സൂസന്നയുടെ ഗ്രന്ഥപ്പുര അക്ഷരങ്ങളില്‍ കാല്‍പനികത കേറിയിട്ട ഒരു വെറും ഗ്രന്ഥമല്ല. അനേകം ഗ്രന്ഥങ്ങളും അതിലേറെ ജീവിതങ്ങളും ഉറങ്ങിയും ഉണര്‍ന്നും ഉയിരുപകരുന്ന ഒരു ഗ്രന്ഥപ്പുര തന്നെയാണ്. പുറംചട്ടകളില്‍ തെളിഞ്ഞും അകപ്പുറങ്ങളില്‍ ഒളിഞ്ഞും കിടക്കുന്ന ഈ ജീവിതസമസ്യകളെ ഇഴപിരിച്ചും ഇഴചേര്‍ത്തുമെടുക്കുക എളുപ്പമല്ല. അത് എത്രമാത്രം സങ്കീര്‍ണമായൊരു സമസ്യയായിരുന്നു ഗ്രന്ഥകാരന്‍ അജയ് പി. മങ്ങാടിനെ സംബന്ധിച്ചിടത്തോളം എന്നതിന് അതിന്റെ പുനര്‍വായനകള്‍ തന്നെ സാക്ഷ്യം. പുനര്‍മൂല്യനിര്‍ണയങ്ങള്‍ തന്നെ സാക്ഷ്യം. പതിനാറാം പതിപ്പ് പിന്നിട്ട് ചരിത്രം കുറിക്കുന്ന സൂസന്നയെ സമകാലികമായ മറ്റനേകം ഗ്രന്ഥങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നതും അതുതന്നെ. ഓരോ ഗ്രന്ഥവും എന്നപോലെ അതിന്റെ ഓരോ വായനയും പുതിയ ലോകങ്ങള്‍, പുതിയ നിറങ്ങള്‍, പുതിയ മണങ്ങള്‍ പുതിയ അര്‍ഥതലങ്ങളാണ് അനുവാചകന് സമ്മാനിക്കുന്നത്. ഗ്രന്ഥപ്പുരയിലേയ്ക്ക് ഒന്നുകൂടി ഊളിയിട്ടിറങ്ങാതിരിക്കാനാവുന്നില്ല.

സൂസന്നയുടെ ഗ്രന്ഥപ്പുര പേര് പോലെത്തന്നെ ഒരു ഗ്രന്ഥാലയത്തിലെത്തിയ അനുഭവമാണ് ആദ്യമാദ്യം തരിക. നീലകണ്ഠന്‍ പരമാരയുടെ കൃതിയും തേടി പോകുന്ന അലി എന്ന യുവാവ് ശരിക്കും ഏകാന്തതയുടെ ശരീരശാസ്ത്രം തന്നെയാണ് നോവലിലുടനീളം തന്റെ ആഖ്യാനത്തിലൂടെ വായനക്കാരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. സൂസന്ന എന്ന അസാമാന്യ സ്ത്രീത്വത്തെ പലരീതിയിലും സങ്കല്‍പിച്ചുനോക്കി. ഇത്രയധികം പുസ്തകശേഖരങ്ങളുള്ള ഒരു സ്ത്രീയോട് ഉണ്ടായേക്കാവുന്ന സഹജമായ അസൂയയോടെയാണ് സൂസന്നയെക്കുറിച്ച് അലി പറയുന്നത് കേട്ടത്. അത് വായിക്കുകയായിരുന്നില്ല, കേള്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഭാഷാപരമായ അത്ഭുതങ്ങളോ മലക്കംമറിച്ചിലുകളോ കൃതിയില്‍ ആവശ്യമില്ലെന്നുതന്നെ തോന്നി. കാരണം കഥാപാത്രങ്ങള്‍ക്കു പറയാനുള്ള മിതമായ വാക്കുകളേ സൂസന്നയുടെ ഗ്രന്ഥപ്പുരയില്‍ ഉണ്ടായിരുന്നുള്ളൂ. അനുഭവങ്ങള്‍ മനസില്‍പേറുന്നവരുടെ ഒരു ഘോഷയാത്രയായിരുന്നു നോവല്‍ വായനാനുഭവം.

