
വാഹനങ്ങള്‍ക്കുള്ള അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് മോട്ടോര്‍വാഹനവകുപ്പ് സ്വന്തമായി നിര്‍മിക്കും. എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലാണ് നിര്‍മാണകേന്ദ്രം സ്ഥാപിക്കുക. യന്ത്രസാമഗ്രികള്‍ക്കായി ടെന്‍ഡര്‍ വിളിച്ചു. ആന്റണി രാജു ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ അനുമതി നല്‍കിയ പദ്ധതിയുമായിട്ടാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് മുന്നോട്ടുപോകുന്നത്.
പദ്ധതിയോട് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ താത്പര്യം കാണിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതി നേരത്തേ ലഭിച്ചിട്ടുള്ളതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു.
കേന്ദ്രനിയമപ്രകാരം 2019 ഏപ്രില്‍മുതല്‍ പഴയവാഹനങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങളുള്ള നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാണ്. 1.80 കോടി വാഹനങ്ങളുള്ള സംസ്ഥാനത്തെ നമ്പര്‍പ്ലേറ്റ് വിപണി ലക്ഷ്യമാക്കി വന്‍കിട കമ്പനികളും ഇതരസംസ്ഥാന കമ്പനികളും രംഗത്തുള്ള പശ്ചാത്തലത്തിലാണ് സ്വന്തം നിര്‍മാണയൂണിറ്റ് തുടങ്ങാന്‍ മോട്ടോര്‍വാഹനവകുപ്പിന് അനുമതി നല്‍കിയത്.
പഴയവാഹനങ്ങളെല്ലാം നമ്പര്‍ പ്ലേറ്റ് മാറ്റുമ്പോള്‍, കുറഞ്ഞത് 1000 കോടി രൂപയുടെ വിപണിസാധ്യതയുണ്ട്. കേന്ദ്രനിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി നമ്പര്‍പ്ലേറ്റ് നിര്‍മിക്കാം. അല്ലെങ്കില്‍ അംഗീകാരമുള്ള കമ്പനികള്‍ക്കെല്ലാം പ്രവര്‍ത്തനാനുമതി നല്‍കുകയോ കുറഞ്ഞ തുക വാഗ്ദാനംചെയ്യുന്ന കമ്പനിക്ക് കുത്തകാവകാശം നല്‍കുകയോചെയ്യാം. ഇത് രണ്ടും വിവാദത്തിന് ഇടയാക്കുമെന്നതുകൊണ്ടാണ് ആദ്യവഴി തേടുന്നത്.
അതേസമയം ടെന്‍ഡറില്‍ സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കിയത് പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. യന്ത്രങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ക്ഷണിക്കുന്നതിനുപകരം പ്രിന്റിങ് യൂണിറ്റ് സജ്ജീകരിക്കാന്‍ ടെന്‍ഡര്‍ വിളിച്ചത് സ്വകാര്യ പങ്കാളിത്തമാണെന്നും ആരോപണമുണ്ട്.
വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ്, വേഗപ്പൂട്ട് എന്നിവയുടെ വിതരണം അംഗീകൃത കമ്പനികള്‍ക്ക് നല്‍കിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Content Highlights: Motor vehicle department begins High security number plate making unit
Published: 27 Jul 2024, 11:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented