വാഹനം പഴയതാണെന്ന പരിഭവം വേണ്ട, പുതിയ എന്‍ജിന്‍ ഘടിപ്പിക്കാം. ഷാസി പഴഞ്ചനാണെങ്കില്‍ അതുമാറ്റാം. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പ്രകൃതിവാതകത്തിലേക്കും വൈദ്യുതിയിലേക്കും മാറ്റാം. അംഗീകാരമുള്ള കിറ്റ് ഉപയോഗിക്കണമെന്ന് മാത്രം. 

To advertise here,

അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം ഉള്‍പ്പെടെ അപേക്ഷനല്‍കിയാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കും. ഇതുള്‍പ്പെടെ വാഹനങ്ങളില്‍ അനുവദനീയമായ മോടിപിടിപ്പിക്കലുകള്‍ക്കുള്ള (ഓള്‍ട്ടറേഷന്‍) മാര്‍ഗനിര്‍ദേശങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് പരസ്യപ്പെടുത്തി. അതേകമ്പനിയുടെ എന്‍ജിനും ഷാസിയും മാറ്റിവെക്കാനാണ് അനുമതി.

ഇവ അനുവദിക്കില്ല

റോഡ് സുരക്ഷയെ ബാധിക്കാനിടയുള്ള മോടിപിടിപ്പിക്കല്‍, ടയര്‍ അളവ്, ലൈറ്റ്സ്, അളവുകള്‍, ടയറില്‍ നിന്നും മുന്നിലേക്കും പിന്നിലേക്കുള്ള തള്ളിനില്‍ക്കുന്ന ഭാഗം (ഓവര്‍ഹാങ്), ബ്രേക്ക്, സ്റ്റിയറിങ്, സൈലന്‍സര്‍ എന്നിവയിലെ മാറ്റം.

അനുമതിയുള്ളവ

അടിസ്ഥാന മോഡലില്‍ വാഹനനിര്‍മാതാവ് നിഷ്‌കര്‍ഷിച്ചുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള നവീകരണം. സ്‌കൂള്‍ ബസുകളുടെ ഉള്‍വശം സ്‌കൂള്‍കുട്ടികള്‍ക്ക് സൗകര്യപ്രദമായവിധം മാനദണ്ഡംപാലിച്ച് മാറ്റംവരുത്താം.

കാരവനുകള്‍ക്ക് ഇളവ്

മൂന്നുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ കാരവാനായി മാറ്റാം. ബോഡികോഡ് പാലിക്കേണ്ടതില്ല. പകരം സൗണ്ട് എന്‍ജിനിയറിങ് പ്രാക്ടീസ് അനുസരിച്ച് മോട്ടോര്‍വാഹന നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. സസ്‌പെന്‍ഷന്‍, ബ്രേക്ക്, ഇന്ധനസംവിധാനം, ഷാസി എന്നിവയില്‍ മാറ്റം വരുത്തരുത്. 

മൂന്നുവര്‍ഷത്തില്‍താഴെ പഴക്കമുള്ള വാഹനങ്ങള്‍ കാരവനാക്കുകയാണെങ്കില്‍ ബോഡി കോഡ് പാലിക്കണം. അംഗീകൃത ഫാക്ടറികളില്‍മാത്രമേ പുതിയ വാഹനങ്ങള്‍ നിര്‍മിക്കാനാകൂ. കേടായ വാഹനങ്ങള്‍ നീക്കുന്ന റിക്കവറി വാഹനങ്ങള്‍ നിര്‍മിക്കാനും അനുമതിനല്‍കി. നിലവിലുള്ള വാഹനങ്ങളുടെ ചേസിസില്‍ മാറ്റം വരുത്താതെ ഇവ നിര്‍മിക്കാം.