susannayude granthappura
സൂസന്നയുടെ ഗ്രന്ഥപ്പുര വാങ്ങാം

അലിയും അഭിയും എന്നപോലെ എനിക്കു ദര്‍ശിക്കാനായ രണ്ട് പെണ്‍കുട്ടികളായിരുന്നു അമുദയും ഫാത്തിമയും. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഇടയിലെവിടെയോ ആ രണ്ടുജോടികളും പരസ്പരം ആശ്രയിക്കപ്പെട്ടിരുന്നു. അഭിയുടെ പ്രണയം അലിയില്‍ നിന്ന് മറച്ചുവെക്കപ്പെടുമ്പോള്‍ ഏതൊരാള്‍ക്കും പ്രണയമെന്നത് തികച്ചും സ്വാര്‍ഥപരമായ ഒന്നാണെന്ന സത്യം വിളിച്ചുപറയുകയാണ്. അമുദയെ കാണാതാവുന്നതിനു ശേഷം വായനതുടരുമ്പോള്‍ എവിടെയെങ്കിലും ഒരു മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുമായിരിക്കും എന്നു പ്രതീക്ഷിച്ചു. അതിനുള്ള സമയവും കടന്ന് വായന മുന്നോട്ടുനീങ്ങിയപ്പോള്‍ അമുദയെ തിരയാതിരിക്കാന്‍ സാധിച്ചില്ല. കോടാനുകോടി ജനങ്ങള്‍ക്കിടയില്‍ ഒറ്റയ്ക്കൊരു പെണ്‍കുട്ടി എവിടെപ്പോയി മറഞ്ഞിട്ടുണ്ടാവും?  അവള്‍ക്ക് അപകടം വല്ലതും പറ്റിയിരിക്കുമോ?  നിത്യവും കുടുംബത്തില്‍ നിന്നും പടിയിറങ്ങി മറഞ്ഞുപോകുന്ന എത്രയെത്ര പെണ്‍കുട്ടികള്‍... അമുദയും അവരിലൊരാളായി മാറിയപ്പോളും എന്തുകൊണ്ട് അവളെ അന്വേഷിച്ചു കണ്ടുപിടിക്കാനുള്ള തന്റേടമൊന്നും അലിയ്ക്കില്ലാതെ പോയി എന്നാലോചിക്കാതിരുന്നില്ല. പുസ്തകങ്ങളില്‍ ജീവിക്കുന്ന അലിയുടെത് പാസ്സീവ് മൈന്‍ഡ് ആണെന്ന് തോന്നി. അതോ അമുദയേക്കാള്‍ അയാള്‍ കൊടുത്ത കരുതല്‍ സൂസന്നയ്ക്കായിരിക്കുമോ?

ലൈംഗികതയെ ഒരു സസ്പെന്‍സായി നിര്‍ത്തിയിരിക്കുന്നു ഈ നോവല്‍. സെക്സ് എന്നത് ഒരു ഔദാര്യമാണ്, ഉപകാരമാണ്, മനുഷ്യത്വമാണ് എന്നൊക്കെ പറഞ്ഞു തന്നത് ഫാത്തിമയാണ്. അന്ധനായ സുഹൃത്ത് കൃഷ്ണന്‍ കാമമടക്കാന്‍ പാടുപെടുന്നതുകാണുമ്പോള്‍ ഫാത്തിമയുടെ മനുഷ്യത്വമാണ് അവിടെ ദര്‍ശിക്കാന്‍ കഴിയുന്നത്. തികച്ചും സാധാരണമായ ഒരു ജൈവപ്രക്രിയ പോലെ മാറിയിരിക്കുന്നു സെക്സ് ഫാത്തിമയെ സംബന്ധിച്ചിടത്തോളം. കൃഷ്ണന് വേണ്ടത് സൗഹൃദമല്ല രതിയാണ് എന്ന് തിരിച്ചറിയുന്ന ഫാത്തിമ തികച്ചും മനുഷ്യത്വപരമായാണ് അയാളുമായി വേഴ്ചയിലേര്‍പ്പെടുന്നത്.

