ഴയവാഹനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വിന്റേജ് രജിസ്ട്രേഷന് അര്‍ഹതയുള്ളത് 50 വര്‍ഷം പഴക്കമുള്ള ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും മാത്രം. ലോറി, ബസ്, മിനിവാനുകള്‍, മുച്ചക്രവാഹനങ്ങള്‍ തുടങ്ങി സംരക്ഷിക്കപ്പെടേണ്ട പല വാഹനങ്ങളും പട്ടികയ്ക്ക് പുറത്താണ്. വിന്റേജ് രജിസ്ട്രേഷന്റെ സംരക്ഷണമില്ലെങ്കില്‍ പഴയവാഹനങ്ങളുടെ പൊളിക്കല്‍ നിയമപ്രകാരം ഇവയൊക്കെ നശിപ്പിക്കേണ്ടിവരും.

കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം വാണിജ്യവാഹനങ്ങളൊന്നും വിന്റേജ് വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. വാണിജ്യ ഉപയോഗമില്ലെങ്കിലും ഇവ സംരക്ഷിക്കേണ്ടവയാണ്. സിനിമാ ഷൂട്ടിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന വിവിധതരം പഴയവാഹനങ്ങളുണ്ട്. ഇവയ്ക്ക് പുതിയ നിയമം സംരക്ഷണമേകില്ല.

15 വര്‍ഷം കഴിയുന്ന വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എതെങ്കിലും തരത്തില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിന്റേജ് രജിസ്ട്രേഷന് അര്‍ഹതയുണ്ടാകില്ല. നിലവിലെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. 

20,000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. പത്തുവര്‍ഷമാണ് കാലാവധി. രജിസ്ടേഷന്‍ പുതുക്കണമെങ്കില്‍ 5000 രൂപ അടയ്ക്കണം. സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് 'വി.എ.കെ.എല്‍.' എന്നാകും നമ്പര്‍ ആരംഭിക്കുക. ഇതില്‍ 'വി.എ.' വിന്റേജിന്റെയും 'കെ.എല്‍.' സംസ്ഥാനത്തിന്റെയും കോഡാണ്. വിന്റേജ് രജിസ്ട്രേഷന്‍ നമ്പറിനൊപ്പം പഴയ രജിസ്ട്രേഷന്‍ നമ്പറും വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം.

പുതിയ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഇത്തരം വാഹനങ്ങള്‍ക്ക് ബാധകമല്ല. ഇറക്കുമതിചെയ്ത വാഹനങ്ങള്‍ക്കും വിന്റേജ് രജിസ്ട്രേഷന്‍ ലഭിക്കും. റാലികള്‍, പ്രദര്‍ശനങ്ങള്‍, അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ എന്നിവയ്ക്ക് മാത്രമേ വാഹനങ്ങള്‍ പൊതുനിരത്തില്‍ ഓടിക്കാവൂ. ഉടമസ്ഥാവകാശ കൈമാറ്റം അനുവദിക്കും.

Content Highlights; Vintage Car Registration, Old Commercial Vehicle Is Not Considered As Vintage Vehicle