ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും നാളെ മുതല്‍ (നവംബര്‍ ഒന്ന്) സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം. കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നാണ് ഗതാഗതമന്ത്രി മുമ്പ് അറിയിച്ചിരുന്നത്. സെപ്റ്റംബര്‍ മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ്‌ ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിനല്‍കിയത്. 

To advertise here,

സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 5200 കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒക്ടോബര്‍ 31-നുള്ളില്‍ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ്‌ ബെല്‍റ്റ് ഉറപ്പാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും സഹായിക്കും സീറ്റ്‌ ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ഇതിനെതിരേ പല കോണുകളില്‍നിന്നും പ്രതിഷേധവും ഉയര്‍ന്നിരുന്നു.

കേന്ദ്രനിയമമനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍നിന്ന് പിഴയീടാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവർക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവര്‍ സീറ്റിലുമാണ് ബെല്‍റ്റ് ഉറപ്പാക്കേണ്ടത്. 

ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി നവംബര്‍ ഒന്നാം തീയതി മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമം ബാധകമാകുന്ന തരത്തില്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. കൂടെ മുന്‍നിരയില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നാണ് ഗതാഗതമന്ത്രി ഉത്തരവില്‍ പറയുന്നത്. പുതുതായി എത്തിയ സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള ബസുകളില്‍ സീറ്റ് ബെല്‍റ്റുകള്‍ നല്‍കിയാണ് എത്തിയിട്ടുള്ളത്. 

ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഒഴികെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ നിഷ്‌കകര്‍ഷിച്ചിട്ടുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി തന്നെ ഇവ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ എ.ഐ. ക്യാമറയില്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗതാഗത കമ്മിഷണറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണാണ് ഈ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് സൂചന.