സെക്സിന്റെ കാര്യം പറയുമ്പോള്‍ ജലയോടാണ് ആരാധന തോന്നുന്നത്. വെള്ളത്തൂവല്‍ ചന്ദ്രന്‍ എന്ന പുരുഷനെ അയാളുടെ വഴിക്ക് വിടുമ്പോള്‍ സ്ത്രീസഹജമായ ഒരുവികാരവും അവള്‍ക്കില്ല. ജീവിതാനുഭവങ്ങളുടെ കുത്തൊഴുക്കില്‍ വൈകാരികത എന്ന വാക്കിന് വലിയ സാധ്യതയൊന്നുമില്ലെന്നാണ് ജല എന്ന സാധാരണ സ്ത്രീ പഠിപ്പിക്കുന്നത്. ഉണ്ണുന്നതുപോലെ, ഉറങ്ങുന്നതുപോലെ രതിയും വെറുമൊരു പതിവുപരിപാടി എന്നതിനപ്പുറം ജലയ്ക്ക് ഭാവനാസമ്പന്നമായ, പാട്ടുകളുടെ അകമ്പടിയുള്ള, അതിദീര്‍ഘമായ വിവരണങ്ങളോടുകൂടിയ ഒരനുഭവമൊന്നുമല്ല. ഒരുപക്ഷേ വളരെ സാധാരണക്കാരായ സ്ത്രീകള്‍ക്കുമാത്രം സമൂഹത്തില്‍ സാധ്യമായ ഒന്നാണിത്. അതുപോലെ തന്നെ സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ട സ്ത്രീകള്‍ക്കും.സാമ്പത്തികമായും ശാരീരികമായും ഈ രണ്ടുകൂട്ടരും സ്വതന്ത്രരാണ്. താഴെത്തട്ടിലുളളവര്‍ അന്നന്ന് പണിയെടുത്ത കാശ് തങ്ങളുടെ കൈകൊണ്ടുതന്നെ ചിലവഴിക്കുന്നു, ഉയര്‍ന്ന തട്ടിലുള്ളവര്‍ തങ്ങള്‍ക്കു വന്നുചേരുന്ന പണം സ്വതന്ത്രമായി ചെലവഴിക്കാന്‍ ശേഷിയുള്ളവരാകുന്നു. ഇതിനിടയിലുള്ള ഭൂരിഭാഗം സ്ത്രീകളാവട്ടെ അധ്വാനിക്കുന്ന പണം പിതൃമേധാവിത്തകുടുംബത്തില്‍ കൃത്യമായി ഏല്‍പിക്കാന്‍ ബാധ്യസ്ഥരാവുന്നു. വെള്ളത്തൂവല്‍ ചന്ദ്രന്‍ നല്ല വായനക്കാരനാണ്. തികച്ചും അപരിഷ്‌കൃതമായ ചുറ്റുപാടില്‍ ജീവിക്കുന്ന കഥയും കഥാപാത്രങ്ങളും എന്തെന്നറിയാത്ത ജലയോടൊപ്പം അയാള്‍ താമസിക്കുന്നുണ്ട്, ഒരു ഇടവേളയ്ക്കെന്നപോലെ. രണ്ടുകൂട്ടരുടെയും ചെയ്തികള്‍ അവര്‍ക്ക് പരസ്പരം വിരസമായതാണ്. ജല അധ്വാനിക്കാന്‍ പോകുന്നു, ചന്ദ്രന് അക്കാര്യം തന്റെ ജീവിതത്തില്‍ ഇഷ്ടമില്ലാത്തതാണ്. ചന്ദ്രന്‍ വായിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ജലയ്ക്ക് അതത്ര രസമുള്ള കാര്യവുമല്ല.

സൂസന്നയുടെ സെക്സ് എത്തരത്തിലാണ് അലി പറയുക എന്നതായിരുന്നു അടുത്ത ആശങ്ക. എന്തുകൊണ്ടോ അവളുടെ രതി വെളിപ്പെടരുതേ എന്നാണ് ആഗ്രഹിച്ചത്. ഭാവനയിലെ അവളുടെ രൂപത്തിന് നല്ല ഉയരമുണ്ടായിരുന്നു. വായനയുടെ അഗാധതലങ്ങള്‍ അലട്ടുന്ന, ചിന്തകള്‍ പേറുന്ന കണ്ണുകളായിരുന്നു അവള്‍ക്ക്. ഇരുണ്ടനിറക്കാരിയായിരുന്നു. ഇടയ്ക്കെവിടെയൊക്കെയോ സ്വയം പതറിപ്പോകുന്ന ഒരു സ്വഭാവം കൂടി ഞാന്‍ സൂസന്നയ്ക്കുമേല്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അവള്‍ സാരി ഉടുക്കുന്ന വിധം മനസ്സില്‍ രൂപപ്പെടുത്തി നോക്കി. സൂസന്ന പൊട്ടുതൊടാറില്ല എന്നറിഞ്ഞപ്പോള്‍ ഇച്ഛാഭംഗം തോന്നി. എന്റെ സൂസന്ന വലിയവട്ടപ്പൊട്ടുകളോടുകൂടിയവളായിരുന്നു. അലി അതിനിഗൂഢമായി അവളുടെ മനസ്സില്‍ ഇടം തേടിയിട്ടുണ്ടെന്നും അവര്‍ തമ്മില്‍ പരസ്പരാദരവോടുകൂടിയ ഒരു രതി നടന്നിട്ടുണ്ടെന്നും പറയാന്‍ എന്റെ അതിവായന പ്രേരിപ്പിക്കുന്നു. സൂസന്നയുടെ ഗ്രന്ഥപ്പുരയുടെ അതിവായനാസാധ്യതയെപ്പറ്റി നിരൂപകന്‍ റഫീക് ഇബ്രാഹിം പറഞ്ഞതോര്‍മ്മവരുന്നു; തീര്‍ച്ചയായും ഒരു പേനയും നോട്ട്ബുക്കും കൊണ്ടുവേണം ഈ നോവല്‍ വായിക്കാനിരിക്കാന്‍. പയ്യെപ്പയ്യെ പേജുകള്‍ മറിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നത് അതിവായന ആയിരിക്കും.

അനാട്ടമി ഓഫ് മെലങ്കൊളി എന്ന പുസ്തകമന്വേഷിക്കാന്‍ കാരണമെന്തായിരിക്കും? അലി ഈ ഒരു പുസ്തകമന്വേഷിച്ച് ഇത്രയും കാലം അലയുന്നതെന്തിനായിരിക്കും?  അതിനുമാത്രം എന്താണ് ആ പുസ്തകത്തിലുളളത്? എന്തു രഹസ്യമൊളിപ്പിക്കാനാണ് സൂസന്ന ഒറ്റപ്പകലുകൊണ്ട് അത്രയും പുസ്തകങ്ങള്‍ കത്തിക്കരിച്ചുകളഞ്ഞത്? അവള്‍ മരിച്ചുപോയല്ലോ, നിഗൂഢതകള്‍ സ്ത്രീകള്‍ക്ക് പുത്തരിയല്ല. എങ്കിലും സൂസന്നാ, നിങ്ങള്‍ അവശേഷിപ്പിക്കുന്നത് നിഗൂഢതകള്‍ മാത്രമാണ്!

കഥകള്‍ക്ക് നിറങ്ങളുണ്ടെങ്കില്‍ സൂസന്നയുടെ ഗ്രന്ഥപ്പുരയുടെ നിറം സെപ്പിയ ആണ്. അതിന് മണമുണ്ടെങ്കില്‍ അത് ഗ്രാമീണഗ്രന്ഥാലയത്തിലെ പുസ്തകക്കൂട്ടങ്ങളുടെ മണമാണ്. താളുകള്‍ക്കിടയിലൂടെ ഇടയ്ക്കോടിപ്പോകുന്ന സില്‍വര്‍ഫിഷുകള്‍ ഇതൊക്കെ ഇനിയും വായിച്ചില്ലേ എന്ന ഭാവത്തോടുകൂടി ഒന്നുതിരിഞ്ഞുനോക്കുന്നതും കാണാം. അലി ഇപ്പോളും ഒരു ഡിപ്രഷന്‍ കൊണ്ടുനടക്കുന്നുണ്ട്. കയ്യെത്തും ദൂരത്ത് എത്തിയിട്ടും എല്ലാം അലിയില്‍ നിന്നും വഴിമാറിപ്പോകുന്നു. അയാളൊരു സ്വപ്നജീവിയാണ്. ജീവിതത്തില്‍ സ്വന്തമായൊരുപെണ്ണുപോലുമില്ലാത്ത അലിയോടാണെന്റെ അലിവ്.

സൂസന്നയുടെ ഗ്രന്ഥപ്പുര വാങ്ങാം

Content Highlights: Susannayude Granthappura Ajay P Mangattu