തലയോലപ്പറമ്പ്: അമിതവേഗത്തിൽ എത്തിയ സ്വകാര്യബസ് തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകീട്ട് വയോധികയുടെ കാലിലൂടെ കയറിയിറങ്ങി അപകടം നടന്നതോടെ പരിശോധനയുമായി മോട്ടോർവാഹനവകുപ്പ് രംഗത്ത്. രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് 100-ൽ അധികം ബസുകൾ പരിശോധിച്ചതിൽ 64 ബസുകൾക്കെതിരേ നടപടി സ്വീകരിച്ചു. 75,000 രൂപ പിഴയായി ലഭിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

To advertise here,

ഗുരുതരമായ ക്രമക്കേടുകളാണ് ബസുകളിൽ കണ്ടെത്തിയതെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ 10 ബസ്, സ്പീഡ് ഗവർണർ പ്രവർത്തിക്കാത്ത 10 ബസ്, എയർ ഹോൺ ഘടിപ്പിച്ച മൂന്ന് ബസ്, ട്രിപ്പ് ഇടയ്ക്കു നിർത്തിയ നാല് ബസ്, വാതിൽ മതിയായ രീതിയിൽ പ്രവർത്തിക്കാത്ത മൂന്ന് ബസ് എന്നിവയ്‌ക്കെതിരേയും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ജീവനക്കാർ യൂണിഫോം ധരിക്കാത്തത്, കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതിനും ഉൾപ്പെടെയാണ് പിഴ ചുമത്തിയത്.

തലയോലപ്പറമ്പ് സ്റ്റാൻഡിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ചില ബസുകൾ സ്റ്റാൻഡിലേക്കുള്ള വരവ് ഒഴിവാക്കി പള്ളിക്കവലയിൽനിന്ന് കോട്ടയം, എറണാകുളം ഭാഗത്തേക്കുപോയി.

തുടർന്ന് ഉദ്യോഗസ്ഥർ പള്ളിക്കവലയിൽ എത്തി പരിശോധന നടത്തി. കോട്ടയം എൻഫോഴ്സ്‌മെന്റ് ആർടിഒ കെ.ഷിബുവിന്റെ നിർദേശം അനുസരിച്ച് എംവിഐ എം.കെ.മനോജ്കുമാർ, പി.ജി.സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കോട്ടയം-എറണാകുളം റോഡിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസുകളെക്കുറിച്ച് ഒരു ദിവസം ശരാശരി ഒരു പരാതിയെങ്കിലും തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ വരാറുണ്ട്. അസഭ്യംവിളിച്ചു, ജീവനക്കാർ മോശമായി പെരുമാറി, മറ്റു വാഹനങ്ങളിലെ യാത്രക്കാരെ ഭീഷണിപ്പെടുത്തി തുടങ്ങിയ പരാതികളാണ് ഏറെയെന്ന് പോലീസുകാർ പറഞ്ഞു.

എന്നാൽ, പരാതികളിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ പോലീസ് വേണ്ടത്ര ശ്രമം നടത്താറില്ലെന്നാണ് ആരോപണം. മോട്ടോർവാഹനവകുപ്പിലും പരാതി നൽകിയാലും വേണ്ട നടപടി ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം.

പരിശോധന നേരത്തേ നടത്തേണ്ടിയിരുന്നു

സ്വകാര്യബസുകളുടെ അമിതവേഗത്തിനെതിരേ പോലീസും മോട്ടോർ വാഹനവകുപ്പും നേരത്തേ പരിശോധന നടത്തേണ്ടിയിരുന്നു. അപകടം നടക്കുമ്പോൾ മാത്രമാണ് പരിശോധന നടത്തുന്നത്. പരാതി ലഭിച്ചാൽപോലും പരിശോധന നടത്താൻ അധികൃതർ തയ്യാറാകുന്നില്ല.

-ഗോപാലകൃഷ്ണൻനായർ, മാനാംപള്ളി, ആപ്പാഞ്ചിറ.

ഹമ്പ് പുനഃസ്ഥാപിക്കണം

അമിത വേഗത്തിലാണ് ബസുകൾ തലയോലപ്പറമ്പ് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ഹമ്പ് ഉണ്ടായിരുന്നു. അത് നീക്കംചെയ്തതോടെ എളുപ്പത്തിൽ വാഹനങ്ങൾ തിരിഞ്ഞു കയറുകയാണ്. യാത്രക്കാർ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. ഹമ്പ് പുനഃസ്ഥാപിക്കുകയും ബസുകളുടെ അമിതവേഗം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണം.

-അൻസാരി ഹംസ, ഇലവുംമൂട്ടിൽ, മറവൻതുരുത്ത്