
തിരുവനന്തപുരം: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന ആര്‍പികെ 125 സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജെ. ജയേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറാണ് ജയേഷ്.
കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും ശനിയാഴ്ച പുറപ്പെട്ട ബസ് ഞായറാഴ്ച രാവിലെയാണ് ചുരം കയറിയത്. ഈ സമയം ജയേഷ് ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമാം വിധമാണ് ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു യാത്രക്കാരനാണ് പകര്‍ത്തിയതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്.
വീഡിയോ വൈറലായതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തി. ജയേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് ഉണ്ടായതെന്ന് വിജിലന്‍സ് കണ്ടെത്തി. യാതൊരു തരത്തിലും നീതികരിക്കാനാകാത്ത പ്രവൃത്തിയിലൂടെ കെഎസ്ആര്‍ടിസിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് പറഞ്ഞാണ് ജയേഷിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ തങ്ങള്‍ക്ക് ഏറെ പ്രാധാന്യമേറിയതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഇനിയും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവൃത്തികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെഭാഗത്ത് നിന്ന് ഉണ്ടാകുന്നപക്ഷം കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
Content Highlights: KSRTC suspends SWIFT driver for talking over mobile phone while driving, after video goes viral
Published: 26 May 2025, 06:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented