില്‍ സോവിയറ്റ് യൂണിയന്റെ പങ്ക് വളരെ വലുതായിരുന്നു. സി.പി. ഐ.- ആര്‍. എസ്. പി. തുടങ്ങിയ ഇടതുപക്ഷകക്ഷികളും മുസ്ലിം ലീഗും ന്യൂനപക്ഷ രാഷ്ട്രീയവുമൊക്കെ 1971-77 കാലഘട്ടത്തില്‍ ഇന്ദിരയോടൊപ്പം ഉറച്ച പിന്തുണയുമായി നില്ക്കുകയായിരുന്നു. ഇക്കാലയളവിലെ പാര്‍ലമെന്റുരേഖകള്‍ പരിശോധിച്ചാല്‍ കമ്മിറ്റഡ് ജുഡീഷ്യറിയ്ക്കും സര്‍ക്കാര്‍ വിധേയത്വമുള്ള മാധ്യമങ്ങള്‍ക്കുമായി ഇക്കൂട്ടരൊക്കെ പരസ്യമായി വാദിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നതായി കാണാവുന്നതാണ്. സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് നിയമനം നടത്തുകയും ജുഡീഷ്യറി ജനകീയവിധിക്കുകീഴില്‍ നില്ക്കേണ്ടവരാണെന്ന നിലയില്‍ കാര്യങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ജസ്റ്റിസ് എച്ച്.ആര്‍.ഖന്ന മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടി വിധി പ്രഖ്യാപിച്ചതിന്റെപേരില്‍ വേട്ടയാടപ്പെട്ട പരിതാപകരമായ സ്ഥിതിവിശേഷവും അടിയന്തരാവസ്ഥയിലുണ്ടായി.

ജയപ്രകാശ് നാരായണ്‍ന്റെ നേതൃത്വത്തിലുള്ള ജനമുന്നേറ്റം കോണ്‍ഗ്രസ്-ഇടതുപക്ഷ രാഷ്ട്രീയങ്ങള്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. കേരളത്തിലും കോണ്‍ഗ്രസ്സും ഇടതുപക്ഷ കക്ഷികളും ജയപ്രകാശ് നാരായണ്‍ന്റെ സന്ദര്‍ശനത്തെ ശക്തമായി ചെറുക്കുകയോ അതിനെ തള്ളിപ്പറഞ്ഞ് നിസ്സഹരിക്കുകയോ ചെയ്തവരായിരുന്നു. അഴിമതിക്കെതിരെ സടകുടഞ്ഞെഴുന്നേറ്റ ജനശക്തിയുടെ മുന്നേറ്റത്തില്‍ പരിഭ്രാന്തരായ കോണ്‍ഗ്രസ്-ഇടതുശക്തികള്‍ ലോക്നായക് ജെ.പിയെ ആര്‍. എസ്. എസ് ആക്കി പ്രചരണം വ്യാപിപ്പിക്കയാണ് ചെയ്തത്. അദ്ദേഹത്തെ അവര്‍ ഫാസിസ്റ്റാക്കി ചിത്രീകരിച്ചു.

1975 ഏപ്രിലില്‍ കേരളം സന്ദര്‍ശിച്ച ജയപ്രകാശ് നാരായണ്‍ സ്വന്തക്കാരുടെ എതിര്‍പ്പുകളെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ട് കോഴിക്കോട് സാമൂതിരി 
സ്‌കൂളില്‍വെച്ചു നടന്ന ആര്‍. എസ.് എസ്സിന്റെ ഒ. ടി. സി യില്‍ സന്ദര്‍ശിക്കുകയുണ്ടായി. 'നിങ്ങള്‍ ഫാസിസ്റ്റാണെങ്കില്‍ ഞാനും ഫാസിസ്റ്റാണെ'ന്ന് സംഘസ്വയം സേവകരെ അഭിസംബോധന ചെയ്തുകൊണ്ട് പരസ്യമായി പ്രഖ്യാപിക്കാന്‍ ലോക്നായക് ജയപ്രകാശ് നാരായണ്‍ മുന്നോട്ടുവന്നിരുന്നു. സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു സമ്പൂര്‍ണവിപ്ലവത്തിലൂടെ പ്രകടമായത്. അഴിമതിയുടെ പേരില്‍ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്തതിനെത്തുടര്‍ന്ന് ശ്രീമതി ഇന്ദിര പ്രധാനമന്ത്രിസ്ഥാനം രാജിവെക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. പക്ഷേ ഇന്ദിര രാജിക്കു പകരം കുറുക്കുവഴികളിലൂടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണുണ്ടായത്. നാഗര്‍വാല സംഭവവും, പോണ്ടിച്ചേരി കുംഭകോണവും നേരിട്ട് ശ്രീമതി ഗാന്ധിയെ കുടുക്കിലാക്കിയ അഴിമതികളായിരുന്നു.

ഈ സാഹചര്യത്തിലാണ് രാഷ്ട്രീയദുഷ്ടലാക്കോടെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രതിപക്ഷനേതാക്കന്മാരെ ഒന്നടങ്കം തടവിലാക്കുകയും ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളെല്ലാം മരവിപ്പിച്ച് പത്രമാരണനിയമം നടപ്പിലാക്കുകയും ചെയ്തത്. അടിയന്തരാവസ്ഥയുടെ മറവില്‍ ജയപ്രകാശ് നാരായണെ തടവിലാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞ ആദ്യവാക്ക് 'വിനാശകാലേ വിപരീത ബുദ്ധി' എന്നതായിരുന്നു. ക്രാന്തദര്‍ശിയായ ജെ. പിയുടെ വാക്കുകള്‍ ശരിയെന്ന് കാലം തെളിയിച്ചു. 1977-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെയും ഇന്ദിരാഗാന്ധിയെയും കുടുംബത്തെയും ഉത്തരേന്ത്യയിലെ ഉടുതുണിക്ക് മറുതുണിയില്ലാത്ത സാധാരണക്കാര്‍ ബാലറ്റിലൂടെ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു. നിസ്സഹായയായ ഇന്ദിര തന്റെ അടിയന്തരാവസ്ഥ തീരുമാനത്തില്‍ മാപ്പു പറഞ്ഞുകൊണ്ട് അത് പിന്‍വലിക്കുകയും പൗരാവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ 1977-ലെ ആ തിരഞ്ഞെടുപ്പില്‍ പ്രബുദ്ധരെന്നവകാശപ്പെടുന്ന കേരളീയര്‍ ഇന്ദിരാഗാന്ധിക്ക് ജനവിധിവഴി പൂര്‍ണ പിന്തുണ നല്കുകയായിരുന്നു. ജനാധിപത്യചരിത്രത്തില്‍ 1977 മുതല്‍ മലയാളി കറുത്ത പുള്ളികളുള്ള കളങ്കിതജനങ്ങളുടെ പട്ടികയില്‍പ്പെടുകയും ചെയ്തു. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ധര്‍മത്തിലും അഹിംസയിലും ഊന്നികൊണ്ടുള്ള ത്യാഗനിര്‍ഭരവും സമര്‍പ്പിതവുമായ ജനസമ്പര്‍ക്കയജ്ഞം വഴിയുള്ള നിശ്ശബ്ദവിപ്ലവമാണ് ഏകാധിപത്യത്തിന് ഇന്ത്യയില്‍ അന്ത്യംകുറിച്ചത്. സംഘടനാകോണ്‍ഗ്രസ്, ജനസംഘം, സോഷ്യലിസ്റ്റ് പാര്‍ട്ടി, സര്‍വോദയപ്രസ്ഥാനം തുടങ്ങി അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്.

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.സി.ഷാ കമ്മീഷന്‍ അടിയന്തരാവസ്ഥാകാലങ്ങളെക്കുറിച്ച് നടത്തിയ ജുഡീഷ്യല്‍ അന്വേഷണറിപ്പോര്‍ട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്താന്‍ തക്ക യാതൊരുവിധ ഭീഷണികളും രാജ്യത്തുണ്ടായിരുന്നില്ലെന്ന് കാര്യകാരണസഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു ഏകാധിപത്യവെല്ലുവിളിയെ നേരിടാന്‍ സഹനസമരത്തിന്റെ പാതയിലൂടെ ലോക്സംഘര്‍ഷസമിതിയുടെ ബാനറില്‍ നടത്തിയ ഐതിഹാസികപോരാട്ടത്തെ ഇന്നും ചരിത്രം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സമീപിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. 1975 ജൂണ്‍ 25 ന് രാത്രി എന്ത് അടിയന്തര അപകട സാഹചര്യമാണ് ഇത്തരമൊരു വിപത്ത് നാടിനുമേല്‍ അടിച്ചേല്പിക്കാനായി ഉണ്ടായതെന്ന കാര്യത്തില്‍ ഇന്ദിരയുടെ ശിപാര്‍ശക്കത്തും രാഷ്ട്രപതിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനവും നിശ്ശബ്ദമാണ്. ഭരണഘടനയുടെ 352-ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് അന്നുണ്ടായത്.

അടിയന്തരാവസ്ഥയെന്ന പാപത്തില്‍ പങ്കാളികളാണ് കോണ്‍ഗ്രസ്, സി.പി.ഐ., ആര്‍.എസ്.പി., മുസ്ലിംലീഗ് തുടങ്ങിയ കക്ഷികള്‍. 1975 ജൂണ്‍ 25 ന് അര്‍ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭാരതത്തെ ഒരു ജയിലറയാക്കി മാറ്റി സര്‍വ സ്വാതന്ത്ര്യങ്ങളും കുരുതികൊടുത്ത കാടത്തത്തിന്റെ ഘട്ടമായാണ് 'എമര്‍ജന്‍സി' അറിയപ്പെടുന്നത്. അക്കാലത്തെ അടിച്ചമര്‍ത്തലുകളെ അതിജീവിക്കാന്‍ നടത്തിയ സമരങ്ങളിലൂടെ ഉയര്‍ന്ന ജനതയുടെ വാക്കുകളും വിളികളും അടിമത്തത്തിനെതിരായ ഇടിമുഴക്കങ്ങളായി സാധാരണക്കാര്‍ നെഞ്ചിലേറ്റുകയായിരുന്നു.

കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട പാര്‍ട്ടി സി.പി.എം. ആയിരുന്നു. പക്ഷേ അതുണ്ടായില്ല. അടിയന്തരാവസ്ഥയുടെ ഭീകരരൂപം വേട്ടയാടാന്‍ തുടങ്ങിയതിനുശേഷം ഇടതുകക്ഷികള്‍ യാതൊരുവിധ സമരപരിപാടികള്‍ക്കും കേരളത്തില്‍ മുന്നോട്ടു വന്നിട്ടില്ലെന്നത് ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു. കരുതല്‍തടങ്കല്‍ നിയമപ്രകാരം തടവിലാക്കപ്പെട്ടവരും ആദ്യദിവസങ്ങളില്‍ പ്രതിഷേധസമരം നടത്തി അറസ്റ്റിലായവരുമായ സി.പി.എം. സഖാക്കളെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റാരെങ്കിലും പിന്നീട് സമരം നിയമനിഷേധം നടത്തിയതായി അവര്‍ക്കു ചൂണ്ടിക്കാട്ടാനാവില്ല. ഇടതുപക്ഷം പ്രധാന പ്രതിപക്ഷമായിരുന്ന കേരളത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം അവരില്‍ ശക്തമായി ഉണ്ടാകാതെ പോയത് ഒരു വലിയ പോരായ്മതന്നെയാണ്.

placeholder
എ.കെ.ജി

'അടിയന്തരാവസ്ഥ ജനനന്മയ്ക്ക്' എന്ന് മുദ്രാവാക്യം അംഗീകരിക്കപ്പെടുകയും പ്രസ് സെന്‍സര്‍ഷിപ്പ് അടിച്ചേല്പിക്കപ്പെടുകയും തൊഴിലാളിവര്‍ഗത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്ത സാഹചര്യത്തില്‍ നിശ്ശബ്ദമായി, നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത പാര്‍ട്ടിയായിരുന്നു സി.പി.എം. അക്കാലത്ത് എ.കെ. ഗോപാലന്‍ കോഴിക്കോടുനിന്ന് നല്കിയ ആഹ്വാനം ഇതായിരുന്നു. 'ഇന്ത്യയിലെ അര്‍ധ ഫാസിസ്റ്റ് ഭരണം പൂര്‍ണ ഫാസിസത്തിലേക്ക് നീങ്ങിയിരിക്കയാണ്. ലോകത്ത് ഒരു പെണ്‍ ഹിറ്റ്ലര്‍ (ഇന്ദിരാഗാന്ധി) പിറന്നിരിക്കുന്നു. അവരുടെ സ്വേച്ഛാധിപത്യനടപടികള്‍ക്കെതിരേ എല്ലാ ജനാധിപത്യവാദികളും സംഘടനകളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണവശ്യം. ജീവന്‍ ബലികൊടുത്തും ഈ ഫാസിസ്റ്റ് നടപടികളെ നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനു തയ്യാറില്ലെങ്കില്‍ ഇതിലും വലിയ ആപത്തുകള്‍ സംഭവിക്കും. നാട്ടില്‍ ജീവിക്കാനും ശ്വസിക്കാന്‍പോലുമുള്ള അവകാശം നഷ്ടപ്പെടും. ഈ വാള്‍ ആരുടെയൊക്കെ കഴുത്തിനുനേരെ നീങ്ങുമെന്നറിയില്ല.' എ.കെ. ജിയുടെ ഇതേ കാഴ്ചപ്പാടായിരുന്നു അന്നത്തെ സി.പി.എം. ജനറല്‍ സെക്രട്ടറിക്കുമുണ്ടായിരുന്നത്. എന്നാല്‍ ആ കാഴ്ചപ്പാടുകാരനായ ജനറല്‍ സെക്രട്ടറിക്ക് പിന്നീട് തത്സ്ഥാനത്ത് അധികനാള്‍ തുടരാനായില്ല.

എന്നാല്‍ എ.കെ.ജിയുടെയും മറ്റും ആഹ്വാനംപോലെ സമരം ചെയ്യുക വേണ്ടെന്നെതായിരുന്നു സി.പി.എം. കേന്ദ്രനേതാക്കളില്‍ ഭൂരിപക്ഷം പേരും യോഗം ചേര്‍ന്ന് തീരുമാനിച്ചത്. സി.പി.എം. ജനറല്‍ സെക്രട്ടറിയെ ഇതിന്റെപേരില്‍ മാറ്റുകയും ആ കാലഘട്ടത്തില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. 1977- ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടശേഷം നടന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് സമരരംഗത്തുനിന്നും മാറിനില്ക്കാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയെന്ന് സമ്മതിച്ചതായി ഇ.എം.എസ്സിന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ അടിയന്തരാവസ്ഥയ്ക്കെതിരേ നിസ്സംഗതപാലിച്ച സി.പി.എമ്മിന് സമരം ചെയ്ത് ജയിലില്‍ പോയ ആരെയും ചൂണ്ടിക്കാട്ടാനായില്ലെങ്കിലും 1977 മുതല്‍ 'രാജന്‍ സംഭവത്തിന്റെ' പേരിലും മറ്റും സമരം സംഘടിപ്പിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങിയിരുന്നു. സി.പി.എമ്മിന്റെ ഒട്ടേറെ നേതാക്കന്മാര്‍ അധികൃതര്‍ക്ക് മാപ്പെഴുതി കൊടുത്ത് പുറത്തിറങ്ങാതെ മിസ തടവുകാരായി കേരളത്തിലെ ജയിലില്‍ കിടന്നിരുന്നു എന്ന വസ്തുത അവര്‍ക്കു നേട്ടമായി കാട്ടാവുന്നതാണ്. എന്നാല്‍ ഇ.എം.എസ്സിന്റെ പുസ്തകം കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ അക്കാലത്ത് അച്ചടിച്ചിരുന്നു.

placeholder
ഇ.എം.എസ്

അടിയന്തരാവസ്ഥയുടെ മറവില്‍ ജയപ്രകാശ് നാരായണ്‍, എ.ബി. വാജ്പേയ്, മൊറാര്‍ജി ദേശായി, എല്‍.കെ. അദ്വാനി തുടങ്ങി മിക്ക ദേശീയനേതാക്കളെയും കാരണംപോലും കാണിക്കാതെ ജയിലിലടച്ചിരുന്നു. അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന പരിപാടിയെയും സര്‍വാത്മനാ പിന്തുണച്ച പാര്‍ട്ടികളായിരുന്നു സി.പി.ഐയും ആര്‍.എസ്.പി.യും. അടിയന്തരാവസ്ഥയിലെ കര്‍ശനമായ അടിച്ചൊതുക്കല്‍ നടപടികള്‍ നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ പ്രത്യേകയോഗം വിളിച്ചുകൂട്ടി പദ്ധതികളാവിഷ്‌കരിച്ചത് മുഖ്യമന്ത്രി സി. അച്യുതമേനോന്‍ നേരിട്ടായിരുന്നു. സോവിയറ്റ് റഷ്യയും അവരുടെ ജിഹ്വയായ പ്രവദയും അടിയന്തരാവസ്ഥയെ അനുകൂലിച്ചിരുന്നു. ജനയുഗം, പേട്രിയറ്റ്, ലിങ്ക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അടിയന്തരാവസ്ഥയുടെ കുഴലൂത്തുകാരായിരുന്നു.

1975 ജൂലായ് 15 ന് അച്യുതമേനോന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വലതുപക്ഷ ശക്തികള്‍ക്കെതിരേയാണ് അല്ലാതെ ഇടതുപക്ഷ ശക്തികള്‍ക്കെതിരായിട്ടല്ല അടിയന്തരാവസ്ഥയെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ആര്‍.എസ്.എസ്. നിരോധിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി നിയമസഭയില്‍ 'നിങ്ങള്‍ക്കെതിരേ ഓങ്ങിയ (ന്യൂനപക്ഷങ്ങള്‍) ആയുധങ്ങളും കൈകളുമാണ് ഇന്ദിരാഗാന്ധി പിടിച്ചെടുത്തതെന്ന്' അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്‍ പറഞ്ഞിരുന്നു. ഇതുപോലുള്ള സംഭവങ്ങളില്‍ ആവേശമോ സ്വാര്‍ഥതയോ കൊണ്ടാവാം ഒരു രാഷ്ട്രീയത്തടവുകാരന്‍ പുറത്തുപോയി ഇന്ദിരാഭക്തനായി ജയില്‍മന്ത്രിയായി രൂപാന്തരപ്പെട്ട അദ്ഭുതനാടാണ് കേരളം. ഇത്തരം വസ്തുതകളൊക്കെ സൗകര്യപൂര്‍വം വിസ്മരിച്ചുകൊണ്ട് ഇപ്പോള്‍ അടിയന്തരാവസ്ഥയെ വളര്‍ച്ചയ്ക്കുള്ള ഇന്ധനമാക്കി മാറ്റാന്‍ ചിലരൊക്കെ കേരളത്തില്‍ ശ്രമിക്കുന്നത് അധാര്‍മികവും ചരിത്രനിഷേധവുമാണ്.

അടിയന്തരാവസ്ഥയ്ക്കെതിരേ ചോരനീരാക്കി സഹനസമരം നടത്തി ത്യാഗത്തിന്റെ അധ്യായങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാക്കുകയും ജനമനസ്സുകളില്‍ നിശ്ശബ്ദവിപ്ലവം സന്നിവേശിപ്പിക്കുകയും ചെയ്തത് ആര്‍.എസ്.എസ്. നേതൃത്വം കൊടുത്ത ലോക്സംഘര്‍ഷ സമിതിയായിരുന്നു. ആ സമിതി നടത്തിയ സമരത്തില്‍ ഗാന്ധിയന്‍രീതി അവലംബിച്ച് അഹിംസാസമരംവഴി അദ്ഭുതകരമായ മുന്നേറ്റമാണ് ഭരണകൂടത്തിനെതിരേ സഹനസമരത്തിലൂടെ ഉണ്ടായത്. സത്യാഗ്രഹികള്‍ക്കെതിരെ കൊടിയമര്‍ദനങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് കേരളത്തില്‍ ഉണ്ടായത്. കേരളത്തില്‍ എം.പി. മന്മഥന്റെ നേതൃത്വത്തില്‍ നടന്ന ഈ നിയമനിഷേധസമരത്തെ പിന്നില്‍നിന്നു കുത്തുകയാണ് കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ അന്നു ചെയ്തത്.

1977-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ സാധാരണക്കാര്‍ അടിയന്തരാവസ്ഥ അടിച്ചേല്പിച്ച ശക്തികള്‍ക്കെതിരേ വിധിയെഴുത്തു നടത്തുകയായിരുന്നു. ഇന്ദിരാഗാന്ധിക്കും കോണ്‍ഗസ്സിനും കനത്ത പരാജയമാണുണ്ടായത്. എന്നാല്‍ കേരളം ബഹുഭൂരിപക്ഷം സീറ്റുകളും കോണ്‍ഗ്രസ്സിനും ഇന്ദിരയ്ക്കും അവരുടെ മുന്നണിക്കും നല്കി അവരെ പിന്തുണയ്ക്കുകയായിരുന്നു. കേരളത്തിലെ മുഖ്യപ്രതിപക്ഷമായ സി.പി.എം. നിഷ്‌ക്രിയത്വം പാലിച്ചതുകൊണ്ടാണ് കേരള ജനത ഇന്ദിരയുടെ ഏകാധിപത്യത്തെ പിന്താങ്ങാനിടയായത് എന്ന് വിലയിരുത്തിയവരുമുണ്ട്. ഉത്തരേന്ത്യയിലെ ഒന്‍പതു സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനെ കടപുഴക്കിയെറിഞ്ഞപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിന് അനുകൂലമായി വിധിയെഴുത്തു നടത്തി.

മാതൃഭൂമിക്കുവേണ്ടി സഹിച്ച യാതന അമ്മയ്ക്കുവേണ്ടി സ്വയംവരിച്ച കര്‍മകാണ്ഡത്തിന്റെ ഏടുകളാണെന്നും അത് വില്പനച്ചരക്കോ പ്രചരണവിഷയമോ ആക്കേണ്ടതില്ലെന്നുമുള്ളതായിരുന്നു സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിലപാട്. എന്നാല്‍ അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ 40 വര്‍ഷമാകുമ്പോഴേക്കും അനര്‍ഹര്‍ തട്ടിയെടുത്ത അവസ്ഥയിലാണുള്ളത്. സത്യത്തെ കുഴിച്ചുമൂടിക്കൊണ്ട് പുത്തന്‍ തലമുറയെ വഴിതെറ്റിക്കുംവിധം അടിയന്തരാവസ്ഥയെ കൊയ്ത്തുത്സവമാക്കി ചൂഷണം ചെയ്യാനിറങ്ങിയിട്ടുള്ള ഛിദ്രശക്തികളെ തിരിച്ചറിയുകയും ചെറുത്തു തോല്പിക്കുകയുമാണ് വേണ്ടത്.

(*26-6-2015 ന് വിജില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥാ ഓര്‍മപ്പെടുത്തല്‍ സമ്മേളനത്തില്‍ ഗ്രന്ഥകര്‍ത്താവ് അവതരിപ്പിച്ച പ്രബന്ധം.)